‘സംഘിപട്ടത്തിൽ പേടിയില്ല! തൃശൂർ മാത്രമല്ല, കേരളം മുഴുവനും മാറും..’ – സുരേഷ് ഗോപിയുടെ വിജയത്തിൽ പ്രതികരിച്ച് ടിനി ടോം

തൃശ്ശൂരിലെ സുരേഷ് ഗോപിയുടെ വിജയത്തിന് പിന്നാലെ സിനിമ മേഖലയിൽ നിന്നുള്ളവരുടെ അദ്ദേഹത്തിനുള്ള സപ്പോർട്ട് പരസ്യമായി തുറന്ന് പറയുകയാണ് പലരും. എങ്കിൽ ആദ്യം മുതൽ സുരേഷ് ഗോപി വിജയിക്കണമെന്ന് ആഗ്രഹമുണ്ടെന്ന് തുറന്ന് പറഞ്ഞിട്ടുള്ള ഒരാളാണ് നടൻ ടിനി ടോം. എറണാകുളത്ത് എയർപോർട്ടിൽ എത്തിയ സുരേഷ് ഗോപിയെ സ്വീകരിക്കാൻ വേണ്ടി ടിനി ടോമും എത്തിയിരുന്നു. സുരേഷ് ഗോപിയെ പൊന്നാട അണിയിച്ചാണ് ടിനി ടോം സ്വീകരിച്ചത്.

സുരേഷ് ഗോപിയുടെ വിജയത്തെ കുറിച്ച് മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. “അദ്ദേഹമായിട്ടുള്ള സൗഹൃദം നിങ്ങൾക്ക് അറിയാമല്ലോ.. അദ്ദേഹം ഇതിന് മുമ്പ് രണ്ട് തവണ തോറ്റപ്പോഴും അദ്ദേഹത്തിന്റെ മാനുഷികമായ പ്രവർത്തനങ്ങൾക്ക് ഞാൻ കൂടെ നിന്നിട്ടുണ്ട്. അത് അദ്ദേഹത്തെ സത്യസന്ധമായിട്ട് മനസ്സിലാക്കിയിട്ടുള്ളതുകൊണ്ടാണ്. നല്ല നടൻ, നല്ല നേതാവ് എന്നൊക്കെ ഉണ്ടാകും! പക്ഷേ നല്ല മനുഷ്യൻ എന്ന് പറഞ്ഞാൽ എനിക്ക് അത് സുരേഷ് ഗോപിയാണ്.

അതുകൊണ്ട് തന്നെയാണ് കൂടെ നിന്നതും. ഇനി അദ്ദേഹത്തെ കിട്ടുമോ എന്നറിയില്ല. കാരണം ഇന്ത്യ മുഴുവനും അദ്ദേഹത്തിന് നോക്കേണ്ടി വരും. വരട്ടെ നല്ല മനുഷ്യർ വരട്ടെ.. എന്റെ കുറെ ബന്ധുക്കൾ തൃശൂരുണ്ട്. അവിടുത്തെ ബിഷപ്പായിട്ട് എനിക്ക് അടുത്ത ബന്ധമുണ്ട്. അവരുടെയും സ്ത്രീകളുടേയുമൊക്കെ ഒരു ഇഷ്ടകഥാപാത്രമാണ്. അവര് പറയുന്നത്, അദ്ദേഹം കൈയിൽ നിന്ന് കാശ് എടുത്ത് ചെയ്യുന്നത് അവർ കണ്ടിട്ടുണ്ട്. അപ്പോൾ ഒരു എംപിയായി കഴിഞ്ഞാൽ ചെയ്യാൻ പോകുന്നത് എന്താണെന്ന് അറിയാമല്ലോ!

ഈ അഞ്ച് വർഷം കൊണ്ടുവരുന്ന മാറ്റം തന്നെ നോക്കാം.. തൃശൂർ മാത്രമല്ല, കേരളം മുഴുവനും മാറും! എന്തുകൊണ്ടാണ് ഒരുപാട് സിനിമ താരങ്ങൾ ആശംസകൾ നേർന്ന് പോസ്റ്റ് ഇടാത്തത് എന്നറിയില്ല. അതൊക്കെ വ്യക്തിപരമാണല്ലോ! എനിക്ക് ഒരു സംഘിപട്ടം കിട്ടുമോ എന്നൊരു പേടി ഒന്നുമില്ല. പണ്ട് മുതലേ സുരേഷ് ഗോപിയെ താങ്ങുന്നവൻ എന്നൊരു പേര് എനിക്കുണ്ട്. എനിക്ക് അതുകൊണ്ട് സിനിമയിലെ വർക്ക് ഒന്നും കുറഞ്ഞിട്ടില്ല.

നല്ലയൊരു മനുഷ്യനെയല്ലേ നമ്മൾ സപ്പോർട്ട് ചെയ്യുന്നത്. ഇഷ്ടമുള്ളവർ ഇടട്ടെ.. അദ്ദേഹം ഇലക്ഷൻ പ്രചാരണത്തിന് പോലും ആരെയും വിളിച്ചിട്ടുണ്ടായിരുന്നില്ല. അദ്ദേഹത്തിന് എംപി സ്ഥാനം ഇല്ലാതിരുന്നപ്പോഴും പല സഹായങ്ങൾ ചെയ്തിട്ടുണ്ട്. മറ്റൊന്നും വേണ്ട, നന്മ മാത്രം ചെയ്താൽ മതി നമ്മുക്ക് ഉയർച്ച ഉണ്ടാകുമെന്ന വിശ്വാസമാണ് അദ്ദേഹത്തിന്റെ വിജയം..”, ഇതായിരുന്നു ടിനി ടോം അദ്ദേഹത്തെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിയപ്പോൾ മാധ്യമങ്ങളോട് സംസാരിച്ചത്.