‘ഇത്രയും കളക്ഷൻ ആരെങ്കിലും പ്രതീക്ഷിച്ചോ! ദി കേരള സ്റ്റോറി ബ്ലോക്ക്ബസ്റ്ററിലേക്ക്..’ – വിശ്വസിക്കാൻ ആകാതെ മലയാളികൾ

കേരളത്തിൽ അധികം തിയേറ്ററുകളിൽ ഇറങ്ങിയില്ലെങ്കിലും ഹിന്ദി ചിത്രമായ ‘ദി കേരള സ്റ്റോറി’ക്ക് റെക്കോർഡ് കളക്ഷനാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കുറഞ്ഞ ബഡ്ജറ്റിൽ എടുത്ത ഒരു സിനിമ ആയതുകൊണ്ട് തന്നെ ഇത്രയും കളക്ഷൻ കിട്ടുമെന്ന് ഒരുപക്ഷേ ആരും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. സിനിമ നൂറ് കോടി ക്ലബ്ബിൽ കയറി ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക് പോയികൊണ്ടിരിക്കുകയാണ് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

രണ്ട് ആഴ്ച കഴിഞ്ഞപ്പോൾ 136 കോടി രൂപയാണ് ദി കേരള സ്റ്റോറി നേടിയിരിക്കുന്നതെന്ന് ട്രേഡ് അനലിസ്റ്റായ തരൺ ആദർശ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ഈ കഴിഞ്ഞ വെള്ളി മുതൽ ഞായർ വരെ മാത്രം ഹാഫ് സെഞ്ചുറി അടിച്ചെന്നും പുള്ളി പുറത്തുവിട്ടിട്ടുണ്ട്. 55 കോടിയാണ് ഈ മൂന്ന് ദിവസങ്ങൾ കൊണ്ട് സിനിമ നേടിയത്. 15-20 കോടി രൂപയാണ് സിനിമയുടെ ബഡ്ജറ്റ്. മെയ് അഞ്ചിനാണ് സിനിമ തിയേറ്ററുകളിൽ റിലീസ് ചെയ്തത്.

ഈ വെള്ളി 12 കോടിയും ശനി 19 കോടിയും ഞായർ ദിവസം 24 കോടിയുമാണ് സിനിമ നേടിയത്. സിനിമ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ദിവസമായിരുന്നു ഈ കഴിഞ്ഞ ഞായറഴ്ച. വരും ദിവസങ്ങളിൽ ഇതേ മുന്നേറ്റമുണ്ടായാൽ 150, 200 കോടി ക്ലബുകളിലും സിനിമ ഇടംപിടിക്കുമെന്ന് ട്രേഡ് അനലിസ്റ്റായ തരൺ ആദർശ് സൂചിപ്പിച്ചിട്ടുണ്ട്. അദ ശർമ്മ പ്രധാന വേഷത്തിൽ എത്തുന്ന സിനിമയുടെ സംവിധായകൻ സുദിപ്തോ സെൻ ആണ്.

ഏറെ വിവാദങ്ങൾ ഉണ്ടായ സിനിമയായിരുന്നു ദി കേരള സ്റ്റോറി. വ്യാജമായ കണക്കുകൾ കാണിച്ചെന്ന് ആരോപിച്ചാണ് കേരളത്തിലെ ഇടത്-വലത് മുന്നണികൾ സിനിമ കേരളത്തിൽ ബഹിഷ്കരിക്കുമെന്ന് പറഞ്ഞത്. കേരളത്തിൽ ഇത്രയും പ്രതിഷേധങ്ങൾ ഉണ്ടായെങ്കിലും നോർത്ത് ഇന്ത്യയിൽ വലിയ രീതിയിൽ സിനിമയ്ക്ക് പ്രേക്ഷകരെ ലഭിച്ചു. അതുകൊണ്ട് കൂടിയാണ് സിനിമ വേഗത്തിൽ തന്നെ 100 കോടി ക്ലബിൽ ഇടംപിടിച്ചത്.