‘തമിഴ് സംവിധായകരോട് 32 വർഷം യാചിച്ചു, നല്ല ഒരു വേഷം നൽകാൻ മലയാളി വേണ്ടിവന്നു..’ – കണ്ണീരോടെ മഞ്ഞുമ്മലിലെ പോലീസുകാരൻ

ചിദംബരം സംവിധാനം ചെയ്ത ‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന സിനിമ കണ്ടവർ ആരും മറക്കാത്ത ഒരു പോലീസ് കഥാപാത്രം ഉണ്ടായിരുന്നു. തമിഴ് പൊലീസുകാരനായി ആ വേഷത്തിൽ അഭിനയിച്ചത് വിജയ് മുത്തു എന്ന തമിഴ് നടനാണ്. ഗംഭീര പ്രകടനം തന്നെയാണ് വിജയ് മുത്തു കാഴ്ചവച്ചത്. ഇപ്പോഴിതാ ഒരു നല്ല കഥാപാത്രത്തിന് വേണ്ടി തനിക്ക് 32 വർഷം കാത്തിരിക്കേണ്ടി വന്നുവെന്നും തമിഴിലെ സംവിധായകരോട് ഒരു നല്ല വേഷത്തിന് വേണ്ടി യാചിച്ചിട്ടുണ്ടെന്നും പക്ഷേ ഒടുവിൽ ഒരു മലയാളി സംവിധായകൻ വേണ്ടി വന്നുവെന്നും വിജയ് മുത്തു ഒരു അഭിമുഖത്തിൽ പങ്കുവച്ചിരിക്കുകയാണ്.

“എല്ലാവരും പഠിത്തമൊക്കെ കഴിഞ്ഞ് സിനിമയിൽ വരുന്നവരാണ്. ഞാൻ പഠിക്കാതെ പന്ത്രണ്ടാം വയസ്സിൽ സിനിമയിൽ വന്ന ഒരാളാണ്. ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. തമിഴിൽ ഞാൻ കാണാത്ത, അഭിനയിക്കാത്ത സംവിധായകരില്ല. എല്ലാവരോടും ഞാൻ കെഞ്ചിപ്പറഞ്ഞിട്ടുണ്ട്, ഒരു നല്ല വേഷം തരുമോ എന്നത്. ആരും തന്നിട്ടില്ല, കിട്ടിയില്ല! ഇപ്പോൾ എനിക്ക് ഒരു മലയാളി സംവിധായകൻ നല്ലയൊരു വേഷം തന്നിരിക്കുന്നു.

സിനിമ കണ്ട മലയാളികളോട് എല്ലാം എനിക്ക് നന്ദിയുണ്ട്.. മരിക്കുന്നതിന് മുമ്പ് എന്ത് സമ്പാദിച്ചു എന്നുള്ളതല്ല എന്റെ കാര്യം.. പന്ത്രണ്ടാം വയസ്സിൽ സിനിമയിൽ എത്തിയപ്പോൾ എനിക്ക് അറിയില്ലായിരുന്നു, എന്റെ കുടുംബം എങ്ങനെ ജീവിക്കുമെന്നൊന്നും, ഒരു നല്ല നടൻ ആകണമെന്നായിരുന്നു എന്റെ ആഗ്രഹം. നമ്മുക്കൊരു ഒരു സ്വപ്നം കാണില്ലേ, അത്തരത്തിലുള്ള ഒന്നും എനിക്ക് ഇതുവരെ ജീവിതത്തിൽ ലഭിച്ചിട്ടില്ല.

32 വർഷമെടുത്തു ഈ ഒരു സ്ഥലത്ത് എത്താൻ.. അതിന് വേണ്ടി എന്ത് മാത്രം കാത്തിരുന്നു, കഷ്ടപ്പെട്ടു.. പറയുമ്പോൾ തന്നെ കരച്ചിൽ വരുന്നു..”, വിജയ് മുത്തു അഭിമുഖത്തിൽ പറഞ്ഞു. വിജയ് മുത്തുവിന്റെ ഈ വാക്കുകൾ ഇപ്പോൾ തമിഴ്, മലയാളി പ്രേക്ഷകർ ഒരുപോലെ ഏറ്റെടുത്തിരിക്കുകയാണ്. ഇനി വിജയ് മുത്തുവിന്റെ നാളുകളാണ് വരാൻ പോകുന്നതെന്നും നല്ല വേഷങ്ങൾ ഒരുപാട് ലഭിക്കുമെന്നും ആളുകൾ അഭിപ്രായപ്പെട്ടു.