‘ഒടുവിൽ വിജയകാന്തിനെ കാണാൻ സൂര്യ എത്തി, ശവകുടീരത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് താരം..’ – വീഡിയോ

തമിഴ് സിനിമ, രാഷ്ട്രീയ രംഗത്തുള്ള പ്രവർത്തകരെ ഏറെ സങ്കടത്തിൽ ആഴ്ത്തിയ വാർത്തയായിരുന്നു ക്യാപ്റ്റൻ വിജയകാന്തിന്റെ മരണം. നടനും രാഷ്ട്രീയ പ്രവർത്തകനും സാമൂഹിക പ്രവർത്തകനുമായ ഒരാളാണ് വിജയകാന്ത്. അതുകൊണ്ട് തന്നെ ധാരാളം പേരുടെ ഇഷ്ടം അദ്ദേഹം നേടിയെടുത്തിട്ടുണ്ട്. അവസാനമായി അദ്ദേഹത്തെ ഒരു നോക്കൂ കാണാൻ സിനിമ ലോകത്തിലെ പലരും എത്തിയിരുന്നു.

ആ സമയത്ത് എത്താൻ സാധിക്കാത്തവരിൽ പലരും പിന്നീട് വരും ദിവസങ്ങളിൽ അദ്ദേഹത്തിന്റെ ശവകുടീരം കാണാൻ വരികയും അവിടെ അദ്ദേഹത്തിന്റെ ആത്മാവിന്റെ ശാന്തിക്ക് വേണ്ടി പ്രാർത്ഥിക്കുകയും കുറച്ച് സമയം അവിടെ ചിലവഴിക്കുകയുമൊക്കെ ചെയ്യാറുണ്ട്. ഇപ്പോഴിതാ തമിഴരുടെ സ്വന്തം സൂര്യ വിജയകാന്തിന്റെ ശവകുടീരം കാണാൻ വേണ്ടി എത്തിയ വീഡിയോയാണ് ശ്രദ്ധനേടുന്നത്.

ശവകുടീരത്തിന് മുന്നിൽ നിന്ന് വികാരാധീനനാവുന്നതും അദ്ദേഹം പൊട്ടിക്കരയുന്നതുമെല്ലാം വീഡിയോയിൽ കാണാൻ കഴിയും. സൂര്യയുടെ കരിയറിന്റെ തുടക്കത്തിൽ ഇറങ്ങിയ പെരിയണ്ണയിലെ വളരെ പ്രധാനപ്പെട്ട വേഷം ചെയ്തത് വിജയകാന്ത് ആയിരുന്നു. അന്ന് മുതൽ വിജയകാന്തുമായി വളരെ അടുത്ത ബന്ധുള്ള ഒരാളാണ് സൂര്യ. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ വിയോഗം സൂര്യയ്ക്ക് താങ്ങാവുന്നതിലും അപ്പുറമാണ്.

“അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ച, സംസാരിച്ച, ഭക്ഷണം കഴിച്ച ഒരു ദിനം പോലും എനിക്ക് മറക്കാൻ സാധിക്കുകയില്ല. സഹായം ചോദിച്ചുവരുന്ന ആരോടും നോ അദ്ദേഹം പറഞ്ഞിട്ടില്ല. അദ്ദേഹം ഇനിയില്ല എന്നത് എന്നെ തളർത്തികളയുന്നു. അണ്ണന്‍ വിജയകാന്തിന്‍റെ ആത്മശാന്തിക്ക് ലഭിക്കാന്‍ ദൈവത്തോട് പ്രാര്‍ഥിക്കുന്നു..”, സൂര്യ മാധ്യമങ്ങൾക്ക് മുന്നിൽ അനുശോചനം അറിയിച്ചു. വിജയകാന്തിന്റെ വീട്ടിൽ എത്തി കുടുംബങ്ങളെയും സൂര്യ കണ്ടു.