‘എന്താണ് കേരളത്തിൽ സംഭവിക്കുന്നത് എന്ന് വ്യക്തമായി കാണിച്ചിട്ടുണ്ട്..’ – ദി കേരള സ്റ്റോറി കണ്ട ശേഷം ജി സുരേഷ് കുമാർ

വിവാദങ്ങൾക്ക് ഒടുവിൽ സുദിപ്തോ സംവിധാനം ചെയ്ത ഹിന്ദി ചിത്രമായ ‘ദി കേരള സ്റ്റോറി’ തിയേറ്ററുകളിൽ റിലീസ് ചെയ്തു. കേരളത്തിൽ വളരെ കുറച്ച് സ്‌ക്രീനുകളിൽ മാത്രമേ സിനിമ പ്രദർശിപ്പിച്ചിട്ടുള്ളൂ. തെന്നിന്ത്യയിൽ നിന്ന് ഒഴിച്ച്‌ ബാക്കി എല്ലാ സ്ഥലങ്ങളിൽ നിന്നും തരക്കേടില്ലാത്ത ഓപ്പണിംഗ് ആണ് സിനിമയ്ക്ക് ലഭിച്ചിട്ടുള്ളതെന്ന് ഓൺലൈൻ സിനിമ ട്രാക്കേഴ്സ് പുറത്തുവിടുന്നുമുണ്ട്.

അതേസമയം കേരളത്തിൽ സിനിമ പ്രദർശിപ്പിക്കുന്ന തിയേറ്ററുകൾക്ക് നേരെ ഇടത്, വലത് സംഘടനങ്ങളുടെ പ്രതിഷേധവും ഉയരന്നുണ്ട്. സിനിമ ആവറേജിൽ താഴെ മാത്രമാണ് എന്നാണ് പലരുടെയും അഭിപ്രായം. പക്ഷേ നിർമ്മാതാവായ ജി സുരേഷ് കുമാർ സിനിമയെ കുറിച്ച് വേറിട്ട ഒരു അഭിപ്രായമാണ് സിനിമ കണ്ട ശേഷം പങ്കുവച്ചിരിക്കുകയാണ്. “ഈ സിനിമ മോശമായിട്ട് ആരെയും ചിത്രീകരിച്ചിട്ടില്ല.

ഇവിടെ നിന്ന് സിറിയയിലേക്ക് പോയ മൂന്ന്, നാല് പെൺകുട്ടികളുണ്ട്. അവരെ എങ്ങനെ മതം മാറ്റി, അവിടെ ഉണ്ടായ കഷ്ടപ്പാടും കാണിച്ചു തരുന്നതുമാണ് ഈ സിനിമ. അത് വളരെ നന്നായിട്ട്, ഗംഭീരമായിട്ട് ചിത്രീകരിച്ചിട്ടുണ്ട്. എന്തിന് വേണ്ടിയിട്ടാണ് എല്ലാവരും സുപ്രീം കോടതിയിൽ പോയതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഇവിടെ നടന്നിട്ടുള്ള ഒരു കാര്യമാണ്. മുഖ്യമന്ത്രി തന്നെ ഇവിടെ നിന്ന് പോയവരുടെ കാര്യം പറഞ്ഞിട്ടുണ്ട്. സിനിമ നല്ലതാണ്. അവരെല്ലാം വന്നിതു കാണണം.

കേരളം സമൂഹം ഇത് മനസ്സിലാക്കണം, എന്താണ് കേരളത്തിൽ നടക്കുന്നതെന്ന് വളരെ വ്യക്തമായി കാണിച്ചിട്ടുണ്ട്. നല്ലരീതിയിൽ ചിത്രീകരിച്ചിട്ടുണ്ട്. ആരെയും മോശമായി പറഞ്ഞിട്ടില്ല. ഒരു മതത്തിനെയും കുറ്റം പറഞ്ഞിട്ടുമില്ല. എങ്ങനെ ആളുകളെ മതം മാറ്റി കൊണ്ടുപോകുന്നുവെന്ന് കൃത്യമായി പറഞ്ഞിട്ടുണ്ട്. ഇതിനെ എതിർത്തവരും ഇത് കാണണം..”, സുരേഷ് കുമാർ സിനിമ കണ്ട ശേഷം പങ്കുവച്ചു. ഭാര്യ മേനകയും സുരേഷിന് ഒപ്പം സിനിമ കാണാൻ ഉണ്ടായിരുന്നു.