‘എത്രയും വേഗം മരിച്ച് തന്ത്രി കുടുംബത്തിൽ പുനർജനിക്കണം! അയ്യനെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കണം..’ – സുരേഷ് ഗോപി

അടുത്ത ജന്മദിനത്തിൽ തന്ത്രികുടുംബത്തിൽ തന്നെ ജനിക്കണമെന്ന് വീണ്ടും ഉറപ്പിച്ച് പറഞ്ഞ് നടൻ സുരേഷ് ഗോപി. അത് പറഞ്ഞപ്പോൾ പരിഹസിച്ചവർക്ക് എതിരെ രോഷാകുലനായി സുരേഷ് ഗോപി പ്രതികരിച്ചത്. ” “ഞാൻ എത്രയോ പ്രാവശ്യം പറഞ്ഞിരിക്കുന്നു. എനിക്ക് വേഗം മരിച്ച് പുനർജനിച്ച് നിങ്ങളുടെ താഴമൺ കുടുംബത്തിൽ ജനിക്കണം.. തന്ത്രിമുഖ്യനായി ഇവിടെ വന്ന് എന്റെ അയ്യനെ നിങ്ങൾ ചെയ്യുന്നത് പോലെ മുദ്രചാർത്തി ഊട്ടണം, ഉണർത്തണം, ഉറക്കണം.. മന്ത്രങ്ങൾ ചൊല്ലി ഉത്തേജിപ്പിക്കണം.

ആ തേജസ് ആഗിരണം ചെയ്തിട്ട് ശക്തിമാനായ അയ്യനെ വലം വെക്കുന്നവർക്ക് വികരണം ചെയ്‌ത്‌ എന്റെ മന്ത്രോച്ചാരണത്തിലൂടെ നൽകണമെന്നാണ് ആഗ്രഹം. അതിന് ഒരു ബ്രാഹ്മണനായി പുനർജനിക്കണമെന്ന് പറഞ്ഞതിന് വെറുപ്പ് ചാർത്തി, എന്റെ തലയ്ക്കും എന്റെ അച്ഛന്റെയും അമ്മയുടെയും ചോരയുടെ ഡിഎൻഎ കളങ്കപ്പെടുത്തുന്നതിന് വേണ്ടി മാത്രം നടത്തിയ ഒരു കുല്സിത തന്ത്രമാണ് ഇന്ന് ഈ വേദിയിൽ അദ്ദേഹം പരാതിയായി പറഞ്ഞത്.

മതം മനസ്സിൽ കൊണ്ടുനടക്കുന്ന മനുഷ്യനെ മാത്രമാണ് കാണുന്നതെങ്കിൽ ആ മനുഷ്യൻ എന്താണ്, ഏതാണ് എന്ന് മാത്രം ഞാൻ അന്വേഷിച്ചാൽ പോരെ? അത് തന്നെയേ ഞാൻ ഇത്രയും കാലം അന്വേഷിച്ചിട്ടുള്ളൂ. ആ അന്വേഷിച്ച് കിട്ടിയ മനസ്സിലാക്കലുകളിൽ നിന്നാണ് ഞാൻ പെരുമാറിയിട്ടുള്ളൂ. ഞാനൊരു ദളിതനെയും ദ്രോഹിച്ചിട്ടില്ല. ഒരു ദളിതന്റെയും വോട്ട് വാങ്ങി, അവന്റെ പേരിലുള്ള ആനുകൂല്യങ്ങൾ തട്ടിയെടുത്ത് കൂർഗിലും അങ്ങ് ചിറ്റമംഗലൂരും ഒന്നും കാപ്പി തോട്ടങ്ങൾ വാങ്ങിയിട്ടില്ല.

ഒരിക്കൽ കൂടി പറയുന്നു, അഭിമാനത്തോടെയാണ് അടുത്ത ജന്മത്തിൽ താന്ത്രികുടുംബത്തിൽ ജനിക്കണമെന്ന് ഇപ്പോഴും അടിയുറച്ച് പ്രാർത്ഥിക്കുന്നു, വിശ്വസിക്കുന്നു. എന്റെ അയ്യനെ ശ്രീകോവിലിന്റെ പടിക്കൽ നിന്ന് കണ്ടാൽ പോരാ എനിക്ക് ഉള്ളിൽ ചെന്ന് കഴുകണം, കെട്ടിപിടിക്കണം, ഉമ്മ വെക്കണം, എന്റെ അവകാശമാണ്. അതിനെതിരെ ഒരുത്തനും വരാൻ അവകാശമില്ല..”, സുരേഷ് ഗോപി പറഞ്ഞു. താൻ പണ്ട് എസ്.എഫ്.ഐയിൽ പ്രവർത്തിച്ചിട്ടുണ്ടെന്ന് പറഞ്ഞപ്പോൾ പരിഹസിച്ചവർ അത് സത്യമാണോ എന്ന് അറിയാൻ എംഎ ബേബിയോട് ചോദിക്കാനും സുരേഷ് ഗോപി പറഞ്ഞു.