February 29, 2024

‘സുരേഷ് ഗോപിയും ബിജു മേനോനും വീണ്ടും ഒന്നിക്കുന്നു, പന്ത്രണ്ട് വർഷത്തെ കാത്തിരിപ്പ്..’ – ഏറ്റെടുത്ത് ആരാധകർ

സൂപ്പർസ്റ്റാർ സുരേഷ് ഗോപി സിനിമകളിൽ വീണ്ടും സജീവമായി അഭിനയിക്കാൻ ഒരുങ്ങുകയാണ്. 2015-ന് ശേഷം ആറ് വർഷത്തോളം സിനിമയിൽ നിന്ന് വിട്ടുനിന്ന സുരേഷ് ഗോപി, 2021 മുതൽ വീണ്ടും സിനിമകൾ ചെയ്യാൻ തുടങ്ങി. സുരേഷ് ഗോപിയുടെ പുതിയ നിരവധി സിനിമകളാണ് അന്നൗൺസ് ചെയ്തു വച്ചിരിക്കുന്നത്. എല്ലാം ഏറെ പ്രതീക്ഷകൾ ആരാധകർക്ക് നൽകുന്ന സിനിമകളാണ് എന്നതും ശ്രദ്ധേയമാണ്.

ഇപ്പോഴിതാ പുതിയ ഒരു സിനിമ കൂടി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ നിർമ്മാതാവായ ലിസ്റ്റിൻ സ്റ്റീഫൻ ആണ് സിനിമ പ്രഖ്യാപിച്ചത്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന പുതിയ ചിത്രത്തിൽ സുരേഷ് ഗോപി, ബിജു മേനോൻ എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്. സിനിമയുടെ ടൈറ്റിൽ അന്നൗൻസ് ചെയ്തിട്ടില്ല.

12 വർഷങ്ങൾക്ക് ശേഷമാണ് സുരേഷ് ഗോപിയും ബിജു മേനോനും വീണ്ടും ഒന്നിക്കാൻ പോകുന്നത്. സിനിമയിലേക്ക് പുതിയ അഭിനേതാക്കളെ ക്ഷണിക്കുന്നുമുണ്ട്. നേരത്തെ ഒറ്റക്കൊമ്പൻ എന്ന ചിത്രത്തിൽ ഇരുവരും ഒന്നിക്കുന്നുവെന്ന് വാർത്തകൾ ഉണ്ടായിരുന്നു. പക്ഷേ ആ സിനിമയുടെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ നടക്കുന്നെന്ന് വിവരങ്ങളുണ്ടെങ്കിലും കൂടുതൽ കാര്യങ്ങൾ പുറത്തുവന്നിട്ടില്ല.

ക്രിസ്ത്യൻ ബ്രദേഴ്സ് എന്ന ചിത്രത്തിലാണ് സുരേഷ് ഗോപിയും ബിജു മേനോനും അവസാനമായി ഒരുമിച്ച് അഭിനയിച്ചത്. ഇരുവരും ഏറ്റവും അടുത്ത സുഹൃത്തുക്കൾ കൂടിയാണ്. സുരേഷ് ഗോപി തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ അദ്ദേഹത്തിന് വേണ്ടി ക്യാമ്പയിനിൽ ബിജു മേനോനും പങ്കെടുത്തിരുന്നു. എന്തായാലും ഇരുവരും ഒന്നിക്കുമ്പോൾ അത് മാസ്സ് ചിത്രമായിരിക്കുമോ എന്നറിയാനാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.