കഴിഞ്ഞ 3 -4 ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ചയായിക്കൊണ്ടിരിക്കുന്ന ഒരു വിഷയമാണ് ക്ഷേമ പെൻഷൻ 4 മാസത്തോളമായി മുടങ്ങിയതിന്റെ പേരിൽ അടിമാലിയിലെ മറിയക്കുട്ടിയും അന്നക്കുട്ടിയും എന്നീ വയോധികർ പിച്ചച്ചട്ടിയുമായി തെരുവിലെ ഭിക്ഷ യാചിച്ചത്. ഇതേതുടർന്ന് കേരള സർക്കാരിന് വലിയ രീതിയിലുള്ള വിമർശനമാണ് സമൂഹ മാധ്യമങ്ങളിലും അല്ലാതെയും കേൾക്കേണ്ടി വന്നത്.
എന്നാൽ കേന്ദ്രസർക്കാർ തരാനുള്ള തുക തരാത്തതുകൊണ്ടാണ് ക്ഷേമ പെൻഷൻ മുടങ്ങിയതെന്നാണ് സർക്കാരിന്റെ വാദം. ഇതുമായി ബന്ധപ്പെട്ട് ചർച്ചകൾ ടെലിവിഷൻ ചാനലുകളിൽ നടക്കുന്നുണ്ട്. അന്നക്കുട്ടി അതിഥിയായി ചാനൽ ചർച്ചകളിൽ വരികയും സർക്കാരിന് എതിരെ വിമർശനം ഉന്നയിച്ചതോടെ കൂടുതൽ പ്രശ്നത്തിൽ ആയിരിക്കുകയാണ്. ഇതിനിടയിൽ ദേശാഭിമാനി തെറ്റായ വാർത്ത കൊടുത്തതും തിരിച്ചടിയായി.
മറിയക്കുട്ടിക്ക് ഒന്നര ഏക്കർ സ്ഥലമുണ്ടെന്നും രണ്ട് വീടുകൾ ഉണ്ടെന്നും നാല് മക്കളിൽ ഒരാൾ വിദേശത്ത് ആണെന്നുമായിരുന്നു തെറ്റായ വാർത്ത കൊടുത്തത്. പിന്നീട് ഖേദം പ്രകടിപ്പിച്ച് വാർത്ത കൊടുക്കുകയും ചെയ്തു. ഇരുവർക്കും സഹായഹസ്തവുമായി പലരും മുന്നോട്ട് വരികയും ചെയ്തു. പക്ഷേ ഇത് ഇവർക്ക് രണ്ടുപേർക്കും മാത്രമുള്ള പ്രശ്നമല്ല എന്നതാണ് പ്രധാനം. ക്ഷേമ പെൻഷൻ ഉടൻ വിതരണം ചെയ്യുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്.
അതേസമയം അന്നക്കുട്ടിയെയും മറിയക്കുട്ടിയെയും കാണാൻ ഇപ്പോൾ നടൻ സുരേഷ് ഗോപി എത്തിയിരിക്കുകയാണ്. രണ്ട് രൂപ സെസ് കൊടുക്കാതെ ഇരുന്നാൽ മാത്രം മതി എന്നും സർക്കാർ കൃത്യമായ കണക്ക് കേന്ദ്രസർക്കാരിന് കൊടുക്കട്ടെയെന്നും കിട്ടാനുള്ള പണം കിട്ടുമെന്നും സുരേഷ് ഗോപി മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞു. ഇരുവർക്കും ഒപ്പം നിന്ന് ഫോട്ടോ എടുത്ത ശേഷമാണ് സുരേഷ് ഗോപി മടങ്ങിയത്.