‘സുരേഷ് ഗോപിയുടെ കാരുണ്യം! പെൻഷൻ നിഷേധിച്ച ഭിന്നശേഷിക്കാരനെ സഹായിച്ച് താരം..’ – സംഭവം ഇങ്ങനെ

കൊല്ലം ജില്ലയിലെ പരവൂര്‍ സ്വദേശിയായ ഭിന്നശേഷിക്കാരനായ എസ്.ആര്‍ മണിദാസിനും അമ്മ കെ സുധാമണിയ്ക്കും സഹായസ്തവുമായി നടൻ സുരേഷ് ഗോപി. മണിദാസിന് ക്ഷേമ പെൻഷൻ നൽകുന്നത് തടയുകയും പതിമൂന്ന് വർഷമായി വാങ്ങിയ പെൻഷൻ തുക മുഴുവനും തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ധനവകുപ്പ് ഉത്തരവ് ഇറക്കിയിരുന്നു. വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ അധികം ഉണ്ടെന്ന് പറഞ്ഞായിരുന്നു സർക്കാർ പെൻഷൻ നൽകുന്നത് നിർത്തിയത്.

ഈ വാർത്ത ശ്രദ്ധയിൽപ്പെട്ട നടനും രാഷ്ട്രീയ നേതാവുമായ സുരേഷ് ഗോപി ഒരു ലക്ഷം രൂപ മണിദാസിന് നൽകി. മണിദാസിന്റെ അക്കൗണ്ടിലേക്ക് അദ്ദേഹം ഒരു ലക്ഷം രൂപ നിക്ഷേപിക്കുകയും ചെയ്തു. ആവശ്യമുണ്ടെങ്കിൽ ഒരു ലക്ഷം രൂപ കൂടി നൽകാമെന്നും സുരേഷ് ഗോപി പറഞ്ഞിട്ടുണ്ട്. “അമ്മയ്ക്ക് സർക്കാർ പണം തിരികെ കൊടുക്കുമെങ്കിൽ കൊടുക്കട്ടെ, സർക്കാരിലേക്ക് അടക്കാനുള്ളതാണ് ഞാൻ നൽകിയത്.

രാവിലെ പതിനൊന്നോടെയാണ് ഞാൻ ഈ കാര്യം അറിഞ്ഞത്. അപ്പോൾ തന്നെ വീട്ടിൽ വിളിച്ച് പണം നല്കാൻ രാധികയോട് പറഞ്ഞു. ഇനിയൊരു പത്ത് വർഷം കൂടി അമ്മയ്ക്ക് പെൻഷനായി ഒരു ലക്ഷം രൂപ ലഭിക്കണമെങ്കിൽ അതും ഞാൻ നൽകാൻ തയാറാണ്. പറ്റിയാൽ മണിദാസിനെ സന്ദർശിക്കും..”, സുരേഷ് ഗോപി ഫോണിൽ പ്രതികരിച്ചു. പണം നൽകിയ സുരേഷ് ഗോപിക്ക് സുധാമണി നന്ദി പറയുകയും ചെയ്തു.

സർക്കാർ സ്കൂളിൽ തയ്യൽ അദ്ധ്യാപിക ആയിരുന്നു സുധാമണി. അമ്മയ്ക്ക് കിട്ടുന്ന പെൻഷൻ തുക മാത്രമായിരുന്നു കുടുംബത്തിന്റെ ഏക ആശ്രയം. മകന് ഇത്രയും കാലം നൽകിയ തുക അവൻ തന്നെ മരുന്ന് വാങ്ങാനായി ചിലവഴിച്ചെന്നും അത് ഒരുമിച്ച് അടയ്ക്കാൻ പറഞ്ഞാൽ പ്രയാസം ആണെന്നും ‘അമ്മ പറഞ്ഞു. 27-കാരനായ മണിദാസിന് സംസാരശേഷിയില്ല, ഇത് കൂടാതെ അഞ്ചോളം വൈകല്യങ്ങളുണ്ട്.