പണമുള്ളവൻ ആഡംബരായിട്ട് തന്നെ വിവാഹം നടത്തണമെന്ന് നടൻ സുരേഷ് ഗോപി. ഒരു അഭിമുഖത്തിലാണ് സുരേഷ് ഗോപി ഈ കാര്യം പറഞ്ഞത്. അതിനുള്ള വ്യക്തമായ കാരണവും അദ്ദേഹം പറഞ്ഞിട്ടുണ്ട്. മകളുടെ വിവാഹത്തെ പറ്റിയുള്ള ചോദ്യത്തിനായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. “ഞാൻ ഭയങ്കര എക്സിറ്റ്മെന്റിലാണ്. ഒരു മകളെയൊക്കെ നിഷ്കരുണം ഒരുത്തന്റെ കൂടെ കെട്ടിച്ചിറക്കി വിടുന്നു, എങ്ങനെ ഒരു അച്ഛനും അമ്മയ്ക്കും സാധിക്കുന്നു എന്ന് ചോദിച്ചിടത് നിന്നും ഒരു അച്ഛന്റെയും അമ്മയുടെയും ഏറ്റവും വലിയ സ്വപ്നമാണ് ഒരുത്തന്റെ കൈപിടിച്ചേൽപ്പിച്ച് കെട്ടിച്ചുവിടുക എന്നത്.
ആ ഒരു ട്രാൻസിഷൻ ആണ് സംഭവിച്ചിരിക്കുന്നത്. ആ ഒരു മുഹൂർത്തത്തിന് വേണ്ടിയാണ് ഞാൻ കാത്തിരിക്കുന്നത്. മുമ്പ് ഞാനൊരു വേദിയിൽ എന്റെ മകളുടെ വിവാഹം എങ്ങനെ ആയിരിക്കണമെന്ന് ഞാൻ പറഞ്ഞിരുന്നു. ഇപ്പോഴും എനിക്ക് അതുപോലെ ചെയ്യാനാണ് ആഗ്രഹം. പക്ഷേ എന്റെ ഭാര്യയുടെയും മക്കളുടെയും ഇഷ്ടം കൂടി നോക്കണം. ബന്ധുക്കളുടെ ഇഷ്ടവും നോക്കണം! ദൈവം എന്നെ അനുഗ്രഹിക്കുന്ന തരത്തിൽ അവരുടെ ഇഷ്ടത്തിൽ ഞാൻ എന്റെ മകളുടെ വിവാഹം നടത്തും. അന്ന് ഞാൻ ആർഭാട കല്യാണങ്ങൾക്ക് എല്ലാം എതിരായിരുന്നു.
പക്ഷേ പിന്നീട് എനിക്ക് തോന്നി പണമുള്ളവൻ അങ്ങനെയുള്ള കല്യാണം തന്നെ നടത്തണം. ഞാൻ പണമുള്ളവനല്ല.. അങ്ങനെയുള്ള കല്യാണം എനിക്ക് നടത്താനും പറ്റില്ല. അംബാനി 500 കോടിയോ 5000 കോടിയോ ഇറക്കി മക്കളുടെ കല്യാണം നടത്തിയാൽ മാത്രമേ ആ രൂപ മാർക്കറ്റിൽ ഇറങ്ങി അതുമായി ബന്ധപ്പെട്ട എല്ലാവർക്കും ആ കാശ് ചെല്ലും. നമ്മൾ മറിച്ച് ചിന്തിക്കുന്നത് ഒരു തെറ്ററായ ചിന്താഗതിയല്ലേ? അപ്പോൾ മാർക്കറ്റ് ഉണരണമെങ്കിൽ സമ്പന്നരായ അച്ഛനമ്മമാർക്ക് ഒരുപാട് പെണ്മക്കളുണ്ടാവട്ടെ!
പക്ഷേ ഇത് കാണുന്ന പാവപ്പെട്ട വീട്ടിൽ പെൺകുട്ടികളും അച്ഛനമ്മമാരും അവരുടെ കല്യാണം അതുപോലെ നടത്താൻ പറ്റില്ലല്ലോ എന്നോർത്ത് എങ്ങി കരയുന്നുണ്ടാവും! എന്റെ നോട്ടം അവരായിരുന്നു. പക്ഷേ അല്ല! അവരുടെയൊക്കെ ജീവിതത്തിൽ വരുന്ന പണം ആ 500-ലും 5000-ലുമൊക്കെ കാണും. അതിങ്ങ് പോരട്ടെ.. വിവാഹജീവിതത്തിലേക്ക് കടക്കുന്ന മകൾക്ക് ഒരു ഉപദേശവും നല്കാനില്ല, അവൾ ഓരോന്ന് തന്നെ പഠിക്കട്ടെ..”, സുരേഷ് ഗോപി പറഞ്ഞു.