‘ഫോണിലൂടെ അസഭ്യ വർഷം, വിദേശത്ത് നിന്നടക്കം ഭീഷണി..’ – പൊലീസിൽ പരാതി നൽകി സുരാജ് വെഞ്ഞാറമൂട്

മണിപ്പൂരിൽ നടന്ന സംഭവങ്ങൾക്ക് എതിരെ സമൂഹ മാധ്യമങ്ങളിലൂടെ പ്രതികരിച്ച നടൻ സുരാജ് വെഞ്ഞാറമൂടിന് എതിരെ വലിയ രീതിയിലുള്ള സൈബർ ആക്രമണം നടന്നുകൊണ്ടിരിക്കുകയാണ്. ആലുവയിൽ അഞ്ച് വയസ്സുകാരി കൊ ല്ലപ്പെട്ടപ്പോൾ എന്തുകൊണ്ട് പ്രതികരിക്കുന്നില്ല എന്ന് ചൂണ്ടിക്കാണിച്ചാണ് ഒരു പറ്റം പ്രൊഫൈലുകളിൽ നിന്ന് സംഘടിതമായി പ്രതികരണങ്ങൾ വന്നത്.

ഇത് കൂടാതെ ഫോണിലൂടെ അസഭ്യ വർഷവും വിദേശത്ത് നിന്നടക്കം ഭീഷണിയും വന്നുകൊണ്ടിരിക്കുകുകയാണ്. ഇതിനെതിരെ കൊച്ചി സൈബർ പൊലീസിൽ പരാതി നൽകിയിരിക്കുകയാണ് സുരാജ്. രാജ്യത്ത് നടക്കുന്ന അതിക്രമങ്ങളിൽ ഇരയാക്കപ്പെടുന്നവരെ പിന്തുണച്ച് താൻ സോഷ്യൽ മീഡിയയിൽ പ്രതികരിക്കാറുണ്ടെന്നും അതിൽ രാഷ്ട്രീയമോ മതപരമായ കാര്യങ്ങളോ താൻ സംസാരിക്കാറില്ലെന്ന് പരാതിയിൽ പറയുന്നു.

ഒരു പാർട്ടിയിലും അംഗ്വത്തമുള്ള ഒരാളല്ല താനെന്നും കലയാണ് തന്റെ രാഷ്ട്രീയം എന്നും മണിപ്പൂർ വിഷയവുമായി ബന്ധപ്പെട്ട പോസ്റ്റിട്ട അന്ന് മുതൽ സമൂഹ മാധ്യമങ്ങളിലൂടെ സംഘടിതമായ സൈബർ ആക്രമണം നടക്കുകയാണെന്നും പരാതി സുരാജ് പറയുന്നു. തന്റെ ഫോണിലേക്ക് അസഭ്യ വർഷവും ഭീഷണിയും വന്നുകൊണ്ടിരിക്കുകയാണെന്നും ഒരു മിനിറ്റ് പോലും ഒരു കോൾ എടുത്ത് സംസാരിക്കാൻ പറ്റാത്ത അവസ്ഥ ആണെന്നും സുരാജ് പരാതി പറഞ്ഞിട്ടുണ്ട്.

ഒരു കലാകാരനായ തനിക്ക് നമ്പർ മാറ്റുക എന്നത് അത്ര എളുപ്പമല്ലെന്നും അതുകൊണ്ട് സ്ഥിരമായി ഭീഷണിപ്പെടുത്തുന്ന നമ്പറുകളും ചേർക്കുന്നുവെന്നും സുരാജ് എഴുതി. ഒരു മനുഷ്യന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമായി കാണുകയും എത്രയും പെട്ടന്ന് തന്നെ ഇവർക്ക് എതിരെ നടപടി എടുക്കണമെന്നും സുരാജ് തന്റെ പരാതിയിൽ ആവശ്യപ്പെടുകയുണ്ടായി. ഒരു പതിനഞ്ചോളം നമ്പറുകളും സുരാജ് പരാതിയിൽ കൊടുത്തിട്ടുണ്ട്.