‘രണ്ട് മാസത്തിന് ശേഷം നിങ്ങളെ വീണ്ടും സെറ്റിൽ കാണുന്നതിൽ എനിക്ക് സന്തോഷമുണ്ട്..’ – പൃഥ്വിക്ക് ജന്മദിനം ആശംസിച്ച് സുപ്രിയ

മലയാളികളുടെ പ്രിയ നടൻ പൃഥ്വിരാജ് തന്റെ നാല്പത്തിയൊന്നാം ജന്മദിനം ആഘോഷിക്കുകയാണ്. ഒക്ടോബർ പതിനാറിന് ജനിച്ച പൃഥ്വിരാജ് കഴിഞ്ഞ 20 വർഷത്തിൽ അധികം മലയാള സിനിമയിൽ നിറഞ്ഞ് നിൽക്കുന്ന ഒരു സൂപ്പർസ്റ്റാറാണ്. കരിയറിന്റെ തുടക്കത്തിൽ കണ്ട ഒരു പൃഥ്വിരാജിനെയല്ല മലയാളികൾ ഇന്ന് കാണുന്നത്. സിനിമയെ കുറിച്ച് മനസ്സിൽ വ്യക്തമായ കാഴ്ചപ്പാടുകളുള്ള ഒരു വ്യക്തിയാണ് പൃഥ്വിരാജ്.

അതിന്റെ ഭാഗമായി നിർമ്മാണ രംഗത്തും അതുപോലെ സംവിധാന രംഗത്തും പൃഥ്വിരാജ് കഴിവ് തെളിയിക്കുകയും ചെയ്തിട്ടുണ്ട്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ സിനിമയുടെ ഷൂട്ടിംഗ് ഇപ്പോൾ ആരംഭിച്ചിരിക്കുകയാണ്. ആദ്യ ചിത്രമായ ലൂസിഫറിന്റെ രണ്ടാം ഭാഗമായിട്ടാണ് പൃഥ്വിരാജ് ഈ തവണ വരുന്നത്. ഇതിനിടയിൽ പൃഥ്വി അഭിനയിക്കുന്ന സിനിമകൾ വേറെയുമുണ്ട്. അതിലൊന്ന് സലാറാണ്.

ഈ വർഷം അവസാനം സലാർ തിയേറ്ററുകളിൽ എത്തും. പൃഥ്വിയ്ക്ക് രണ്ട് മാസം മുമ്പ് ഷൂട്ടിംഗ് ലൊക്കേഷനിൽ വച്ചൊരു അപകടം സംഭവിച്ചിരുന്നു. അതിൽ നിന്ന് മടങ്ങിയെത്തുകയാണ് താരം. ഇത് സൂചിപ്പിച്ചുകൊണ്ടാണ് പൃഥ്വിയുടെ ഭാര്യ സുപ്രിയ താരത്തിന് ജന്മദിനാശംസകൾ നേർന്നത്. “കാൽമുട്ടിനേറ്റ പരിക്കും തുടർന്നുള്ള പുനരധിവാസവുമായി ഈ രണ്ട് മാസങ്ങൾ കഠിനമായിരുന്നു.

എന്നാൽ നിങ്ങൾക്ക് ഏറ്റവും ഇഷ്ടമുള്ള സെറ്റിൽ നിങ്ങളെ വീണ്ടും കാണുന്നതിൽ എനിക്ക് സന്തോഷമുണ്ട്! ജന്മദിനാശംസകൾ പി! ഈ വർഷം ഏറ്റവും മികച്ചതായിരിക്കട്ടെ! ആടുജീവിതം മുതൽ സാലർ, ബിഎംസിഎം തുടങ്ങി പലതും, നിങ്ങൾ ചെയ്തതെല്ലാം ലോകം കാണാൻ കാത്തിരിക്കുകയാണ്..”, സുപ്രിയ പൃഥ്വിരാജിന് ഒപ്പമുള്ള ഫോട്ടോ പങ്കുവച്ചുകൊണ്ട് കുറിച്ചു. സലാർ ടീമും പൃഥ്വിയ്ക്ക് ആശംസകൾ നേർന്ന് പോസ്റ്റർ ഇറക്കിയിരുന്നു.