മൈ ഡിയർ കുട്ടിച്ചാത്തനിലെ ബാലതാരവും പ്രശസ്ത തെലുങ്ക് സിനിമ സംവിധായകനുമായ സൂര്യ കിരണിന്റെ മരണ വാർത്ത ഈ കഴിഞ്ഞ ദിവസമാണ് വന്നത്. മഞ്ഞപ്പിത്തം മൂലം ചികിത്സയിലായിരുന്ന സൂര്യ കിരൺ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്ത്യം സംഭവിച്ചത്. മലയാളം, തമിഴ് സിനിമ, സീരിയൽ രംഗത്ത് സജീവമായ നടി സുജിതയുടെ സഹോദരൻ കൂടിയാണ് സൂര്യ കിരൺ.
തെന്നിന്ത്യൻ നടി കാവേരിയുടെ മുൻ ഭർത്താവ് കൂടിയായിരുന്നു സൂര്യ കിരൺ. കാവേരിയുമായി പിരിഞ്ഞ ശേഷം ഏറെ വർഷത്തോളം സിനിമ രംഗത്ത് നിന്നും സൂര്യ കിരൺ വിട്ടുനിന്നിരുന്നു. പിന്നീട് ബിഗ് ബോസിലൂടെ തിരിച്ചുവന്നു. ഏറെ വർഷങ്ങൾക്ക് ശേഷം സംവിധാനം ചെയ്ത സിനിമ റിലീസ് ചെയ്യാൻ തയാറെടുക്കുമ്പോഴാണ് സൂര്യ കിരണ്റ്റെ വേർപാട് സംഭവിക്കുന്നത്. മരണം സംഭവിക്കുമ്പോൾ സുജിത നാട്ടിൽ ഉണ്ടായിരുന്നില്ല.
അവധി ആഘോഷിക്കാൻ അസർബെയ്ജാനിൽ പോയിരിക്കുകയായിരുന്നു. ഇപ്പോഴിതാ സഹോദരന്റെ വേർപാടിൽ സുജിത എഴുതിയ കുറിപ്പാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. “ചേട്ടാ.. സമാധാനത്തിൽ വിശ്രമിക്കൂ.. എൻ്റെ സഹോദരൻ മാത്രമായിരുന്നില്ല, എന്റെ അച്ഛനും ഹീറോയും എല്ലാമായിരുന്നു. നിങ്ങളുടെ കഴിവിനും സംസാരത്തിനും ഞാൻ നിങ്ങളെ ആരാധിച്ചിരുന്നു. പല തരത്തിൽ, നിങ്ങളുടെ സാന്നിധ്യം എത്തി.
പുനർജന്മം സത്യമാണെങ്കിൽ, നിങ്ങളുടെ എല്ലാ സ്വപ്നങ്ങളും നേട്ടങ്ങളും വീണ്ടും പിന്തുടരട്ടെ..”, ചേട്ടനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് സുജിത കുറിച്ചു. സുജിതയെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കുമെന്ന് ആർക്കും അറിയില്ലായിരുന്നു. സങ്കടപ്പെടരുത് ഏട്ടൻ എന്നും കൂടെ തന്നെ ഉണ്ടാകുമെന്ന് പലരും ആശ്വസിപ്പിച്ചു. മൈ ഡിയർ കുട്ടിച്ചാത്തനിലെ സഹോദരന്റെ കുട്ടികാലത്തെ ഒരു ഫോട്ടോയും സുജിത സ്റ്റോറിയിൽ ഇട്ടിരുന്നു.