‘സ്കൂളിൽ പഠിക്കുമ്പോ ഞങ്ങൾ സംസാരിച്ചിട്ട് പോലുമില്ല, വിവാഹ വാർഷിക ദിനത്തിൽ ശ്രീറാം..’ – ആശംസ നേർന്ന് ആരാധകർ

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത മലർവാടി ആർട്സ് ക്ലബിൽ അഭിനയിച്ചുകൊണ്ട് അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് നടൻ ശ്രീറാം രാമചന്ദ്രൻ. വിജയ് നായകനായ വില്ല് എന്ന സിനിമയിൽ സഹസംവിധായകനായി അതിന് മുമ്പ് ശ്രീറാം ജോലി ചെയ്തിട്ടുണ്ട്. അഭിനയത്തിലേക്ക് വന്ന ശ്രീറാം ചെറിയ വേഷങ്ങളിലാണ് കൂടുതലും അഭിനയിച്ചിട്ടുള്ളത്. ഉയരെയിലാണ് അവസാനം അഭിനയിച്ചത്.

തട്ടത്തിൻ മറയത്ത്, ആർട്ടിസ്റ്റ്, ജസ്റ്റ് മാരീഡ്, ഒരായിരം കിനാക്കൾ തുടങ്ങിയ മലയാള സിനിമകളിൽ ശ്രീറാം അഭിനയിച്ചിട്ടുണ്ട്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത കസ്തൂരിമാൻ എന്ന സീരിയലിൽ പ്രധാനവേഷത്തിൽ അഭിനയിച്ച ശേഷമാണ് ശ്രീറാം കൂടുതൽ ശ്രദ്ധനേടുന്നത്. അതിൽ അഭിനയിച്ച ശേഷം ശ്രീറാമിന് ഒരുപാട് ആരാധകരെയും ലഭിച്ചിരുന്നു. നാല് വർഷത്തോളം ആ പരമ്പര സംപ്രേക്ഷണം ഉണ്ടായിരുന്നു.

സിനിമയിൽ അഭിനയിച്ചപ്പോൾ കിട്ടിയ പ്രശസ്തിയെക്കാൾ ശ്രീറാമിന് സീരിയലിൽ അഭിനയിച്ചപ്പോൾ ലഭിച്ചു. മ്യൂസിക് ആൽബങ്ങളിലും ഷോർട്ട് ഫിലിമുകളിലും വെബ് സീരീസുകളിലുമൊക്കെ ശ്രീറാം അഭിനയിച്ചിട്ടുണ്ട്. ഏഷ്യാനെറ്റിലെ തന്നെ കുക്ക് വിത്ത് കോമഡിയിലെ മത്സരാർത്ഥി കൂടിയാണ് ഇപ്പോൾ ശ്രീറാം. വിവാഹിതനായ ശ്രീറാമിന് ഒരു മകളുമുണ്ട്. വന്ദിത വാസുദേവൻ എന്നാണ് ഭാര്യയുടെ പേര്.

ഇപ്പോഴിതാ തങ്ങളുടെ പതിനൊന്നാം വിവാഹ വാർഷികം ആഘോഷിക്കുകയാണ് ശ്രീറാമും വന്ദിതയും. ശ്രീറാം തന്നെ തങ്ങളുടെ സ്കൂളിലെ ഒരു ഫോട്ടോ പങ്കുവച്ചുകൊണ്ട് ഈ കാര്യം കുറിച്ചത്. “ഞങ്ങൾ ഒരുമിച്ചുള്ള ആദ്യ ഫോട്ടോ.. എന്റെ ഫോക്കസ് പഠനത്തിൽ ആയിരുന്നെങ്കിലും പിന്നീട് ആ സൈഡിൽ നിൽക്കുന്ന കുട്ടിയിലേക്കായി. സൈഡിൽ അല്ല കൂടെ ചേർത്ത് നിർത്താൻ.. ശെരിക്കും സ്കൂളിൽ പഠിക്കുമ്പോ ഞങ്ങൾ സംസാരിച്ചിട്ട് പോലും ഇല്ല ട്ടോ..”, ശ്രീറാം കുറിച്ചു.