‘ബുദ്ധിയില്ലാത്ത കാലത്ത് ഞാൻ എസ്എഫ്ഐ ആയിരുന്നു, ബുദ്ധി വച്ചപ്പോൾ എബിവിപിയായി..’ – നടൻ ശ്രീനിവാസൻ

സിപിഎമ്മിനെയും എസ്.എഫ്.ഐയെയും വിമർശിച്ച് നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് ശ്രീനിവാസൻ, താൻ ബുദ്ധിയില്ലാത്ത സമയത്ത് എസ്.എഫ്.ഐ ആയിരുന്നുവെന്നും ബുദ്ധി അല്പം വച്ചപ്പോൾ എബിവിപി ആയെന്നും പറഞ്ഞത്. ഇത് കൂടാതെ വരവേൽപ്പ് എന്ന സിനിമ തന്റെ അച്ഛന്റെ കഥ ആണെന്നും കമ്മ്യൂണിസ്റ്റുകാരനായ അച്ഛൻ ബസ് വാങ്ങിച്ചപ്പോൾ അവര് തന്നെ ബസിന് മുന്നിൽ കൊടി കുത്തി അടിച്ചുതകർത്തുവെന്നും അദ്ദേഹം പറഞ്ഞു.

“അച്ഛൻ ഭയങ്കര സിപിഎംകാരനായിരുന്നു. കോൺഗ്രെസുകാരെ തല്ലാൻ പോകലായിരുന്നു അച്ഛന്റെ പ്രധാന ജോലി. അധ്യാപകൻ ആണെങ്കിലും അന്നേ തല്ലാനൊക്കെ പോകാറുണ്ടായിരുന്നു. ആ സമയത്ത് ഞാനൊക്കെ മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ കുടുംബപാരമ്പര്യം പോലെ ചെങ്കൊടിയും പിടിച്ച് തോട്ടിറമ്പത്തൂടെ മദ്രാവാക്യവും വിളിച്ച് നടക്കുമായിരുന്നു. ‘ചെങ്കൊടി തൊട്ടു കളിക്കേണ്ട ഇത് ചന്ദ്രനിൽ എത്തിയ കൊടിയാണ്’ എന്ന മുദ്രാവാക്യം വിളിച്ചത് എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട്.

റഷ്യ ചന്ദ്രനിൽ പോയപ്പോഴായിരിക്കും ഈ മുദ്രാവാക്യം വന്നിട്ടുള്ളത്. സ്കൂളിൽ പഠിക്കുന്ന സമയത്തൊക്കെ ഞാൻ അതായിരുന്നു. പിന്നീട് കോളേജിൽ എത്തിയപ്പോൾ ഒരു പാർട്ടിയോടും വലിയ പ്രീയം ഒന്നും തോന്നിയില്ല. കെഎസ്യു ആയിട്ടുണ്ട്, എബിവിപി ആയിട്ടുണ്ട്.. എന്നെ എബിവിപിയിലേക്ക് കൊണ്ടുവന്ന പുള്ളി കോളേജ് കഴിഞ്ഞപ്പോൾ സിപിഎമ്മിന്റെ വയനാട് ജില്ലാ സെക്രട്ടറിയായി. സിപിഐയിലേക്ക് മാറി അങ്ങേര്.

അൽപ്പം പോലും ബുദ്ധിയില്ലാത്ത സമയത്ത് ഞാൻ എസ്.എഫ്.ഐ ആയിരുന്നു. കുറച്ച് ബുദ്ധി വന്നപ്പോൾ ഞാൻ കെ.എസ്.യുവായി. അല്പം കൂടി ബുദ്ധി വന്നപ്പോൾ ഞാൻ എബിവിപിയായി. സാമാന്യ ബുദ്ധി വന്നപ്പോൾ ഞാൻ ട്വൻറി20യിൽ ചേർന്നു. ഇവിടുന്നും ഞാൻ മാറും. ഇന്ത്യ ഭരണഘടന അനുസരിച്ച് ഒരാൾ എത്ര പാർട്ടിയിൽ നിൽക്കണമെന്നത് അയാളുടെ ഇഷ്ടമാണ്. ഒരുത്തനും എന്നെ തടയാൻ പറ്റില്ല. അതിന് മറുപടി ഉണ്ടായില്ല. അച്ഛന്റെ കമ്മ്യൂണിസം അച്ഛന്റെ തകർച്ചയോട് കഴിഞ്ഞു.

ആ കഥയാണ് വരവേൽപ്പ് എന്ന സിനിമ. അച്ഛൻ പെൻഷൻ ആയപ്പോൾ ഒരു ബസ് വാങ്ങിയിരുന്നു. കമ്മ്യൂണിസ്റ്റുകാരനായ അച്ഛൻ ബസ് വാങ്ങിയപ്പോൾ ബുർഷയായി. കമ്മ്യൂണിസ്റ്റുകാർ ശത്രുക്കളായി. ബസിന് മുന്നിൽ തലശേരി ബസ് സ്റ്റാൻഡിൽ വച്ച് തടഞ്ഞുവെച്ചു. പിന്നീട് ബസ് മുഴുവനും തല്ലിപ്പൊളിച്ചു. പിന്നീട് ബസും ഞങ്ങളുടെ വീടും ജപ്തി ചെയ്തു. അച്ഛന്റെ ജീവിതം പിന്നീട് ഭയങ്കര ദയനീയമായിരുന്നു.. അതോട് കമ്മ്യൂണിസ്റ്റുമായുള്ള ബന്ധം കഴിഞ്ഞു..”, ശ്രീനിവാസൻ പറഞ്ഞു.