‘ആ സീരിയൽ മുതലാണ് ഞാൻ ഗുരുവായൂരപ്പന്റെ കടുത്ത വിശ്വാസിയായി മാറിയത്..’ – തുറന്ന് പറഞ്ഞ് നടി ശ്രീക്കുട്ടി

മലയാള ടെലിവിഷൻ സീരിയലുകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിട്ടുള്ള ഒരാളാണ് നടി ശ്രീക്കുട്ടി. ഓട്ടോഗ്രാഫ് എന്ന സീരിയലിലെ മൃദുല എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് സുപരിചിതയായ ശ്രീക്കുട്ടി, സൂര്യ ടിവിയിലെ ഗുരുവായൂരപ്പൻ എന്ന സീരിയലിലൂടെയാണ് ശ്രദ്ധപിടിച്ചുപറ്റിയത്. വിവാഹിതയായ ശേഷം സീരിയലിൽ അധികം സജീവമല്ല. എങ്കിലും യൂട്യൂബിൽ തന്റെ വിശേഷങ്ങളൊക്കെ പങ്കുവെക്കാറുണ്ട്.

ഇപ്പോഴിതാ ഗുരുവായൂരപ്പന്റെ കടുത്ത ഭക്തയായത് എങ്ങനെയാണെന്ന് ഗുരുവായൂരിൽ പോയ വീഡിയോ പങ്കുവച്ചുകൊണ്ട് കുറിച്ചിരിക്കുകയാണ്. “ഇന്ന് നിങ്ങളെല്ലാം അറിയപ്പെടുന്ന വിധത്തിൽ ഞാൻ എത്തിയെങ്കിൽ അത് കണ്ണന്റെ അനുഗ്രഹം കൊണ്ടാണ്. കണ്ണന്റെ വലിയ ഭക്തയാണ് ഞാൻ. നേരത്തെ സീരിയൽ ചെയ്തിരുന്നെങ്കിലും ഗുരുവായൂരപ്പൻ സീരിയലിൽ അഭിനയിച്ച ശേഷമാണ് പ്രേക്ഷകർ എന്നെ തിരിച്ചറിഞ്ഞ് തുടങ്ങിയത്.

ഗുരുവായൂരപ്പൻ സീരിയലിൽ മഞ്ജുള ആയാണ് ഞാൻ തുടങ്ങുന്നത്. ഗുരുവായൂരപ്പന് തുളസിമാല കെട്ടികൊടുക്കുന്ന മഞ്ജുളയായിരുന്നു ഞാൻ. കുഞ്ഞിലെ അച്ഛനും അമ്മയ്ക്കും ഒപ്പമാണ് ഞാൻ ആദ്യമായി ക്ഷേത്രത്തിൽ വരുന്നത്. അന്ന് തിരക്കിൽ മണിക്കൂറാളം ക്യു നിന്ന ശേഷമാണ് ഗുരുവായൂരപ്പനെ കാണാൻ പറ്റിയത്. എങ്കിലും ശരിക്കൊന്ന് കാണാൻ പറ്റിയില്ല. പിന്നീട് ഗുരുവായൂർ അപ്പൻ സീരിയലിൽ അഭിനയിച്ചു.

അതിന് ശേഷം ഗുരുവായൂരിൽ വന്നാൽ ഗുരുവായൂരപ്പന്റെ മഞ്ജുള എന്ന ലേബലിൽ എനിക്ക് ക്യു നിൽക്കാതെ തൊഴാൻ അവസരം ലഭിച്ചിട്ടുണ്ട്. ഇപ്പോഴിതാ അങ്ങനെയാണ് ക്ഷേത്രത്തിൽ എത്തുമ്പോൾ ക്യു നിൽക്കാതെ തൊഴാൻ പറ്റുന്നത്. ഗുരുവായൂരപ്പൻ സീരിയലിന് ശേഷമാണ് ഞാൻ കടുത്ത വിശ്വാസിയായി മാറിയത്. മത്സ്യ – മാംസങ്ങെളൊന്നും ഭക്ഷിക്കുമായിരുന്നില്ല. പ്യുവർ വെജ് ആയിരുന്നു ഞാൻ. പിന്നീട് വിവാഹത്തിന് ശേഷം അതൊക്കെ മാറി..”, ശ്രീക്കുട്ടി പറഞ്ഞു.