അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠ ചടങ്ങിന്റെ സമയത്ത് വീടുകളിൽ ദീപം തെളിയിക്കണമെന്ന് പറഞ്ഞ ഗായിക കെ.എസ് ചിത്രയ്ക്ക് എതിരെ വലിയ രീതിയിൽ വിമർശനം വന്നപ്പോൾ ഗായകനായ ജി വേണുഗോപാൽ ചിത്രയെ പിന്തുണച്ചുകൊണ്ട് ഒരു പോസ്റ്റ് ഇട്ടിരുന്നു. എന്നാൽ ചിത്രയോട് ഒരു തവണ ക്ഷമിച്ചുകൂടെ എന്ന് എഴുതിയ ജി വേണുഗോപാലിന് എതിരെ വിമർശനവുമായി എത്തിയിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ.
“നമ്മുടെ രാജ്യത്ത് ഏതൊരു പൗരനും ഭരണഘടന നൽകുന്ന ഒരു മൗലിക അവകാശമുണ്ട്. ആർട്ടിക്കിൾ 25,26 എന്നിവയിൽ പറയുന്ന മതസ്വാതന്ത്യമാണ്. മറ്റൊരു മതത്തെ നിന്ദിക്കാൻ പാടില്ല എന്നതും അതിലുണ്ട്. ഈ അടുത്തിടെ ഗായിക ശ്രീമതി കെ.എസ് ചിത്ര ഒരു വീഡിയോയിൽ പറയുന്നത് ഇങ്ങനെയാണ്. അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠ ചടങ്ങ് നടക്കുന്ന സമയത്ത് എല്ലാവരുടെയും വീടുകളിൽ രാമനാമം ജപിക്കുക, അന്നത്തെ ദിവസം വൈകുന്നേരങ്ങളിൽ ദീപം തെളിക്കുക എന്ന കാര്യമാണ്.
ഇത് പറഞ്ഞതിന്റെ പേരിൽ വളരെ വ്യാപകമായ ആക്രമണമാണ് ചിത്ര ചേച്ചിക്ക് എതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്നത്. നെല്ല് വിഷയത്തിൽ സർക്കാരിനെ വിമർശിച്ച ജയസൂര്യയ്ക്ക് കിട്ടിയത് പോലെ, പ്രധാനമന്ത്രിയുടെ ചടങ്ങിൽ പങ്കെടുത്ത നടി ശോഭനയ്ക്ക് കിട്ടിയതുപോലെ ചിത്ര ചേച്ചിക്കും കിട്ടി. അങ്ങനെ വളരെ വ്യാപകമായി ചിത്ര ചേച്ചി സോഷ്യൽ മീഡിയയിൽ വിമർശനത്തിന് വിധേയമായി കൊണ്ടിരിക്കുകയാണ്.
ഇവിടെ ചിത്ര ചേച്ചി ചെയ്ത തെറ്റ് എന്താണ്? ഒരു തെറ്റും ചെയ്തിട്ടില്ല. രാമക്ഷേത്രവുമായി ബന്ധപ്പെട്ടാണല്ലോ ഇത് പറയപ്പെടുന്നത്. ഇതിന്റെ അന്തിമവിധി സുപ്രീം കോടതി വിധിച്ചിട്ടുള്ളതാണ്. അതുകൊണ്ട് തന്നെ അതുമായി നടത്തിയ ഒരു പ്രതികരണം പറയാൻ ചിത്ര ചേച്ചിക്ക് മാത്രം അനുവാദമില്ല എന്നൊന്നും പറയാൻ പറ്റില്ല. ചിത്ര ചേച്ചിയെ വിമർശിക്കുന്നവർക്ക് അഭിപ്രായ സ്വാതന്ത്ര്യമോ മതസ്വാതന്ത്യമോ എന്താണെന്ന് അറിയില്ല. ഈ കൂട്ടരേ പരിഗണിക്കേണ്ട യാതൊരു ആവശ്യകതയും ചിത്ര ചേച്ചിക്കില്ല.
എന്നെ ഇതിൽ ഞെട്ടിച്ചത് ചിത്ര ചേച്ചിക്ക് പിന്തുണ നൽകിയ ചില ആൾക്കാരുടെ പ്രസ്താവനകളാണ്. ഗായകൻ ശ്രീ ജി വേണുഗോപാലിന്റെ ഒരു പോസ്റ്റാണ് എന്നെ ഞെട്ടിച്ചത്. അദ്ദേഹം ഇട്ട പോസ്റ്റിൽ ഒരു ഭാഗത്ത് ന്യായീകരിക്കുന്നുണ്ടെങ്കിലും മറ്റൊരു ഭാഗത്ത് ഈയൊരു തവണ നമ്മുക്ക് ചിത്ര ചേച്ചിയോട് ക്ഷമിച്ചോടെ എന്ന് എഴുതിയിട്ടുണ്ട്. എന്തിന്റെ പേരിലാണ് ഇവിടെ ക്ഷേമിക്കേണ്ടി വരുന്ന ഒരു സാഹചര്യം ഉള്ളത്? ഒരു തവണ ക്ഷമിച്ചാലും അത് കാര്യം വീണ്ടും ആവർത്തിച്ചാൽ അപ്പോൾ കുറ്റപ്പെടുത്താം എന്നാണോ?
ഇത് ജി വേണുഗോപാലിന്റെ ഭാഗത്ത് നിന്നും വന്ന തീർത്തും അപക്വമായ ഒരു പ്രസ്താവനയാണ്. ഇതിൽ ചിത്ര ചേച്ചി ഒരു തെറ്റും ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ ക്ഷമിക്കുക എന്നൊരു കാര്യം അവിടെ ഉദിക്കുന്നതെ ഇല്ല. ഒരു തവണയല്ല, എത്ര തവണ ഇത് പറഞ്ഞാലും അത് നിയമവിധേയമായ ഒരു കാര്യമാണ്. അതുകൊണ്ട് തന്നെ ചിത്ര ചേച്ചി ചെയ്ത ഈ കാര്യത്തിൽ ക്ഷമ ചോദിക്കുക ക്ഷേമിക്കേണ്ടി വരികയോ എന്നൊരു കാര്യമില്ല..” ശ്രീജിത്ത് പണിക്കർ പ്രതികരിച്ചു.