സിനിമയിൽ ഗായികയായി മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള ഒരാളാണ് സിത്താര കൃഷ്ണകുമാർ. സ്കൂൾ തലത്തിൽ മുതൽ കഴിവ് തെളിയിച്ചിട്ടുള്ള സിത്താര, കോളേജ് പഠന കാലത്ത് കലാതിലകമായി മാറിയിട്ടുണ്ട്. 2007-ൽ വിനയൻ സംവിധാനം ചെയ്യുന്ന സിനിമയിലൂടെയാണ് ഗായികയായി സിത്താര തുടക്കം കുറിക്കുന്നത്. അതിന് മുമ്പ് സിത്താര സ്വകാര്യ ചാനലുകളിലെ റിയാലിറ്റി ഷോയിലൊക്കെ പങ്കെടുത്തിട്ടുമുണ്ട്.
ഗായികയായി സിനിമയിൽ തിളങ്ങി നിൽക്കുന്നതിന് മുമ്പായിരുന്നു സിത്താരയുടെ വിവാഹം. കാർഡിയോളജിസ്റ്റായ ഡോക്ടർ സജീഷ് എമാണ് ഭർത്താവ്. ഒരു മകളാണ് സിത്താരയ്ക്ക് ഉള്ളത്. സാവാൻ ഋതു എന്നാണ് മകളുടെ പേര്. അമ്മയെ പോലെ തന്നെ സിത്താരയുടെ മകളും മനോഹരമായി പാടുന്ന ഒരാളാണ്. അമ്മയ്ക്ക് ഒപ്പം ടെലിവിഷൻ ഷോകളിൽ വന്ന് പാടിയിട്ടുള്ള മകളുടെ വീഡിയോസ് ഒക്കെ വൈറലാണ്.
ഇപ്പോഴിതാ സിത്താരയുടെ മകളുടെ ജന്മദിനത്തിൽ ആശംസകൾ നേർന്ന് സിത്താര പങ്കുവച്ചിരിക്കുന്ന പോസ്റ്റാണ് ശ്രദ്ധനേടുന്നത്. “ഈ സുന്ദരമായ സ്വർഗം എൻ്റെ കൈകളിൽ കിട്ടിയിട്ട് 11 വർഷമായി! കുഞ്ഞുമണി, നീ ദയയും സ്നേഹവും നർമ്മബോധവുമുള്ള ഒരു കൊച്ചുകുട്ടിയാണ്! ആർക്കോ മറ്റ് എന്തിനോ വേണ്ടിയും നീ ഒരിക്കലും മാറരുത്. ധൈര്യമായിരിക്കുക, മറ്റുള്ളവരോട് ദയ കാണിക്കുകയും ചെയ്യുക!
നീ അമ്മയുടെ ഉറ്റ ചങ്ങാതിയാകുമെന്ന് എനിക്കറിയാം! ജന്മദിനാശംസകൾ, സ്വാതേ..”, സിത്താര മകളുടെ ഒരു ഫോട്ടോ പങ്കുവച്ചുകൊണ്ട് കുറിച്ചു. പോസ്റ്റിന് താഴെ സിത്താരയെ ഇഷ്ടപ്പെടുന്നവർ മകൾക്ക് ആശംസകൾ നേർന്നുളള കമന്റുകളാണ് ഇട്ടിരിക്കുന്നത്. സിത്താരയുടെ മകൾ സിത്താരയെ പോലെ തന്നെയാണ് ഇരിക്കുന്നതെന്ന് പലപ്പോഴും മലയാളികൾ പറഞ്ഞിട്ടുണ്ട്. അമ്മയുടെ കഴിവും അതെ പോലെ കിട്ടിയിട്ടുണ്ടെന്നും ആളുകൾ പറഞ്ഞിട്ടുണ്ട്.