‘കലാകാരന് മതവും രാഷ്ട്രിയവും ഇല്ല! ഞങ്ങൾ കലാകാരന്മാരെ തമ്മിലടിപ്പിക്കാൻ നോക്കേണ്ട..’ – പ്രതികരിച്ച് ബാബു രാജ്

നടൻ ഷെയിൻ നിഗത്തിന് എതിരെയായുള്ള വിമർശനങ്ങൾക്ക് എതിരെ പ്രതികരിച്ച് ബാബു രാജ്. പുതിയ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി മാളിൽ എത്തിയപ്പോഴാണ് ബാബു രാജ് കലാകാരന്മാർക്ക് മതവും രാഷ്ട്രീയവും ഒന്നുമില്ലെന്നും ഞങ്ങളെ തമ്മിലടിപ്പിക്കാൻ നോക്കേണ്ടായെന്നും ബാബു രാജ് പ്രതികരിച്ചു. തനിക്കൊരു ദുഖം പങ്കുവെക്കാനുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് ബാബു രാജ് ആളുകളോട് സംസാരിച്ചത്. പിന്നീട് ഷെയിൻ, ഉണ്ണി വിഷയമായി ബന്ധപ്പെട്ട് പ്രതികരിച്ചു.

“ഈ സന്തോഷത്തിനിടയിലും ഞാനൊരു ചെറിയ ദുഖം പങ്കുവെച്ചോട്ടെ? ഞാൻ 1994-ൽ സിനിമയിൽ വന്ന ആളാണ്. പക്ഷേ ഇപ്പോൾ ഈ 2024-ൽ എത്തി നിൽക്കുമ്പോൾ എന്റെ മനസ്സിൽ ഒരു വിഷമമുണ്ട്. സിനിമയ്ക്ക് അല്ലെങ്കിൽ കലാകാരന്മാർക്ക് രാഷ്ട്രീയം, മതം, വർഗം ഇതൊന്നും പാടില്ല എന്നാണ് എന്റെ അഭിപ്രായം. അത് വളരെ തെറ്റാണ്. ഞങ്ങളുടെ സിനിമയിൽ ഷെയിൻ നിഗം എന്ന മുസ്ലിം സമുദായത്തിൽപ്പെട്ട ഒരാൾ മാത്രമല്ല ചെയ്തത്.

ഇവിടെ ക്രിസ്ത്യാനിയുണ്ട്, ഹിന്ദുവുണ്ട് എല്ലാവരുമുണ്ട്. ഇവിടെ പൈസ മുടക്കിയിരിക്കുന്ന സാന്ദ്രയുടെ പൈസയ്ക്ക് നിറമില്ല, കൊടിയില്ല, മതമില്ല ഒന്നുമില്ല! അപ്പോൾ അങ്ങനെ കാണരുത്. ഒരിക്കലും ഒരു കലാകാരനെ ഒരു കൊടിയുടെയോ മതത്തിന്റെയോ ഇതിൽ കാണരുത്. വളരെ വിഷമത്തോടെയാണ് ഞാൻ ഈ കാര്യം പറയുന്നത്. ഞാൻ ആരെയും വേദനിപ്പിക്കാൻ പറയുകയല്ല, എന്തെല്ലാം സ്റ്റേറ്റുമെന്റുകളാണ് ഇടുന്നത്.

എന്തെല്ലാം വിവാദങ്ങളാണ് ഉണ്ടായത്. നിങ്ങൾക്ക് അറിയുമോ ഉണ്ണി മുകുന്ദൻ എന്ന് പറയുന്ന ഞങ്ങളുടെ സുഹൃത്ത്, ഞാൻ ഈ സിനിമയുടെ ട്രെയിലർ അയച്ച് കൊടുത്തപ്പോൾ, ഉണ്ണി അത് കണ്ടിട്ട്, ബാബു ചേട്ടാ ഒരു സാൾട്ട് ആൻഡ് പേപ്പറിന്റെ ഫീൽ അടിക്കുന്നുണ്ടെന്ന് പറഞ്ഞു. ഉണ്ണിയോട് ചോദിച്ചാൽ അറിയാം. അങ്ങനെ പറഞ്ഞിട്ടുള്ള ഒരാളാണ് ഉണ്ണി. ഞങ്ങൾ കലാകാരന്മാരെ തെറ്റിക്കാൻ നിങ്ങൾ നോക്കേണ്ട! അത് നടക്കില്ല.

ഇതുമായി ബന്ധപ്പെട്ട് എന്തൊക്കെ വിവാദങ്ങൾ ഉണ്ടായെങ്കിലും അത് പാടില്ല എന്നൊരു അഭിപ്രായം ഉള്ളയൊരാളാണ് ഞാൻ. ഈ അടുത്തിടെ മമ്മൂക്ക എന്നോട് പറഞ്ഞു, “നമ്മുക്ക് ഇപ്പോൾ ഒരു തമാശ പറയണമെങ്കിൽ, അവന്റെ ജാതിയും മതവും കൊടിയും രാഷ്ട്രീയവും ഒക്കെ നോക്കേണ്ട അവസ്ഥ ആണെന്ന്..”! ഇത് പാടില്ല.. ഞങ്ങളെ വെറുതെ വിടൂ.. ഇത് മാത്രമാണ് എനിക്ക് നിങ്ങളോട് പറയാനുള്ളത്..”, ബാബു രാജ് പറഞ്ഞു.