‘എനിക്ക് പേരിട്ടതും ചോറ് തന്നതും എഴുത്തിന് ഇരുത്തിയതും അമൃതാനന്ദമയി അമ്മയാണ്..’ – തുറന്ന് പറഞ്ഞ് അമൃത സുരേഷ്

അമൃതാനന്ദമയി അമ്മയുടെ കടുത്ത ഭക്തരായിട്ടുള്ള സിനിമ, സീരിയൽ താരങ്ങളെ പലരെയും നമ്മൾ കണ്ടിട്ടുണ്ട്. ഗായകരും ഇതുപോലെ അമൃതാനന്ദമയിയുടെ ഭക്തരാണ്. ഈ അടുത്തിടെ ആയിരുന്നു അമൃതാനന്ദമയി അമ്മയുടെ എഴുപതാം പിറന്നാൾ. സപ്തതി വലിയ രീതിയിലാണ് അമൃതാനന്ദമയി മഠം കൊണ്ടാടിയത്. സിനിമ, പൊതു രംഗത്ത് പ്രവർത്തിക്കുന്ന പ്രമുഖർ ആഘോഷത്തിൽ പങ്കെടുത്തിരുന്നു.

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഗായകരിൽ ഒരാളാണ് അമൃത സുരേഷ്. അമൃത സുരേഷും അമൃതാനന്ദമയി അമ്മയുടെ കടുത്ത ഭക്തയാണ്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അമൃത സ്വന്തമായി ഒരു വീട് കൂടി ഇനി വെക്കണമെന്ന ആഗ്രഹം പങ്കുവച്ചിരുന്നു. തന്റെ മരിച്ചുപോയ അച്ഛന്റെ വലിയ ആഗ്രഹമാണ് അതെന്ന് അമൃത പങ്കുവെക്കുകയാണ്. “ഇനി എനിക്കൊരു വീട് കൂടി വെക്കണം.. അത് മറ്റൊരു അമൃതവർഷിണി ആയിരിക്കും.

ഒരുപാട് പറമ്പുള്ള ഒരു വീട് അച്ഛന്റെ ആഗ്രഹമായിരുന്നു. എന്റെ ഏറ്റവും വലിയ സ്വപ്നമാണ് അങ്ങനെയൊരു വീട്. ഫ്ലാറ്റിനേക്കാൾ എനിക്ക് ഇഷ്ടം വീടാണ്. ജോലിയുടെ സൗകര്യത്തിന് വീട് ടൗണിൽ തന്നെയാകണം. ഞാനും അഭിരാമിയും ജനിച്ചുവളർന്നത് ടൗണിൽ തന്നെയാണ്. വലിയ പച്ചപ്പും ഹരിത ഭംഗിയും ഒന്നും വേണ്ട. സിറ്റിയിൽ നിന്ന് ഒരുപാട് മാറിപോകാതെ ടൗണിൽ തന്നെ വീട് വെക്കണമെന്നാണ് ആഗ്രഹം.

ഒരു വലിയ പൂജ മുറിയുണ്ടാകണം. അവിടെ അമൃതാനന്ദമയി അമ്മയെ കൊണ്ടുവരണം എന്നാണ് എന്റെ ആഗ്രഹം. എനിക്കും അഭിരാമിക്കും പേരിട്ടതും ചോറൂണ് തന്നതും എഴുത്തിന് ഇരുത്തിയതുമെല്ലാം അമൃതാനന്ദമയി അമ്മയാണ്. ആ വീടിന് അമൃതവർഷിണി എന്ന് തന്നെ പേരിടും..”, അമൃത തന്റെ ആരാധകർ വെളിപ്പെടുത്തി. വിവാഹ ബന്ധം വേർപ്പെടുത്തിയ അമൃതയ്ക്ക് അവന്തിക എന്ന പേരിൽ ഒരു മകളുണ്ട്.