‘ശ്രീകൃഷ്ണ വിഗ്രഹത്തിന് മുന്നിൽ കണിയൊരുക്കി, വിഷുസദ്യ വിളമ്പി..’ – വിഷു ആഘോഷിച്ച് സിദ്ധിഖും കുടുംബവും

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് സിദ്ധിഖ്. സിദ്ധിഖും കുടുംബവും വിഷു ആഘോഷിക്കുന്ന ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്. സിദ്ധിഖിന്റെ മകനും നടനുമായ ഷഹീൻ സിദ്ധിഖാണ് ചിത്രങ്ങൾ പങ്കുവച്ചത്. “വിഷു 2024” എന്ന കുറിച്ചുകൊണ്ടാണ് ചിത്രങ്ങൾ പങ്കുവച്ചത്. വിഷു കണിയൊരുക്കുകയും അതുപോലെ വിഷു സദ്യ കഴിക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്.

ശ്രീകൃഷ്ണ വിഗ്രഹത്തിന് മുന്നിൽ ആറന്മുള കണ്ണാടി, പഴവർഗങ്ങൾ, മഞ്ചാടിയും, പുതിയ മുണ്ടും എല്ലാം ഓട്ടുരുളിയിൽ വച്ച് കണിയൊരുക്കിയിരിക്കുന്ന ചിത്രങ്ങളാണ് ഷഹീൻ പങ്കുവച്ചിട്ടുള്ളത്. കുടുംബത്തിന്റെ ഗ്രൂപ്പ് ഫോട്ടോയും അതുപോലെ വിഷുസദ്യ ഒരുക്കുകയും അത് കഴിക്കുന്നതുമൊക്കെ ഷഹീൻ പോസ്റ്റ് ചെയ്തിരുന്നു. സിദ്ധിഖിന്റെ മകനായ സാപ്പി എന്ന് വിളിപ്പേരുള്ള റാഷിന്‍ സദ്യ കഴിക്കുന്ന ചിത്രമാണ് ഷഹീൻ പങ്കുവച്ചത്.

അച്ഛന്റെ പാത പിന്തുടർന്ന് സിനിമയിലേക്ക് എത്തിയ മകനാണ് ഷഹീൻ. ഷഹീൻ വിവാഹം കഴിച്ചിരിക്കുന്നത് ഹിന്ദുവായ അമൃത ദാസിനെയാണ്. അമൃത ഡോക്ടറാണ്. 2022-ലായിരുന്നു ഇരുവരുടെയും വിവാഹം. അമൃതയ്ക്ക് ഒപ്പമുള്ള ചിത്രങ്ങളും ഷഹീൻ പോസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു. 2015-ൽ മമ്മൂട്ടി നായകനായ പത്തേമാരി എന്ന സിനിമയിലൂടെയാണ് ഷഹീൻ സിനിമയിലേക്ക് എത്തുന്നത്.

അതിൽ മമ്മൂട്ടിയുടെ മകനായിട്ടാണ് ഷഹീൻ അഭിനയിച്ചത്. കസബ, ടേക്ക് ഓഫ്, ഒരു കുട്ടനാടൻ ബ്ലോഗ്, ഒറ്റക്കൊരു കാമുകൻ, വിജയ് സൂപ്പറും പൗർണമിയും, സല്യൂട്ട്, ഷെഫീഖിന്റെ സന്തോഷം, ക്രിസ്റ്റഫർ തുടങ്ങിയ മലയാള സിനിമകളിൽ ഷഹീൻ അഭിനയിച്ചിട്ടുണ്ട്. കല്യാണി പ്രിയദർശൻ പ്രധാന വേഷത്തിൽ എത്തിയ ശേഷം മൈക്കിൽ ഫാത്തിമയാണ് ഷഹീന്റെ അവസാനം റിലീസ് ആയത്.