‘എന്റെ അമ്മയുടെ ജന്മദിനമാണ്! ഈ മാലാഖയുടെ മകളായി ജനിച്ചത് ഭാഗ്യമാണ്..’ – സുജാതയ്ക്ക് പിറന്നാൾ ആശംസിച്ച് ശ്വേത

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഗായികമാരിൽ ഒരാളാണ് സുജാത മോഹൻ. ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ സിനിമയിൽ ഗായികയായി മാറിയ സുജാത കഴിഞ്ഞ 49 വർഷമായി തെന്നിന്ത്യൻ സിനിമ മേഖലയിൽ സജീവമായി ഗായികയായി തിളങ്ങി നിൽക്കുന്ന ഒരാളാണ്. പതിനായിരത്തിന് മുകളിൽ ഗാനങ്ങൾ സുജാത പാടിയിട്ടുണ്ട്. നിരവധി തവണ കേരള, തമിഴ് നാട് സർക്കാരുകളുടെ മികച്ച ഗായികയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

1981-ലാണ് സുജാത വിവാഹിതയാകുന്നത്. ഏകമകളായ ശ്വേത മോഹൻ സിനിമയിൽ ഗായികയാണ്. അമ്മയെ പോലെ തന്നെ നിരവധി ഗാനങ്ങൾ ഇതിനോടകം ശ്വേതയും പാടിയിട്ടുണ്ട്. ഗായകൻ ജി വേണുഗോപാലും അന്തരിച്ച ഗായികയായ രാധിക തിലകും സുജാതയുടെ അടുത്ത ബന്ധുക്കളാണ്. 1963 മാർച്ച് 31-നാണ് സുജാത ജനിച്ചത്. ഈ കഴിഞ്ഞ ദിവസം സുജാതയുടെ അറുപത്തിയൊന്നാം ജന്മദിനം ആയിരുന്നു.

ഇപ്പോഴിതാ സുജാതയുടെ ജന്മദിനത്തിൽ ആശംസകൾ നേർന്ന് കൊണ്ട് മകൾ ശ്വേത ഇട്ട പോസ്റ്റാണ് ശ്രദ്ധനേടുന്നത്. “ഇന്ന് എന്റെ അമ്മയുടെ ജന്മദിനമാണ്.. ഈ മാലാഖയ്ക്ക് ജനിക്കാൻ കഴിഞ്ഞത് ഭാഗ്യം.. അമ്മയുടെ ജന്മദിനത്തിൽ ഇന്നും എന്നും നിങ്ങളുടെ പ്രാർത്ഥനയും അനുഗ്രഹവും തേടുന്നു..”, ശ്വേതാ അമ്മയുടെ കൂടെയുള്ള ഫോട്ടോ പങ്കുവച്ചുകൊണ്ട് കുറിച്ചു. നിരവധി പേരാണ് സുജാതയ്ക്ക് പിറന്നാൾ ആശംസിച്ച് കമന്റുകൾ ഇട്ടത്.

ഗായിക കെ.എസ് ചിത്രയും പ്രിയ സുഹൃത്തിന്റെ ജന്മദിനത്തിന് ആശംസകൾ അറിയിച്ച് പോസ്റ്റ് ഇട്ടിട്ടുണ്ടായിരുന്നു. “പ്രിയപ്പെട്ട സുജുവിന് ജന്മദിനാശംസകൾ. ജന്മദിനങ്ങൾ കാലത്തിന്റെ വിശാലമായ ചിറകിലെ തൂവലുകളാണ്. പാടുന്നതിനേക്കാൾ നല്ലത് കൂടുതൽ പാടുക എന്നതാണ്. നിങ്ങളുടെ എല്ലാ ആരാധകർക്കും വേണ്ടി പാടുന്നത് തുടരുക. ദൈവം നിന്നെ അനുഗ്രഹിക്കട്ടെ..”, ചിത്ര സുജാതയ്ക്ക് ഒപ്പമുള്ള ഫോട്ടോ പങ്കുവച്ച് കുറിച്ചു.