പുതിയ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടി നിഖില വിമൽ ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ ചർച്ചയായിക്കൊണ്ടിരിക്കുകയാണ്. തന്റെ നാട്ടിൽ മുസ്ലിം വിവാഹത്തിൽ പങ്കെടുക്കാൻ പോയപ്പോൾ സ്ത്രീകൾ അടുക്കള ഭാഗത്ത് ഇരുന്നാണ് കഴിക്കുന്നതെന്ന് പറഞ്ഞിരുന്നു. ഇത് സത്യമാണെന്ന് നിരവധി പേർ അഭിപ്രായപെട്ട് കമന്റുകൾ ഇടുകയും ചെയ്തിരുന്നു.
എന്നാൽ നിഖിലയെ വിമർശിച്ചും സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ സംഘി പട്ടം ചാർത്തിയും ഒരു കൂട്ടർ സൈബർ അറ്റാക്ക് നടത്തുന്നുണ്ട്. രാഷ്ട്രീയ നിലപാടുകളുടെ കാര്യത്തിൽ ഒരു കമ്മ്യൂണിസ്റ്റുകാരിയാണ് താനെന്ന് വെളിപ്പെടുത്തിയിട്ടുള്ള ഒരാളാണ് നിഖില. നിഖില പറഞ്ഞ കാര്യങ്ങളെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് നടനും വക്കീലുമായ ഷുക്കൂർ. നിഖില പറഞ്ഞ ഒരു കാര്യത്തിൽ എതിർ അഭിപ്രായവുമുണ്ട് ഷുക്കൂർ വക്കീലിന്.
മുസ്ലിം സ്ത്രീകൾക്ക് എതിരെ മാത്രമല്ലേ ഈ വിവേചനമുള്ളൂ എന്നായിരുന്നു ഷുക്കൂർ വക്കീലിന്റെ ചോദ്യം. മുസ്ലിം അല്ലാത്ത സ്ത്രീകൾക്ക് വിവാഹത്തിൽ പങ്കെടുക്കാൻ മുൻ വഴി തന്നെ പ്രവേശനം ലഭിക്കാറുണ്ടെന്നും പുരുഷ കേസരികളുടെ ഒപ്പം ഒരേ ടേബിളിൽ മുസ്ലിം അല്ലാത്ത സ്ത്രീകൾ ഒന്നിച്ച് ഇരുന്ന് ഭക്ഷണം കഴിക്കുന്ന നിരവധി ദൃശ്യങ്ങൾ വിവാഹ ആൽബങ്ങൾ പരിശോധിച്ചാൽ കാണാമെന്നും അദ്ദേഹം കുറിച്ചു.
എങ്കിലും ചിലയിടത്ത് മുസ്ലിം സ്ത്രീകൾ ഈ പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്ന് അദ്ദേഹത്തിനും അഭിപ്രായമുണ്ട്. കല്യാണ പന്തലിൽ നിന്നും എപ്പോഴാണ് ലിംഗവിവേചനം ഒഴിഞ്ഞു പോവുകയെന്നും അദ്ദേഹം ചോദിക്കുന്നു. ഷുക്കൂർ വക്കീൽ ഇട്ട പോസ്റ്റിന് താഴെയും നിരവധി പേരാണ് നിഖിലയെ വിമർശിച്ച് കമന്റുകൾ ഇട്ടിരിക്കുന്നത്. ഷുക്കൂർ വക്കീലിനും തങ്ങളുടെ മുസ്ലിം വിരുദ്ധ മനോഭാവം അവസാനിപ്പിക്കണമെന്ന് സൂചിപ്പിച്ച് കമന്റുകൾ വന്നിട്ടുണ്ട്.