ടെലിവിഷൻ പരമ്പരകളിൽ റേറ്റിംഗിൽ ഏറെ മുന്നിൽ നിൽക്കുന്ന ഒരു പരമ്പരയാണ് ഏഷ്യാനെറ്റിലെ മൗനരാഗം. നിരവധി പ്രേക്ഷകരുള്ള പരമ്പര 900 എപ്പിസോഡുകൾ പിന്നിട്ട് യാത്ര തുടരുകയാണ്. ഊമയായ ഒരു പെൺകുട്ടിയെ ചുറ്റുപറ്റി നടക്കുന്ന കഥയാണ് മൗനരാഗത്തിന്റേത്. കല്യാണി, കിരൺ, വിക്രം, സോണിയ തുടങ്ങിയ പ്രധാന കഥാപാത്രങ്ങളെ കൂടാതെ വേറെയും നിരവധി കഥാപാത്രങ്ങൾ സീരിയലിലുണ്ട്.
സീരിയലിൽ വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രമാണ് സോണിയ. നായികാ കഥാപാത്രം കഴിഞ്ഞാൽ രണ്ടാമത്തെ പ്രധാന സ്ത്രീ കഥാപാത്രമായിട്ട് കാണുന്ന ഒന്നാണ് സോണിയ. ആവണി നായർ എന്ന താരമായിരുന്നു ആ കഥാപാത്രത്തെ ആദ്യം അവതരിപ്പിച്ചിരുന്നത്. പിന്നീട് തമിഴ് സീരിയൽ നടിയായ ശ്രീശ്വേത മഹാലക്ഷ്മി എന്ന താരം സോണിയയായി പരമ്പരയിലേക്ക് വരികയും പ്രേക്ഷകർ സ്വീകരിക്കുകയും ചെയ്തിരുന്നു.
72-മതെ എപ്പിസോഡ് മുതൽ ഇന്ന് വരെ ആ കഥാപാത്രം ചെയ്തിരുന്നത് ശ്രീശ്വേത ആയിരുന്നു. ശ്രീശ്വേത അതിൽ നിന്ന് പിന്മാറുകയാണെന്ന് ഇപ്പോൾ തന്റെ ആരാധകരെ അറിയിച്ചിരിക്കുകയാണ്. “സോണി എന്ന നിലയിൽ ഇത് അവസാന വീഡിയോയായിരിക്കും. മനോഹരമായ ഒരു കഥാപാത്രമായിരുന്നു ഇത്. നിർഭാഗ്യവശാൽ എനിക്ക് ഈ കഥാപാത്രത്തോട് ഒപ്പം അവസാനം വരെ സഞ്ചരിക്കാൻ കഴിയില്ല. ഒരുപക്ഷേ ഈ പ്രപഞ്ചത്തിന് എന്നെ സംബന്ധിച്ച് വേറെ പദ്ധതികൾ ഉണ്ടായിരിക്കാം.
എല്ലാം സംഭവിക്കുന്നത് ഒരു കാരണത്താലാണ്, ഇതും അതുപോലെ ആയിരിക്കും. നിങ്ങൾ എല്ലാവരും മനസ്സിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു. ‘സോണിയ’ എപ്പോഴും എന്റെ ഹൃദയത്തോട് ചേർന്നു നിൽക്കും. നിങ്ങളുടെ നിരുപാധികമായ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി..”, ശ്രീശ്വേത സീരിയലിൽ നിന്ന് പിന്മാറിയെന്ന് സൂചിപ്പിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ കുറിച്ചു. സീരിയലിൽ കല്യാണിയായി അഭിനയിക്കുന്ന ഐശ്വര്യ നിന്നെ മിസ് ചെയ്യുമെന്ന് പോസ്റ്റിന് താഴെ കമന്റ് ഇട്ടിട്ടുണ്ട്.