‘മാത്യുവും നരസിംഹയും വീണ്ടും ഒന്നിക്കുന്നു!! വരുന്നത് പ്രഭാസിന്റെ പാൻ ഇന്ത്യ ചിത്രം..’ – പ്രതീക്ഷയോടെ ആരാധകർ

രജനികാന്ത് നായകനായി ജയിലർ എന്ന സിനിമയിൽ അതിഥി വേഷങ്ങളിൽ അഭിനയിച്ച് കൈയടി നേടിയ രണ്ട് സൂപ്പർസ്റ്റാറുകളായിരുന്നു മലയാളത്തിന്റെ സ്വന്തം മോഹൻലാലും കന്നടയുടെ സ്വന്തം ശിവരാജ് കുമാറും. ഇരുവരും ഒരുമിച്ച് സീനുകൾ ഒന്നുമില്ലെങ്കിലും രണ്ടുപേരെയും അടുത്തടുത്ത് കാണിക്കുന്ന ക്ലൈമാക്സ് സീനിൽ തെന്നിന്ത്യയിലെ ഒട്ടുമിക്ക തിയേറ്ററും പൂരപ്പറമ്പായി എന്ന് തന്നെ വേണം പറയാൻ.

600 കോടിയിൽ അധികം രൂപയാണ് ജയിലർ കളക്ഷൻ നേടിയത്. ജയിലറിൽ മോഹൻലാൽ മാത്യു എന്ന കഥാപാത്രവും ശിവരാജ് കുമാർ നരസിംഹ എന്ന കഥാപാത്രമായിട്ടുമാണ് അഭിനയിച്ചത്. ജയിലറിൽ ക്ലൈമാക്സിൽ വന്ന് കൈയടി വാരിക്കൂട്ടിയ ഈ കോംബോ ഒന്ന് കൂടി കാണാൻ ആഗ്രഹിക്കുന്നവരാണ് പ്രേക്ഷകരിൽ പലരും. പൃഥ്വിരാജിന്റെ ഒരു സിനിമയിൽ താൻ അഭിനയിക്കുന്നുണ്ടെന്ന് ശിവരാജ് കുമാർ വെളിപ്പെടുത്തിയിരുന്നു.

അത് മോഹൻലാലിനെ വച്ച് പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ രണ്ടാം ഭാഗം ആണോ എന്ന വ്യക്തമല്ല. പക്ഷേ ആ സംശയങ്ങൾ അങ്ങോട്ട് മാറ്റിനിർത്തി ഇരുവരും വീണ്ടും ഒന്നിച്ച മറ്റൊരു സിനിമയിൽ വരാൻ പോകുന്നുവെന്ന് ഇപ്പോൾ സ്ഥിരീകരണം വന്നിരിക്കുകയാണ്. തെലുങ്ക് നടൻ മോഹൻ ബാബുവിന്റെ മകനും നടനുമായ വിഷ്ണു മഞ്ചു നായകനായി അഭിനയിക്കുന്ന കണ്ണപ്പാ എന്ന ചിത്രത്തിലാണ് ഇത് സംഭവിക്കുന്നത്.

മോഹൻലാലും പ്രഭാസും ഇതിൽ അതിഥി വേഷങ്ങളിൽ തന്നെ അഭിനയിക്കുന്നുണ്ടെന്ന് നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ചിത്രത്തിൽ ശിവരാജ് കുമാറും അതിഥി വേഷത്തിൽ അഭിനയിക്കുന്നുണ്ടെന്ന് പുറത്തുവന്നിരിക്കുന്നത്. വിഷ്ണു മഞ്ചു തന്നെയാണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്. പ്രഭാസിനെയും മോഹൻലാലിനെയും ശിവരാജ് കുമാറിനെയും ഒറ്റ ചിത്രത്തിൽ കാണാൻ വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ.