നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം കമൽ വീണ്ടും സംവിധാനം ചെയ്യുന്ന വിവേകാനന്ദൻ വൈറലാണ് എന്ന ചിത്രത്തിൽ നായകനായി എത്തുന്നത് അദ്ദേഹത്തിന്റെ സഹസംവിധായകനായി കരിയർ ആരംഭിച്ച് ഇന്ന് ഏറെ തിരക്കുള്ള നടന്മാരിൽ ഒരാളായി മാറിയ ഷൈൻ ടോം ചാക്കോയാണ്. സിനിമയുടെ ടീസർ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ്. ഒരു ഫാമിലി എന്റർടൈനറായിട്ടാണ് കമൽ ഈ തവണ എത്തുന്നത്.
കോമഡിക്ക് പ്രാധാന്യം നൽകുന്ന ചിത്രമായിരിക്കും ഇതെന്ന് സിനിമയുടെ ടീസറിൽ നിന്ന് വ്യക്തമാണ്. ടൈറ്റിൽ റോളായ വിവേകാനന്ദൻ എന്ന കഥാപാത്രത്തെയാണ് ഷൈൻ ടോം അവതരിപ്പിക്കുന്നത്. സാമൂഹിക പ്രാധാന്യമുള്ള ഒരു വിഷയം കൂടിയാണ് സിനിമ ചർച്ച ചെയ്യുന്നത്. സെല്ലുലോയ്ഡിന് ശേഷമുള്ള കമലിന്റെ ഒരു ഗംഭീര തിരിച്ചുവരവ് ആയിരിക്കുമോ ഈ സിനിമ എന്നുകൂടി പ്രേക്ഷകർ എല്ലാം ഉറ്റുനോക്കുന്നുണ്ട്.
സ്വാസിക, ഗ്രേസ് ആന്റണി എന്നിവരാണ് സിനിമയിൽ നായികമാരായി അഭിനയിച്ചിട്ടുള്ളത്. ടീസറിൽ സ്വാസികയ്ക്ക് ഒപ്പമുള്ള ഒരു കിടപ്പുമുറി രംഗം ഉൾപ്പെടുത്തിയിട്ടുണ്ട്. സ്വാസികയുള്ള ചിത്രങ്ങളിൽ ഇതൊരു പതിവ് ആണല്ലോ എന്നൊക്കെ ചില കമന്റുകൾ ടീസറിന്റെ താഴെ വന്നിട്ടുമുണ്ട്. ജോണി ആന്റണി, മെറീന മൈക്കിൾ, മാല പാർവതി, സിദ്ധാർഥ് ശിവ, നീന കുറുപ്പ്, നിയാസ് ബക്കർ, സ്മിനു സിജോ തുടങ്ങിയ ഒരു നീണ്ട താരനിര തന്നെ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.
കമൽ തന്നെയാണ് തിരക്കഥ എഴുതിയിരിക്കുന്നത്. രഞ്ജൻ എബ്രഹാമാണ് എഡിറ്റിംഗ്. ഹരി നാരായണന്റെ വരികൾക്ക് ബിജിബാലാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. പ്രകാശ് വേലായുധനാണ് ക്യാമറ ചെയ്തിരിക്കുന്നത്. നെടിയത്ത് പ്രൊഡക്ഷൻസിന്റെ ബാനറിൽ നെടിയത് നസീബും പി.എസ് ഷെല്ലിരാജ് എന്നിവർ ചേർന്നാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസാണ് വിതരണം.