നടന്മാരായ ശ്രീനാഥ് ഭാസിയെയും ഷെയിൻ നിഗത്തെയും മലയാള സിനിമ സംഘടനകൾ വിലക്ക് ഏർപ്പെടുത്തിയിട്ട് ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ്. ശ്രീനാഥിനെയും ഷെയിനിനെയും വിലക്കിയത് നന്നായി എന്നായിരുന്നു പൊതുവേ വന്നിരുന്ന അഭിപ്രായം. ഇവർക്കും സിനിമയിൽ അഭിനയിക്കാം പക്ഷേ ഇരുവരും അഭിനയിക്കുന്ന സിനിമകളിൽ സംഘടനകൾ ചേർന്ന് പ്രവർത്തിക്കില്ല എന്നാണ് വെളിപ്പെടുത്തിയിരിക്കുന്നത്.
ഷെയിനിനെയും ശ്രീനാഥിനെയും അനുകൂലിച്ച് അധികം സിനിമ പ്രവർത്തകർ വന്നിരുന്നുമില്ല. ഷെയിൻ എതിരെ പരാതി കൊടുത്തത് സോഫിയ പോൾ എന്ന നിർമ്മാതാവ് ആയിരുന്നു. ശ്രീനാഥിന് എതിരെ ഒന്നിലധികം നിർമ്മാതാക്കളാണ് പരാതി നൽകിയത്. ഒരേ സമയത്ത് ഒന്നിലധികം സിനിമകൾക്ക് ഡേറ്റ് കൊടുത്ത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു എന്നായിരുന്നു ശ്രീനാഥിന് എതിരെയുള്ള പരാതി.
ഇപ്പോഴിതാ ഷെയിനെയും ഭാസിയെയും പിന്തുണ നൽകി സഹതാരമായ ഷൈൻ ടോം ചാക്കോ രംഗത്ത് വന്നിരിക്കുകയാണ്. ലൈവ് എന്ന സിനിമയുടെ പ്രൊമോഷന്റെ ചടങ്ങിലാണ് താനും സൗബിനും ശ്രീനാഥിനും ഷെയിൻ നിഗത്തിനും ഒപ്പമാണ് നിൽക്കുന്നതെന്നും ആരെയും എല്ലാകാലവും വിലക്കാൻ കഴിയുകയില്ലെന്നും തങ്ങൾ ഒരുമിച്ച് സിനിമയിൽ എത്തിയവരാണെന്നും ഷൈൻ ടോം പറഞ്ഞത്.
“ഞങ്ങളൊക്കെ അവരുടെ കൂടെ തന്നെയാണ് ഉള്ളത്. മനസ്സിലായോ.. എല്ലാവരും എന്താ വിചാരിച്ചേ ഞങ്ങൾ അവരെ ഇട്ടിട്ട് പോയെന്നാണോ? ഞങ്ങൾ ഒരുമിച്ച് സിനിമ ചെയ്യാൻ തുടങ്ങിയ ആളുകളാണ്. വിലക്കാൻ ആണെങ്കിൽ വിലക്കട്ടെ.. തൊഴിൽ ചെയ്യുന്നവരെ വിലക്കാൻ ഒന്നും ആർക്കും പറ്റില്ല. പിന്നെ സസ്പെൻഷൻ ഒക്കെ കൊടുക്കാം, കാലാകാലം ആരെയും വിലക്കാൻ ഒന്നും പറ്റില്ല. അങ്ങനെയാണേൽ കുറെ ലിസ്റ്റ് ഞങ്ങളും കൊടുക്കും. പണി എടുത്തിട്ട് കാശ് കൊടുക്കാത്തവരുടെ ലിസ്റ്റ്..”, ഷൈൻ പറഞ്ഞു.