തങ്ങൾ ആരാധിക്കുന്ന സിനിമ താരങ്ങളെ കാണാൻ കഴിയുക എന്നത് ഓരോ ആളുകളുടെയും വലിയ ആഗ്രഹങ്ങളിൽ ഒന്നാണ്. നേരിട്ട് കാണുക, സംസാരിക്കുക, ഒപ്പം നിന്നൊരു ഫോട്ടോ എടുക്കുക എന്നതൊക്കെ ഒരു ആരാധകൻ സംതൃപ്തി നൽകുന്ന കാര്യങ്ങളാണ്. സൂപ്പർസ്റ്റാറുകൾ മുതൽ സാധാരണ താരങ്ങളെ വരെ ആരാധിക്കുന്നവരുണ്ട്. അവരെ നേരിൽ കാണുമ്പോൾ കിട്ടുന്ന സന്തോഷം സോഷ്യൽ മീഡിയയിലും പങ്കുവെക്കാറുണ്ട്.
മലയാളികളിൽ ഒന്നടങ്കം സ്നേഹിക്കുന്ന ഒരു അഭിനേതാവാണ് നടൻ മോഹൻലാൽ. മലയാള സിനിമയുടെ അഭിമാന താരങ്ങളിൽ ഒരാളായ മോഹൻലാൽ ആരാധകരെ ഒപ്പം നിർത്തുന്ന കാര്യത്തിൽ മുൻ പന്തിയിൽ നിൽക്കുന്ന ഒരാളാണ്. കോവിഡ് കാലത്തിന് മുമ്പ് വരെ മോഹൻലാൽ തന്റെ ആരാധകരെ ഒപ്പം നിർത്തി സ്ഥിരമായി ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് വിളിച്ചുവരുത്തി ഫോട്ടോസ് ഒക്കെ എടുക്കാറുണ്ട്.
ജീവിതത്തിലെ ഒരുപാട് പ്രതിസന്ധികളെയും തന്റെ പരിമിതികളെയും തരണം ചെയ്‌ത് സ്വന്തമായി ജോലി ചെയ്തുമുന്നോട്ട് പോകുന്ന ‘ഷിജിലി കെ ശശിധരൻ’ എന്ന പെൺകുട്ടി തന്റെ ഇഷ്ടതാരമായ മോഹൻലാലിനെ കണ്ട സന്തോഷം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ്. “സ്വപ്നം പോലെ ഒരു ദിവസമായിരുന്നു ഇന്നലെ.. ഏത് വാക്കുകളിൽ വർണിക്കണമെന് അറിയാത്ത അത്രയും ഭംഗിയുണ്ടതിന്..
ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങൾ എന്റെ ലാലേട്ടന് ഒപ്പം ഞാൻ ചിലവഴിച്ചു. എന്റെ ഏറ്റവും വലിയ ആഗ്രഹം, എത്രയോ കാലത്തെ പരിശ്രമം എല്ലാത്തിനും ഇന്നലെ ഫലമുണ്ടായി. കണ്ണുനിറയെ കണ്ടു ഞാൻ എന്റെ ലാലേട്ടനെ.. ചേർത്ത് പിടിച്ചു എന്നെ ഏട്ടന്റെ കൈകൾ. കുറേ വിശേഷങ്ങൾ ചോദിച്ചു, മനസ് നിറയെ സ്നേഹം തന്നു. ഇനിയുള്ള കാലമത്രയും ഓർക്കാൻ എനിക്ക് ഈ നിമിഷങ്ങൾ മതി.
എന്റെ ഏട്ടനെ ചേർന്ന് നിന്ന ഈ നിമിഷങ്ങൾ മാത്രം. നന്ദി പറയാനുള്ളത് സർവ്വേശ്വരനോടാണ്. പിന്നെ കോഴിക്കോട്ടെ ലാലേട്ടൻ ഫാൻസിലെ എന്റെ പ്രിയപ്പെട്ട ഏട്ടൻമാരോടും!! എല്ലാവർക്കും നൂറ് നൂറ് നന്ദി..”, ഷിജിലി മോഹൻലാലിന് ഒപ്പമുള്ള ഫോട്ടോ പങ്കുവച്ചുകൊണ്ട് കുറിച്ചു. നടൻ ബിനീഷ് ബാസ്റ്റിനാണ് തന്റെ ഒരു വീഡിയോയിലൂടെ ഷിജിലിയ്ക്ക് ലാലേട്ടനെ കാണണമെന്നുള്ള ആഗ്രഹം പങ്കുവച്ചത്. വാഹനാപകടത്തിൽ കാൽ നഷ്ടപ്പെട്ട ഹരീഷിനെയും ഷിജിലിയ്ക്ക് ഒപ്പം തന്നെ മോഹൻലാൽ കണ്ടു.