‘ശോഭന സുഹൃത്ത്, തിരുവനന്തപുരത്ത് മത്സരിക്കില്ലെന്ന് ഫോണിൽ വിളിച്ചു പറഞ്ഞു..’ – പ്രതികരിച്ച് ശശി തരൂർ

സിനിമ നടിയും നർത്തകിയുമായ ശോഭന തിരുവനന്തപുരത്ത് ലോകസഭ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയാകുമെന്ന് അഭ്യൂഹങ്ങൾ കഴിഞ്ഞ മണിക്കൂറുകളിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സുരേഷ് ഗോപി ശോഭനയെ ഭാവിയിൽ രാഷ്ട്രീയക്കാരിയായി കാണാമെന്നും തിരുവനന്തപുരത്ത് ശോഭന മത്സരിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും പറഞ്ഞതിന് പിന്നാലെയാണ് ഇത് വലിയ രീതിയിൽ പ്രചരിക്കുന്നത്.

ശോഭന ഈ വിഷയത്തിൽ ഇതുവരെ പ്രതികരണങ്ങൾ ഒന്നും തന്നെ നടത്തിയിട്ടില്ല. ശോഭന മത്സരിക്കുമോ ഇല്ലയോ എന്നത് അവർ തന്നെ പറഞ്ഞാൽ മാത്രമേ ഉറപ്പിക്കാനും സാധിക്കുകയുള്ളൂ. തിരുവനന്തപുരത്ത് കോൺഗ്രസിന്റെ സ്ഥാനാർത്ഥി ഈ തവണയും ശശി തരൂരാണ്. ശശി ഈ വിഷയത്തിൽ മാധ്യമങ്ങൾക്ക് നൽകിയ പ്രതികരണമാണ് ശ്രദ്ധനേടുന്നത്. ശോഭനയെ ഫോണിൽ വിളിച്ച് ഈ കാര്യം ചോദിച്ചുവെന്നും തരൂർ പറയുന്നു.

“ശോഭന എന്റെ ഏറ്റവും അടുത്ത സുഹൃത്താണ്. അവർ മത്സരിക്കാൻ ഒരു താല്പര്യവുമില്ലെന്ന് എന്നോട് പറഞ്ഞു കഴിഞ്ഞു. ഓരോരോ ദിവസം ഓരോ പേര് അവർ പത്രത്തിലിട്ട്, അത് തന്നെ അവരുടെ തോൽവിയുടെ ഒരു അടയാളമാണ്. ഓരോ ദിവസം ഓരോ പേരാണ് അവർക്ക് അവിടെ മത്സരിക്കാൻ വരുന്നത്. രാഷ്ട്രീയക്കാരുടെ പേര്, ഐഎസ്ആർഒ ചെയർമാന്റെ പേര്, നടിയുടെ പേര്.

നമ്മുക്ക് നോക്കാം അടുത്ത ആരുടെ പേരാണ് വരാൻ പോകുന്നതെന്ന്.. അതിന് വേണ്ടി കാത്തിരിക്കുകയാണ്..”, ശശി തരൂർ മാധ്യമങ്ങളോട് പ്രതികരിച്ചു. ശോഭന തിരുവനന്തപുരത്ത് മത്സരിച്ചാൽ തോൽക്കുമെന്ന് ശശി തരൂരിന് ഭയമുണ്ടോ എന്നും ചിലർ വിമർശിച്ചു ചോദിക്കുന്നുണ്ട്. എന്തായാലും ഈ വിഷയത്തിൽ ശോഭനയുടെ പ്രതികരണം അറിയാൻ വേണ്ടി കാത്തിരിക്കുകയാണ് തിരുവനന്തപുരം നിവാസികൾ.