‘ഒരുമിച്ചുള്ള 24 വർഷങ്ങൾ! വിവാഹ വാർഷികം ആഘോഷിച്ച് അജിത്തും ശാലിനിയും..’ – ആശംസകൾ നേർന്ന് ആരാധകർ

തെന്നിന്ത്യൻ സിനിമകളിൽ ബാലതാരമായും നായികയായും തിളങ്ങിയിട്ടുള്ള ഒരാളാണ് നടി ശാലിനി. 1983 മുതൽ 1991 വരെ സിനിമയിൽ ബാലതാരമായി തിളങ്ങുകയും പിന്നീട് 1997 മുതൽ 2001 വരെ നായികയായി ശോഭിക്കുകയും ചെയ്ത ശാലിനി വിവാഹിതയായ ശേഷം അഭിനയ ജീവിതത്തിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്തിരുന്നു. തമിഴ് സൂപ്പർസ്റ്റാറായ അജിത് കുമാറുമായിട്ടാണ് ശാലിനി പ്രണയിച്ച് വിവാഹിതരായത്.

2000-ലായിരുന്നു അജിത്തിന്റെയും ശാലിനിയുടെയും വിവാഹം. 2022 മുതലാണ് ശാലിനി സമൂഹ മാധ്യമങ്ങളിൽ സജീവമായി തുടങ്ങിയത്. ഇപ്പോഴിതാ തങ്ങളുടെ ഇരുപത്തിനാലാം വിവാഹ വാർഷികം ആഘോഷിക്കുകയാണ് ശാലിനിയും അജിത്തും. വിവാഹ വാർഷിക ദിനത്തിൽ അജിത്തിനും ഒപ്പമുള്ള ഫോട്ടോ ശാലിനി ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. ആരാധകർ ഇരുവർക്കും ആശംസകൾ നേർന്നു.

ഇരുവരും ഒരുമിച്ച് ഒരു വിദേശ രാജ്യത്തെ ഹോട്ടലിൽ ഇരിക്കുന്ന ഫോട്ടോയാണ് ശാലിനി പങ്കുവച്ചിട്ടുളളത്. അജിത് ആരാധകർ അദ്ദേഹത്തിന്റെ അടുത്ത സിനിമയുടെ അപ്ഡേറ്റ് എന്നാണെന്നൊക്കെ ചോദിച്ചു കമന്റ് ഇട്ടിട്ടുണ്ട്. അതുപോലെ അജിത്തിനോടും സമൂഹ മാധ്യമങ്ങളിൽ സജീവമാകാനും അക്കൗണ്ട് തുടങ്ങാനുമൊക്കെ ആവശ്യപ്പെടുന്നുണ്ട്. രണ്ട് മക്കളാണ് അജിത്-ശാലിനി താരദമ്പതികൾക്ക് ഉളളത്.

ഏപ്രിൽ 24-നായിരുന്നു വിവാഹ വാർഷികം. അനൗഷ്ക, ആദ്‌വിക് എന്നിങ്ങനെയാണ് മക്കളുടെ പേരുകൾ. മക്കളും മാതാപിതാക്കളെ പോലെ സിനിമയിലേക്ക് എത്തുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. മകന് ഫുട്ബോളിനോട് ആണ് കൂടുതൽ താല്പര്യം. ശാലിനിയുടെ സഹോദരി ഷാമിലിയും സഹോദരൻ റിച്ചാർഡും സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. ശാലിനി-ശാമിലി ബാലതാരങ്ങളായി മലയാളികൾക്ക് ഏറെ പ്രിയപെട്ടവരാണ്.