‘ഇപ്പോഴുള്ളത് സഹിഷ്ണുതയുടെ രാഷ്ട്രീയമല്ല, എനിക്കും നിലപാടുകളുണ്ട്..’ – കനി വോട്ടിംഗ് അനുഭവം പങ്കുവച്ച് മീനാക്ഷി

മോഹൻലാൽ നായകനായി എത്തിയ പ്രിയദർശൻ ചിത്രമായ ഒപ്പം എന്ന സിനിമയിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ താരമാണ് മീനാക്ഷി. ഒപ്പം, അമർ അക്ബർ അന്തോണി തുടങ്ങിയ സിനിമകളിൽ ബാലതാരമായി തിളങ്ങിയ മീനാക്ഷി തന്റെ ആദ്യ വോട്ടിംഗ് അനുഭവം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. തനിക്കും നിലപാടുകളുണ്ടെന്നും ഇന്ത്യ സ്കാൻഡിനേവിയൻ രാജ്യങ്ങളേപ്പോലെ ആകണമെന്നാണ് തന്റെ ആഗ്രഹമെന്നും മീനാക്ഷി കുറിച്ചു.

“അനുനയ.. നയം വ്യക്തമാക്കുന്നു.. കഴിഞ്ഞ പോസ്റ്റിൽ ചില കമൻ്റുകളിൽ എൻ്റെ രാഷ്ട്രീയമെന്താണ്. സ്വന്തമായി നിലപാടുകൾ ഉള്ളയാളാണോ.. ഇത്തരം കാര്യങ്ങൾ പറയുവാൻ എന്തിനാണ് ആരെയാണ് ഭയക്കുന്നത് എന്നൊക്കെ ചോദിക്കുകയുണ്ടായി.. എന്തായാലും ചെറിയൊരു വിശദീകരണം ആവശ്യമാണെന്ന് തോന്നുന്നതിനാൽ പറയട്ടെ. ഭയക്കുന്നുവെന്നതല്ല. കലാകാരന്മാരും മറ്റും നമ്മുടെ ആൾ (ഉദാ.. നമ്മുടെ മീനാക്ഷി) എന്ന നിലയിലാണ് മലയാളികൾ കാണുന്നതും ഇഷ്ടപ്പെടുന്നതുമെന്ന് തോന്നുന്നു.

ഇഷ്ടമില്ലാത്തവരും ഉണ്ടാവും എന്നതും സത്യം തന്നെ. ഞാൻ ഒരുപക്ഷം നിന്ന് പറയുമ്പോൾ ഞങ്ങടെ മീനാക്ഷി, അവരുടെ മീനാക്ഷി എന്ന നിലയിലാവും കാര്യങ്ങൾ.. ഈ തിരിവുകളേയാണ് ഞാൻ ഭയപ്പെടുന്നത്.. ഇപ്പോഴുള്ളത് സഹിഷ്ണുതയുടെ രാഷ്ട്രീയവുമല്ല.. ഓരോ പാർട്ടിയും നമ്മുടെ രാജ്യത്തിന് നല്ലതിനായി എന്നല്ലെ പറയുന്നത്.. എന്നാൽ ഒരുമിച്ച് നമ്മുടെ നാടിനായിയെന്ന് ചിന്തിച്ചാൽ എത്ര സുന്ദരമാവും കാര്യങ്ങൾ. എനിക്കും നിലപാടുകളുണ്ട് ഞാൻ പഠിച്ചതും ഹ്യുമാനിറ്റീസാണ്.

ജനാധിപത്യത്തെ കുറിച്ചറിയാൻ അത് എനിക്ക് ഉപകാരവുമായി. രാജ്യം എങ്ങനെയാവാനാണ് ആഗ്രഹം എന്ന് ചോദിച്ചാൽ നമ്മുടെ ഇന്ത്യ സ്കാൻഡിനേവിയൻ രാജ്യങ്ങളെ പോലെ (ഫിൻലൻഡ്, സ്കോട്ട്ലാൻഡ്) ആയിത്തീരണമെന്നാണ് ആഗ്രഹം. സത്യത്തിൽ കേരളം സ്കാൻഡ് നേവിയൻ രാജ്യങ്ങളെ പോലെ പലതുകൊണ്ടുമാണ്. വിദ്യാഭ്യാസം മെഡിക്കൽ പ്രകൃതി സൗന്ദര്യം ജീവിത സാഹചര്യങ്ങൾ ഒക്കെ. കാരണം മലയാളി പൊളിയല്ലേ. മറ്റു രാജ്യങ്ങളിലെപ്പോലെ നമുക്ക് സ്വയം അച്ചടക്കവും പരിശീലിക്കാനായാൽ അഹാ ഇവിടം സ്വർഗ്ഗമല്ലേ. അത് ആര് ഭരിച്ചാലും നമ്മൾ മലയാളികൾ ഒരു സംഭവമല്ലെ.

സൗമ്യമായി ഇടപെടുന്ന, പുഞ്ചിരിയോടെ കാര്യങ്ങൾ കേൾക്കുന്ന, മനുഷ്യത്വമുള്ള നന്മയുടെ പക്ഷമുള്ള ഏറെ നേതാക്കൾ പ്രത്യേകിച്ച് വനിത നേതാക്കൾ ഉൾപ്പെടെ എല്ലാ പാർട്ടിയിലുമുണ്ടാകട്ടെ. ഇവിടെ എല്ലാ പാർട്ടികളുമുണ്ടാവണം വഴക്കുകളില്ലാതെ അപ്പോഴല്ലേ ശരിയായ ജനാധിപത്യം. എൻ്റെ ചെറിയ അറിവുകളിൽ നിന്നെഴുതുന്നു. തെറ്റുകളുണ്ടാവാം ക്ഷമിക്കുമല്ലോ. പക്ഷെ എനിക്ക് നിലപാടുള്ളപ്പോഴും പക്ഷം പറഞ്ഞ് ഒരാളെയും വിഷമിപ്പിക്കേണ്ടതില്ല എന്ന നിലപാടിലാണിപ്പോൾ. കുറച്ചുകൂടി വലുതാവട്ടെ. ചിലപ്പോൾ ഞാനും നിലപാടുകൾ വ്യക്തമാക്കിയേക്കാം. ഇപ്പോൾ ക്ഷമിക്കുമല്ലോ..”, മീനാക്ഷി കുറിച്ചു.