‘മാനസികമായി ഏറെ വേദന! സുരേഷ് ഗോപിയെ കുറിച്ച് അങ്ങനെ പറഞ്ഞിട്ടില്ല..’ – വ്യാജ പ്രചാരണത്തിന് എതിരെ ഷാജി കൈലാസ്

സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ പ്രസ്താവനയ്ക്ക് എതിരെ തുറന്നടിച്ച് സംവിധായകൻ ഷാജി കൈലാസ്. ഷാജി കൈലാസ് സുരേഷ് ഗോപിക്ക് എതിരെ പ്രതികരിച്ചുവെന്ന രീതിയിൽ ഒരു പ്രസ്താവന സോഷ്യൽ മീഡിയകളിൽ കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു. കമ്മീഷണർ സിനിമയോട് സുരേഷ് പെരുമാറ്റം മാറിയെന്നും സിനിമ ഏതാണെന്ന് ജീവിതം ഏതാണെന്ന് തിരിച്ചറിയാൻ പറ്റാത്ത രീതിയിലേക്ക് മാറിയെന്നും ഭരത് ചന്ദ്രനെ ഉണ്ടാക്കിയ തന്നോട് പോലും അതെ സ്റ്റൈലിൽ തട്ടിക്കയറിഎന്നും ഷാജി കൈലാസ് പറഞ്ഞെന്ന രീതിയിലായിരുന്നു പ്രചാരണം.

ഇത് ശ്രദ്ധയിൽപ്പെട്ട ഷാജി കൈലാസ് താൻ അങ്ങനെ ഒരു കാര്യം പറഞ്ഞിട്ടില്ലെന്ന് പ്രതികരിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ്. ഫേസ്ബുക്കിൽ ഇതിന്റെ ഫോട്ടോ പങ്കുവച്ചുകൊണ്ടാണ് ഷാജി കൈലാസ് പ്രതികരിച്ചത്. “കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ഞാൻ പറഞ്ഞിട്ടില്ലാത്ത ഒരു കാര്യം പലരും ഷെയർ ചെയ്യുന്നത് കാണാൻ ഇടയായി. ഒന്ന് ഓർക്കുക.. കമ്മീഷണറിൽ തുടങ്ങിയതല്ല ഞാനും സുരേഷും തമ്മിലുള്ള ആത്മബന്ധം.

സിനിമയിലേക്ക് വന്ന അന്ന് മുതൽ ഞങ്ങൾ സുഹൃത്തുക്കളാണ്. എന്റെ ആദ്യ ചിത്രത്തിൽ നായകൻ സുരേഷ് ആയിരുന്നു. ഇനി എന്റെ അടുത്ത ചിത്രത്തിലും സുരേഷ് തന്നെയാണ് നായകൻ. ഞങ്ങൾക്ക് ഇടയിൽ ഇണക്കങ്ങളും പിണക്കങ്ങളുമുണ്ടാകാറുണ്ട്. അതിന്റെ ആഴവും വ്യാപ്തിയും എന്താണെന്ന് ഞങ്ങൾ രണ്ട് പേർക്കും അറിയാം. അന്നും ഇന്നും സഹജീവി സ്നേഹമുള്ള നല്ല ഒരു വ്യക്തിത്വത്തിന് ഉടമയാണ് അവൻ എന്ന് എനിക്കറിയാം.

അവന്റെ രാഷ്ട്രീയവും എന്റെ രാഷ്ട്രീയവും വ്യത്യസ്തമാണ്. പക്ഷേ ഞങ്ങളുടെ സഹോദര തുല്യമായ സുഹൃത്ത് ബന്ധം രാഷ്ട്രീയത്തിന് അതീതമാണ്. അതിനെ നശിപ്പിക്കുവാൻ സാധിക്കുകയില്ല. ഇത്തരത്തിൽ വ്യാജമായ വാർത്തകൾ നിർമ്മിക്കുന്നതിലൂടെ ആനന്ദം കൊള്ളുന്നവർ ദയവായി ഇത്തരം പ്രവർത്തികൾ നിർത്തുക. മാനസികമായി ഏറെ വേദന ഉളവാക്കുന്ന ഒന്നാണ് ഇത്..”, ഷാജി കൈലാസ് തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു.