ഒമർ ലുലു സംവിധാനം ചെയ്ത ഒരു അടാർ ലവ് എന്ന സിനിമയിലെ ഫ്രീക്ക് പെണ്ണേ എന്ന് തുടങ്ങുന്ന ഗാനം സമൂഹ മാധ്യമങ്ങളിൽ ഒരുപാട് തരംഗമായ ഒന്നായിരുന്നു. സത്യജിത്ത് എന്ന പുതിയ ഗായകനായിരുന്നു ആ ഗാനം ആലപിച്ചിരുന്നത്. എന്നാൽ താൻ തന്നെയാണ് ആ ഗാനം കംപോസ് ചെയ്തതെന്ന് ഈ അടുത്തിടെയാണ് സത്യജിത്ത് വെളിപ്പെടുത്തിയത്. അത് ഷാൻ റഹ്മാന്റെ പേരിലാണ് പുറത്തുവന്നതെന്നും ആരോപണം ഉന്നയിച്ചു.
ഇപ്പോഴിതാ ഷാൻ റഹ്മാൻ തന്നെ അത് സത്യജിത്ത് തന്നെ കംപോസ് ചെയ്ത ഗാനമാണെന്നും എന്നാൽ അതിന്റെ സംഗീതം പ്രോഗ്രാം, അറേഞ്ച്, പ്രൊഡ്യൂസ് ചെയ്തത് താൻ തന്നെയാണെന്നും തുറന്ന് പറഞ്ഞിരിക്കുകയാണ്. സിനിമ വന്നപ്പോൾ ഒമർ ലുലുവിന് സോഷ്യൽ മീഡിയയിൽ കണ്ട ഒരു ഗാനം ചിത്രത്തിൽ അവതരിപ്പിക്കാൻ ആഗ്രഹം തോന്നിയെന്നും കാക്കനാടുള്ള തന്റെ വീട്ടിൽ വച്ച് സത്യജിത്തിനെ കാണുകയും അദ്ദേഹം ആ പാട്ട് കേൾപ്പിച്ച ഇഷ്ടപ്പെട്ട് അത് മ്യൂസിക് പ്രൊഡ്യൂസ് ചെയ്യാമെന്ന് താൻ സമ്മതിക്കുകയും ചെയ്തുവെന്ന് ഷാൻ കുറിച്ചു.
സത്യജിത്തിനെ കൊണ്ട് തന്നെ ആ ഗാനം ആലപിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ നിരവധി ഗാനങ്ങൾക്ക് ഇടയിൽ നഷ്ടപ്പെട്ടു പോകുമായിരുന്ന ഒരു ഗാനം പ്രൊഡ്യൂസ് ചെയ്യാൻ സഹായിക്കുക മാത്രമാണ് താൻ ചെയ്തത്. ചെയ്ത പാട്ടിന്റെ ക്രെഡിറ്റ് താൻ ഇന്നേ വരെ എടുത്തിട്ടില്ലെന്നും അതെ സിനിമയിലെ മാണിക്യമലരായി പൂവി എന്ന ഗാനം ഉൾപ്പടെയുള്ളതുമെന്നും അദ്ദേഹം കുറിച്ചു. ഫ്രീക്ക് പെണ്ണേ അതിന്റെ മ്യൂസിക് പ്രൊഡക്ഷനെ ആശ്രയിച്ച് ഹിറ്റായ ഗാനമാണ്. അല്ലെങ്കിൽ ആ പാട്ട് നടക്കിലായിരുന്നു.
മ്യൂസിക് 24/7 എന്ന കമ്പനിയോട് കമ്പോസറായി സത്യജിത്തിന്റെയും മ്യൂസിക് പ്രൊഡ്യൂസറായി തന്റെയും പേര് ആഡ് ചെയ്യാൻ പറഞ്ഞിട്ടുണ്ടെന്നും ഇന്ന് മുതൽ അത് മാറുമെന്നും സത്യജിത്തിന് സമാധാനം ആകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു. അവസരങ്ങൾ നൽകുമ്പോൾ ആളുകൾ അത് നിസാരമായി എടുക്കുന്നത് കാണുമ്പോൾ സങ്കടമുണ്ടെനും ഭാവിയിൽ ഇത്തരം അവസരങ്ങൾ നൽകുന്നതിന് മുമ്പ് രണ്ട് തവണ ചിന്തിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. സത്യജിത്തിന്ഭാവിയിൽ എല്ലാശംസകളും ഷാൻ നേർന്നു. താൻ നിരവധി പാട്ടുകൾ സംഗീതം ചെയ്തിട്ടുണ്ടെന്നും അതിൽ ഫ്രീക്ക് പെണ്ണേ അടിച്ചു മാറ്റൽ ആണെങ്കിൽ അത് തിരുത്തണമെന്നും അദ്ദേഹം അറിയിച്ചു.