‘നീ എനിക്ക് വളരെ സ്പെഷ്യലാണ്, നിന്റെ ജന്മദിനവും..’ – ഭാര്യയ്ക്ക് പിറന്നാൾ ആശംസിച്ച് നടൻ സെന്തിൽ കൃഷ്ണ

ഏഷ്യാനെറ്റിലെ സന്മനസ്സുള്ളവർക്ക് സമാധാനം എന്ന ഹാസ്യ പരമ്പരയിലൂടെ മലയാളികൾക്ക് പ്രിയങ്കരനായി മാറിയ താരമാണ് നടൻ സെന്തിൽ കൃഷ്ണ. അതിന് ശേഷം ടെലിവിഷൻ സീരിയലുകളിൽ അഭിനയിച്ച് ശ്രദ്ധനേടിയ സെന്തിൽ ധാരാളം സ്റ്റേജ് ഷോകളിലും പങ്കെടുത്തിട്ടുണ്ട്. ഓട്ടോഗ്രാഫ്, സ്ത്രീധനം, വെള്ളാനകളുടെ നാട് എന്നീ പരമ്പരകളിലൂടെ സെന്തിൽ ജനശ്രദ്ധ ആകർഷിച്ചു.

അഭിനയ ജീവിതം തുടങ്ങി പത്ത് വർഷങ്ങൾക്ക് ശേഷമാണ് സെന്തിലിന് സിനിമകളിൽ അവസരം ലഭിച്ചു തുടങ്ങിയത്. മോഹൻലാൽ എന്ന സിനിമയിലാണ് സെന്തിൽ ആദ്യമായി അഭിനയിക്കുന്നതെങ്കിലും സെന്തിലിന് സ്ഥാനം ഉറപ്പിച്ചുകൊടുത്തത് ചാലക്കുടിക്കാരൻ ചങ്ങാതി എന്ന സിനിമയാണ്. അതിൽ അന്തരിച്ച നടൻ കലാഭവൻ മണിയായി സെന്തിൽ മിന്നും പ്രകടനം കാഴ്ചവച്ച് പ്രേക്ഷകരെ കൈയിലെടുത്തു.

പിന്നീട് ഇങ്ങോട്ട് സെന്തിലിന്റെ വർഷങ്ങൾ ആയിരുന്നു. വൈറസ്, ആകാശ ഗംഗ 2, കുറ്റവും ശിക്ഷയും, പത്തൊൻപതാം നൂറ്റാണ്ട്, ഓ മേരി ലൈല, തുറമുഖം, എന്താടാ സജി തുടങ്ങിയ സിനിമകളിൽ സെന്തിൽ അഭിനയിച്ചു. 2019-ൽ വിവാഹിതനായ സെന്തിലിന് ഒരു മകനുമുണ്ട്. ഇപ്പോഴിതാ ഭാര്യയുടെ ജന്മദിനത്തിൽ സെന്തിൽ പങ്കുവച്ച പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിക്കൊണ്ടിരിക്കുന്നത്.

“നീ എനിക്ക് വളരെ സ്പെഷ്യലാണ്, നിങ്ങളുടെ ജന്മദിനവും.. നീ എപ്പോഴും സന്തോഷത്തോടെയും അടിച്ചുപൊളിയും ആയിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.. നിന്റെ എല്ലാ ആഗ്രഹങ്ങളും സഫലമാകട്ടെ.. എക്കാലത്തെയും മികച്ച ഭാര്യക്ക് ജന്മദിനാശംസകൾ.. ഇപ്പൊ ഇത്രയേ പുകഴ്ത്തുന്നുള്ളൂ.. ബാക്കി അടുത്ത ബർത്ത് ഡേയ്ക്ക്..”, സെന്തിൽ ഭാര്യയുടെ ചിത്രങ്ങൾക്ക് ഒപ്പം കുറിച്ചു. സെന്തിലിന്റെ ആരാധകർ ഭാര്യ അഖിലയ്ക്ക് ആരാധകർ ആശംസകൾ നേർന്ന് കമന്റുകളും ഇട്ടിട്ടുണ്ട്.