സിനിമ, സീരിയൽ രംഗത്ത് ഏറെ വർഷങ്ങളായി പ്രവർത്തിക്കുന്ന ഒരാളാണ് നടി സീമ ജി നായർ. സാമൂഹിക പ്രവർത്തകയായും സജീവമായി നിൽക്കുന്ന സീമ അസുഖബാധിതരായ പലർക്കും വേണ്ടി സഹായഹസ്തങ്ങൾക്ക് വേണ്ടി മുന്നിൽ നിന്ന് പണം കണ്ടെത്തി അവർക്ക് ഒപ്പം നിന്നിട്ടുണ്ട്. എൽഎൽബി – ലൈഫ് ലൈൻ ഓഫ് ബാച്ചിലേഴ്സ് എന്ന ചിത്രമാണ് സീമ ജി നായരുടെ അവസാനമിറങ്ങിയത്. വിവാഹിതയായിരുന്നെങ്കിലും ഇപ്പോൾ ആ ബന്ധം വേർപിരിഞ്ഞു നിൽക്കുകയാണ് താരം.
ഒരു മകനും താരത്തിനുണ്ട്. ഇപ്പോഴിതാ ആ മകന്റെ ജന്മദിനത്തിൽ സീമ എഴുതിയ കുറിപ്പാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്. “സന്തോഷദിനം.. എന്റെ അപ്പു പിറന്നുവീണിട്ട് ഇന്നേക്ക് 26 വർഷമായിരിക്കുന്നു. ഏപ്രിൽ 8, നാൾ പറഞ്ഞാൽ മീനമാസത്തിലെ അശ്വതി നക്ഷത്രം(അത് നാളെയാണ്) തിരുവല്ല പുഷ്പഗിരിയിലെ ഡോക്ടർ സിസ്റ്റർ ജോസിറ്റയാണ് അവനെ എന്റെ കൈകളിലേക്ക് തന്നത്. പെൺകുഞ്ഞിനെ മനസ്സിൽ സ്വപ്നം കണ്ടാണ് ഞാൻ നടന്നിരുന്നത്. അത് ഒരെണ്ണമല്ല രണ്ടെണ്ണം.. ഇരട്ട പെൺകുട്ടികളാവണം.
ചില്ലറ ആഗ്രഹമായിരുന്നില്ല. വയറ് കൂടുതൽ ഉള്ളതുകൊണ്ട് എന്റെ ആഗ്രഹം പോലെ നടക്കുമെന്ന് എല്ലാരും പറഞ്ഞു. എന്നെ ഹോസ്പിറ്റലിൽ കൊണ്ടുപോയ വഴിതന്നെ ആരോ കുസൃതി ഒപ്പിച്ചു, അച്ഛനെയും അമ്മയെയും വിളിച്ച് സീമ പ്രസവിച്ചു, ഇരട്ടക്കുട്ടിളെന്ന് പറഞ്ഞു. അവർ ഓടി ഹോസ്പിറ്റലിൽ എത്തിയപ്പോൾ വരാന്തയിലൂടെ വയറുംവെച്ചു ഞാൻ നടക്കുവാണ്. എഴുതണേൽ ഒരുപാടുണ്ട്. ചുരുക്കം പറഞ്ഞാൽ ഡോക്ടർ കുഞ്ഞിനെ തന്നപ്പോൾ ആൺകുട്ടിയാണ് കേട്ടോ എന്ന് പറഞ്ഞു.
അയ്യോ ആണാണോ ഞാൻ പെണ്ണാണെന്ന് വിചാരിച്ചേ എന്ന് പറഞ്ഞപ്പോൾ ഡോക്ടറിന്റെ കൈയിൽ നിന്ന് ചീത്തയും മേടിച്ചുകൂട്ടി. ആർച്ച എന്ന പേരും റെഡിയാക്കിവെച്ചിരുന്ന ഞാൻ ആർച്ചയെ ആരോമലാക്കി മാറ്റി. ഇന്നെന്റെ നെഞ്ചോടുചേർക്കാൻ അവൻ ഒപ്പമുണ്ട്. എന്റെ എല്ലാ പ്രതിസന്ധികളിലും എന്നെ ചേർത്ത് പിടിക്കാൻ അവനുമുണ്ട്. എന്റെ കുഞ്ഞിന് എല്ലാ നന്മകളും നേരുന്നു. ഒരുപാട് പേർക്ക് താങ്ങും തണലുമാവാൻ അവന് കഴിയട്ടെയെന്ന് ഈശ്വരനോട് പ്രാർത്ഥിക്കുന്നു. എന്റെ പൊന്നുമോന് ഹൃദയം നിറഞ്ഞ പിറന്നാളാശംസകൾ..”, സീമ ജി നായർ കുറിച്ചു.