റോബിൻ ബസുമായി ബന്ധപ്പെട്ട് നടക്കുന്ന സംഭവങ്ങളാണ് കഴിഞ്ഞ രണ്ട് ദിവസമായി സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ ചർച്ചയായി കൊണ്ടിരിക്കുന്നത്. റോബിൻ ബസിന്റെ ഉടമയായ ഗിരീഷും മോട്ടോര്‍ വാഹന വകുപ്പും തമ്മിലുള്ള പോരാട്ടമാണ് നടന്നുകൊണ്ടിരിക്കുന്നത്. അഖിലേന്ത്യ പെർമിറ്റുമായി സർവീസ് ആരംഭിച്ച റോബിൻ ബസിന് കേരളത്തിലെയും തമിഴ് നാട്ടിലെയും മോട്ടോര്‍ വാഹന വകുപ്പുകൾ വലിയ പിഴ ഈടാക്കിയിരുന്നു.
കഴിഞ്ഞ ദിവസം തമിഴ് നാട് മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്ത ബസിനെ പിഴയടച്ച് ശേഷം വിട്ടുനൽകിയിരുന്നു. അതേസമയം കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന സംഭവമായതുകൊണ്ട് തന്നെ രണ്ടാഴ്ചത്തേക്ക് മോട്ടോർ വാഹന വകുപ്പിനോട് നടപടികൾ എടുക്കരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ന് വീണ്ടും സർവീസ് ആരംഭിച്ചിരിക്കുകയാണ്. സംഭവങ്ങൾ തുടങ്ങിയപ്പോൾ മുതൽ തന്നെ റോബിൻ ബസിന് സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ പിന്തുണ വന്നിട്ടുണ്ടായിരുന്നു.
ബസിന്റെ പേരിൽ നൂറ് കണക്കിന് ഫാൻ പേജുകളാണ് സമൂഹ മാധ്യമങ്ങളിൽ വന്നത്. റോബിൻ ബസിന്റെയും ഉടമയായ ഗിരീഷിന്റെയും ആരാധകരായി എല്ലാവരും മാറി. കഴിഞ്ഞ ദിവസം തമിഴ് നാട്ടിൽ നിന്ന് വന്ന റോബിൻ ബസിന് വലിയ സ്വീകരണമാണ് പലയിടത്തും നിന്നും കിട്ടിയത്. ഇപ്പോഴിതാ റോബിൻ ബസിന് പിന്തുണ അറിയിച്ചുകൊണ്ട് പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് നടി സീമ ജി നായർ. സീമയ്ക്ക് ഇതിന് താഴെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകൾ വന്നു.
“അടിപൊളിയാണല്ലോ മാഷേ.. ഇരട്ട ചങ്കുമായി റോബിൻ മുന്നോട്ട്..”, എന്ന ക്യാപ്ഷനോടെയാണ് റോബിൻ ബസിന്റെ ഫോട്ടോ സീമ പോസ്റ്റ് ചെയ്തത്. ‘എന്താണു അടിപൊളി,, ടുറിസ്റ്റു ബസുകൾ റോഡിൽ ആളെ കയറ്റാൻ തുടങ്ങിയാൽ പ്രെവറ്റു ബസ് തൊഴിലാളികളും, മുതലാളിമാരും, ട്രാൻസ്പോർട്ട് ബസ്സുജീവനകാരും, സർക്കാരും പ്രതിസന്ധിയിൽ ആവും.. കാര്യം അറിയാതെ സപ്പോർട്ട് ചെയ്യുന്നോ..’ എന്ന് പോസ്റ്റിന് താഴെ വിമർശിച്ച് കമന്റ് വന്നു. ഇതിന് സീമ മറുപടി കൊടുക്കുകയും ചെയ്തിട്ടുണ്ട്.