ആടുജീവിതം സിനിമയെ പ്രശംസിച്ച് നിരവധി പ്രമുഖരും സിനിമ താരങ്ങളുമാണ് രംഗത്ത് വന്നുകൊണ്ടിരിക്കുന്നത്. മലയാള സിനിമ ഇന്നേവരെ കണ്ടിട്ടില്ലാത്ത ഒരു ചിത്രമാണ് ആടുജീവിതമെന്ന് ആദ്യ ദിനം കഴിഞ്ഞപ്പോൾ തന്നെ പ്രേക്ഷകരുടെ അഭിപ്രായം വന്നിരുന്നു. ബ്ലെസിയുടെ പതിനാറ് വർഷത്തെ കഷ്ടപ്പാടിനെയും പ്രിത്വിരാജിന്റെ ആത്മസമർപ്പണത്തെയും പുകഴ്ത്തി കൊണ്ട് പ്രേക്ഷകർ സിനിമയുടെ വിധി എഴുതി കഴിഞ്ഞു.
ഇപ്പോഴിതാ സിനിമ കണ്ട ശേഷം നടി സീമ ജി നായർ കുറിച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്. ” ഇന്നലെ ഒരു പോസ്റ്റിടുമ്പോൾ ഇന്നലെ വരെ നജീബും രാജുവും ആടുജീവിതവും മനസിനെ നൊമ്പരപ്പെടുത്തുന്നുവെന്ന് ഞാൻ പറഞ്ഞു. പക്ഷേ ഇന്നലെയാണ് ഞാൻ ആടുജീവിതം കണ്ടത്. ഒരു നൊമ്പരത്തിൽ ഒതുങ്ങില്ല അതൊന്നും.. ഓരോരുത്തരും എന്താണ് ചെയ്തുവെച്ചിരിക്കുന്നത്. തീയറ്ററുകളിൽ മണ്ണ് നുള്ളിയിട്ടാൽ അത് വരെ കേൾക്കുന്ന നിശ്ശബ്ദത.
ഇടയ്ക്കിടെ ദീർഘ നിശ്വാസങ്ങൾ, അടുത്തിരുന്ന പലരും ഷാളുകൾകൊണ്ട് കണ്ണുനീർ തുടക്കുന്നു. ഒരു സിനിമ കണ്ടിട്ടല്ല. നമ്മുടെ ജീവിതത്തിലെ ഓരോ കാര്യങ്ങളും തീരുമാനിക്കേണ്ടത്. പക്ഷേ ഈ സിനിമ കണ്ടിറങ്ങുമ്പോൾ നമ്മൾ ഓരോ കാര്യത്തിനും പ്രത്യേക വില കൊടുക്കാൻ തീരുമാനിക്കും. വെള്ളത്തിനും ഭക്ഷണത്തിനും സ്നേഹത്തിനുമെല്ലാം റിയൽ നജീബിനെ ഒരിക്കൽ കാണണം. ഇതുപോലെ കഷ്ടത അനുഭവിക്കുന്ന പ്രവാസികൾക്ക് വേണ്ടി അദ്ദേഹം അനുഭവിച്ച കാര്യങ്ങൾക്ക് വേണ്ടി ആ പാദം തൊട്ടുവന്ദിക്കണം.
എന്തൊക്കെയോ എഴുതണമെന്നുണ്ട് വാക്കുകൾ മുറിഞ്ഞു പോകുന്നു. പ്രിയപ്പെട്ട രാജു കണ്ണുകൾ നിറയാതെ ഈ സിനിമ കണ്ടു തീർക്കാനാവില്ല. ബ്ലെസ്സി സാർ, മേക്കപ്പിൽ രഞ്ജിത് അമ്പാടി, കോസ്റ്റിയൂം സ്റ്റെഫി സേവ്യർ, ക്യാമറ സുനി, ഇതിന്റെ പ്രൊഡ്യൂസറും കൂടിയായ ഖാദിരിയായി വന്ന ജിമ്മി ലൂയിസ് മറക്കില്ല നിങ്ങളുടെ മുഖം, കലാസംവിധാനം പ്രശാന്ത്, ഹക്കിമായി വന്ന ആൾ, മ്യൂസിക് എ.ആർ റഹ്മാൻ, എല്ലാവർക്കും കൂപ്പുകൈ മാത്രം.
രാജുവിന്റെ ഭാര്യ സുപ്രിയ ഈ പടം കണ്ടിറങ്ങിയപ്പോൾ മീഡിയ കാരോട് ഒന്നും മിണ്ടാതെ പോയി എന്ന് വായിച്ചു. പതിവുപോലെ താഴെ കുറെ കമന്റുകളും. പടവുമായി ഒരു ബന്ധവുമില്ലാത്ത നമ്മുടെയൊക്കെ മനസുകൾ നിശ്ചലമായെങ്കിൽ, ആ വിങ്ങൽ ഇപ്പോളും തീർന്നിട്ടില്ലെങ്കിൽ, സുപ്രിയയുടെ അവസ്ഥ ഊഹിക്കാവുന്നത് മാത്രമേയുള്ളൂ. ആ ഭർത്താവിന്റെ അടുത്തേക്ക് ഓടിയെത്താൻ അവരുടെ മനസ്സ് വെമ്പിയിട്ടുണ്ടാവണം.. നാം അനുഭവിക്കാത്ത കാര്യങ്ങൾ എല്ലാം നമ്മുക്ക് കെട്ടു കഥകൾ മാത്രം..”, സീമ ജി നായർ കുറിച്ചു.