‘ശ്യാമളയാകുന്നത് 19 വയസ്സിലാണ്! ഇനി സിനിമയിൽ സജീവമായി കാണും..’ – തിരിച്ചുവരാനുള്ള കാരണം പറഞ്ഞ് നടി സംഗീത

ചിന്താവിഷ്ടയായ ശ്യാമള എന്ന സിനിമയിലൂടെ മലയാളികളുടെ മനസ്സിലേക്ക് കയറിക്കൂടിയ ഒരു അഭിനയത്രിയാണ് നടി സംഗീത മാധവൻ. അതിന് മുമ്പ് സിനിമയിൽ ബാലതാരമായും അനിയത്തി റോളുകളിലും അഭിനയിച്ചിട്ടുള്ള സംഗീത അറിയപ്പെടുന്നത് ശ്യാമളയിലൂടെയാണ്. ഒരു ഇടവേളയ്ക്ക് ശേഷം സംഗീത ചാവേർ എന്ന സിനിമയിലൂടെ തിരിച്ചുവരികയാണ്. അതിന്റെ പ്രൊമോഷന്റെ ഭാഗമായി ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

ഇപ്പോഴും ചെറുപ്പമായി ഇരിക്കുന്നത് എന്തുകൊണ്ടാണെന്നു അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുകയും ചെയ്തു താരം. “അതിന് പ്രതേകിച്ച് പ്ലാൻ ഒന്നുമില്ല. ചിന്താവിഷ്ടയായ ശ്യാമള ചെയ്യുമ്പോൾ എനിക്ക് 19 വയസ്സ് മാത്രമായിരുന്നു പ്രായം. ശ്രീനിവാസൻ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരുടെ നായികയായി അഭിനയിച്ചതുകൊണ്ടാണ് ആളുകൾ എനിക്ക് ഒരുപാട് പ്രായമുള്ളതായി ചിന്തിക്കുന്നത്.

ഞാൻ ആ സമയത്ത് ചെയ്തിരുന്നത് എന്നെക്കാൾ പ്രായമായ കഥാപാത്രങ്ങളായിരുന്നു..”, സംഗീത പറഞ്ഞു. ചാവേർ സിനിമ തിരഞ്ഞെടുക്കാനുള്ള കാരണവും സംഗീത വ്യക്തമാക്കി. “ഒരുപാട് കോളുകൾ വരാറുണ്ടായിരുന്നു. അതിൽ ടിനുവിന്റെ സിനിമ തിരഞ്ഞെടുക്കാൻ ഒരു കാരണമുണ്ട്. ഈ ടിനുവിന്റെ മേക്കിങ് എനിക്ക് വളരെ ഇഷ്ടമാണ്. അപ്പോൾ അതുപോലെയൊരു സിനിമയിൽ അഭിനയിക്കണമെന്ന് തോന്നി.

ടിനുവിന്റെ അജഗജാന്തരം കണ്ടിട്ട് ഇഷ്ടമായിട്ടാണ് ഞാൻ ഈ സിനിമയിൽ അഭിനയിക്കണമെന്ന് തോന്നിയത്. ഞാൻ ഇതുവരെ ചെയ്തിട്ടില്ലാത്ത ഒരു കഥാപാത്രമാണ്. ഇനി മലയാളത്തിൽ സജീവമായി കാണാൻ സാധിക്കും..”, സംഗീത പറഞ്ഞു. 2014-ന് ശേഷം സംഗീത വീണ്ടും അഭിനയിക്കുന്ന സിനിമ കൂടിയാണ് ഇത്. കുഞ്ചാക്കോ ബോബൻ പ്രധാന വേഷത്തിൽ എത്തുന്ന ചാവേർ ഒക്ടോബർ അഞ്ചിനാണ് റിലീസ് ചെയ്യുന്നത്.