വിജയ് ബാബുവിന് ഒപ്പം ഫ്രൈഡേ ഫിലിംസ് പ്രൊഡക്ഷൻ എന്ന സിനിമ നിർമ്മാണ കമ്പനി ആരംഭിച്ച് മലയാളികൾക്ക് സുപരിചിതയായ താരമാണ് സാന്ദ്ര തോമസ്. പിന്നീട് സിനിമയിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട് സാന്ദ്ര. വിജയ് ബാബുവുമായി പിരിഞ്ഞ ശേഷം സാന്ദ്ര തോമസ് പ്രൊഡക്ഷൻസ് എന്ന കമ്പനിയും സാന്ദ്ര ആരംഭിച്ചിരുന്നു. സമൂഹ മാധ്യമങ്ങളിൽ സജീവമായ സാന്ദ്ര തോമസിന്റെ ഏറ്റവും പുതിയ പോസ്റ്റാണ് ചർച്ച വിഷയമായിരിക്കുന്നത്.
“ഈ നാടിനിത് എന്തു പറ്റി.. ഇന്ന് അടുത്ത ബന്ധുവിന്റെ മാമ്മോദീസ കൂടാൻ ഒരു പള്ളിയിൽ പോയി അവിടെ അഞ്ചോ ആറോ കുട്ടികളുടെ മാമ്മോദീസ ഒരുമിച്ചായിരുന്നു. അവരോടും അവിടെ കൂടിയ ജനങ്ങളോടും ആയി ചില വിചിത്രമായ നിർദ്ദേശങ്ങളുമായി പള്ളിയിൽ അച്ഛൻ മൈക്കിലൂടെ വിളിച്ചു പറഞ്ഞു. ഒന്ന്, കുഞ്ഞിനെ ഇനി മൂന്ന് ദിവസത്തേക്ക് അന്യ മതസ്ഥർക്ക് കൊടുക്കാൻ പാടില്ല.
രണ്ട്, ഇനി 3 ദിവസത്തേക്ക് കുളിപ്പിക്കാൻ പാടില്ല. മൂന്ന്, അഥവാ കുളിപ്പിക്കണമെങ്കിൽ ഒരു പാത്രത്തിൽ ഇരുത്തി തുടച്ചെടുക്കാം. ആ വെള്ളം ജീവിതകാലം സൂക്ഷിച്ചു വെക്കണം. നാല്, ഇനി 3 ദിവസം കഴിഞ്ഞു കുളിപ്പിക്കുന്ന വെള്ളം പുഴയിൽ ഒഴുക്കി വിടണം. വേറെ എവിടെയും വെള്ളം അശ്രദ്ധമായി ഒഴുക്കൻ പാടില്ല. അഞ്ച്, ജീവിതകാലം മുഴുവൻ സഭയിൽ വിശ്വസിച്ചു സഭ പറയുന്നത് അനുസരിച്ചു ജീവിക്കുന്ന ഒരു വ്യക്തിയായി കൊള്ളണം.
സ്തോത്രം ഹല്ലേലുയ്യ! സഭയും മതവും നീണാൾ വാഴട്ടെ..”, ഇതായിരുന്നു സാന്ദ്ര തോമസ് പങ്കുവച്ചിട്ടുണ്ടായിരുന്നത്. പോസ്റ്റിന് താഴെ അത് ഏത് സഭ ആണെന്ന് വെളിപ്പെടുത്തണമെന്നും കേരളത്തിൽ ഇങ്ങനെ ഒന്നും ഇല്ലെന്നും ചിലർ കമന്റ് ഇട്ടിട്ടുണ്ട്. മറ്റു ചിലർ ഈ സംഭവത്തെ ന്യായീകരിച്ചും പ്രതികരണങ്ങൾ ഇട്ടിട്ടുണ്ട്. ഒരോ മതത്തിനും അവരുടെ ആചാരങ്ങളും വിശ്വാസങ്ങളുമുണ്ടെന്ന് പറഞ്ഞാണ് അവർ ന്യായീകരിച്ചത്.