‘ഇരവാദം ഉന്നയിക്കുന്നതിനിടക്ക് വല്ലപ്പോഴും ഒന്ന് കണ്ണാടിയിൽ നോക്കുന്നത് നന്നാവും..’ – ചിത്ര വിഷയത്തിൽ സൂരജിനെ വിമർശിച്ച് നിർമ്മാതാവ്

ഗായിക കെ.എസ് ചിത്രമായി ബന്ധപ്പെട്ട വിവാദത്തിൽ അനശ്വരയായ ഗായികയ്ക്ക് എതിരെ നിരവധി ആളുകൾ രംഗത്ത് വന്നെങ്കിലും സിനിമ മേഖലയിൽ നിന്ന് അധികം ആരും വിമർശിച്ചിരുന്നില്ല. എന്നാൽ ഗായകനായ സൂരജ് സന്തോഷ് ചിത്രയ്ക്ക് എതിരെ വിമർശനങ്ങൾ ഉന്നയിച്ചത് വലിയ ശ്രദ്ധനേടിയിരുന്നു. സൂരജിന് ഇതിന് എതിരെ വലിയ രീതിയിൽ സൈബർ ഇടങ്ങളിൽ വിമർശനങ്ങൾ ഉയരുകയും ചെയ്തിട്ടുണ്ടായിരുന്നു.

ഇപ്പോഴിതാ സൂരജിന് എതിരെ നിർമ്മാതാവായ സന്ദീപ് സേനൻ രംഗത്ത് വന്നിരിക്കുകയാണ്. “ലോകം അംഗീകരിക്കുന്ന ഗായികയെ അവരുടെ വിശ്വാസം തുറന്നു പറഞ്ഞതിൻ്റെ പേരിൽ അധിക്ഷേപിച്ച്, ആ ചെലവിൽ പാർട്ടി പരിപാടി ഉൽഘാടനം ചെയ്യലും, ഗായകരുടെ അസ്സോസിയേഷനിൽ നിന്ന് രാജിവെക്കലും, പിന്നെ സോഷ്യൽ മീഡിയയിൽ ഇരവാദം ഉന്നയിക്കലും. ചിത്ര എന്ന അനുഗ്രഹീത ഗായിക ചെയ്ത തെറ്റ് എന്താണെന്നാണ് സൂരജ് കരുതുന്നത്. അവർ ആരാധിക്കുന്ന ദൈവത്തെ പ്രകീർത്തിച്ചതോ?

രാമനാമം ജപിക്കണമെന്ന് പറഞ്ഞതോ? അനീതികളെന്ന് കരുതുന്ന വിശ്വാസ പാരമ്പര്യങ്ങൾ കേരളത്തിലെ ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിലും ഉണ്ടല്ലോ.. സൂരജ് എവിടെയെങ്കിലും അതിനെ കുറിച്ചു മിണ്ടിയതായി കേട്ടിട്ടില്ല. നിങ്ങൾക്ക് മൈലേജ് ഉണ്ടക്കാൻ ചിത്രയാണ് ഉചിതം.. ജോലിയിൽ നിന്ന് വിലക്കിയാലും അവസരങ്ങൾ ഇല്ലാതായാലും എന്നൊക്കെ സൂരജ് സന്തോഷിന് പറയാനെങ്കിലും പറ്റുന്നത് ഈ മതത്തെ വിമർശിച്ചത് കൊണ്ട് മാത്രമാണ്. കൈവെട്ട് കേസിലെ പ്രതി കഴിഞ്ഞ ഒരു ദശാബ്ദം സുഖിച്ചുവാണ നാടാണിത്.

ഈ വിമർശനം നേരെ തിരിച്ചാണെങ്കിൽ എന്തായിരിക്കും അവസ്ഥ ഒന്ന് ആലോചിച്ചു നോക്കൂ. ഇരവാദം മുഴക്കാൻ പോയിട്ട് സാധകം ചെയാൻ പോലും അവതില്ലാത്ത അവസ്ഥയിലേക്ക് എത്തിയേനെ.. ചിത്രയെ വിമർശിച്ച് മൈലേജ് ഉണ്ടാക്കിയ സ്വാർത്ഥമതിയായ ഗായകനെന്നാവും നാളെ ചരിത്രം നിങ്ങളെ അടയാളപ്പെടുത്തുക. ഇരവാദം ഉന്നയിക്കുന്നതിനിടക്ക് വല്ലപ്പോഴും ഒന്ന് കണ്ണാടിയിൽ നോക്കുന്നത് നന്നാവും പ്രതി ബിംബത്തിന് വേട്ടക്കാരന്റെ മുഖച്ഛായ ഉണ്ടാവും.. ചിത്ര ചേച്ചിക്ക് നിരുപാധികം പിന്തുണ..”, സന്ദീപ് കുറിച്ചു.