‘ഒരു സ്ത്രീയെ പ്രണയിച്ചതിന്റെ പേരിൽ എന്നെ വേട്ടയാടി, സത്യം പുറത്തുവരും..’ – ആരോപണങ്ങൾ ഉന്നയിച്ച് സനൽകുമാർ ശശിധരൻ

മഞ്ജു വാര്യരെ ശല്യം ചെയ്തതുമായി ബന്ധപ്പെട്ട് സംവിധായകൻ സനൽകുമാർ ശശിധരനെ രണ്ട് മാസം മുമ്പാണ് പൊലീസ് അറസ്റ്റ് ചെയ്തതും സനൽ അത് ഫേസ്ബുക്കിലൂടെ ലൈവ് വിട്ട് വലിയ വാർത്തയായതുമെല്ലാം മലയാളികൾ കണ്ടതാണ്. കോടതി സനലിനെ ജാമ്യത്തിൽ വിടുകയും ചെയ്തിരുന്നു. ആ സംഭവം ബന്ധപ്പെട്ട് യാതൊരു പ്രതികരണങ്ങളും അതിന് ശേഷം സനലിൽ നിന്നുണ്ടായിരുന്നില്ല. എങ്കിൽ ഇപ്പോഴിതാ സനൽ പൊലിസിനും സർക്കാരിനും എതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്ത് വന്നിരിക്കുകയാണ്.

“എന്നെ അറസ്റ്റ് ചെയ്ത രണ്ട് മാസത്തിന് ശേഷം എനിക്ക് എന്റെ ഗൂഗിൾ മറ്റു സോഷ്യൽ മീഡിയ അക്കൗണ്ടുകൾ തിരികെ ലഭിച്ചു. ഒരു സ്ത്രീയെ പ്രണയിച്ചതിന്, അവളെ ഉപദ്രവിച്ചുവെന്ന് ആരോപിച്ച് എന്നെ അറസ്റ്റ് ചെയ്തു. സത്യം എനിക്ക് വേണ്ടി വാദിക്കേണ്ട ഒന്നല്ല, അത് സ്വന്തമായി പുറത്തുവരും. അത് വരട്ടെ, അതുവരെ എന്റെ പ്രണയത്തിന്റെ മുറിവുകൾ വഹിക്കാൻ ഞാൻ തയാറാണ്. സംസ്ഥാനത്തെ ക്രമസമാധാന പ്രശ്നത്തിൽ എന്റെ ആശങ്ക ഉയർത്തിയതിന് അത് തള്ളിക്കളയാൻ വേണ്ടിയുള്ള പൊലീസിന്റെ ഗൂഢാലോചനയാണ് എന്റെ അറസ്റ്റ്.

അത് നിയമത്തിന്റെ എല്ലാ റൂളുകൾക്കും എതിരായിരുന്നു. എന്നെ ശവക്കുഴിയിൽ കുടുക്കാനോ ജീവൻ എടുക്കാനോ ഉള്ള ഒരു പദ്ധതിയായിരുന്നു. ഭാഗ്യവശാൽ എന്റെ ഫേസ്ബുക്ക് ലൈവ് അവരുടെ പ്ലാൻ തകർത്തു. എനിക്ക് അന്ന് തന്നെ ജാമ്യം ലഭിച്ചു. എന്നെ കോടതിയിൽ ഹാജരാക്കാൻ ആവശ്യപ്പെട്ടപ്പോൾ ഒരു പൊലീസ് ഓഫീസർ സർവീസ് റിവോളവർ കാണിച്ച് എന്നെ ഭീക്ഷണിപ്പെടുത്തി. മരിക്കാൻ എനിക്ക് പേടിയില്ലായിരുന്നു. ഞാൻ ഉറച്ചു നിന്നു. അവർക്ക് കോടതിയിൽ ഹാജരാകേണ്ടി വന്നു. എനിക്ക് ജാമ്യവും ലഭിച്ചു.

എന്റെ ഫോൺ കസ്റ്റഡിയിൽ വെക്കുകയും ഗൂഗിൾ, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഹാക്ക് ചെയ്ത സെറ്റിംഗ്സ് മാറ്റി. എന്റെ ഫോൺ ഇപ്പോഴും അവരുടെ കൈയിലാണ്. എന്റെ ആശങ്കകൾ ഉന്നയിച്ചപ്പോൾ എന്നെയൊരു മനോരോഗിയായി പല സുഹൃത്തുക്കളും വിലയിരുത്തി. കേരളത്തിലെ ഒരു മാഫിയ, പൊലീസിലും ഭരണത്തിലും ജുഡീഷ്യറിയിലും നുഴഞ്ഞ് കയറിട്ടുണ്ടെന്ന് മുന്നറിയിപ്പ് ഞാൻ നേരത്തെ തന്നെ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിട്ടുണ്ട്. എന്റെ ആശങ്കകൾക്ക് ബലമേകുന്ന ഒരുപാട് കാര്യങ്ങൾ ഈ രണ്ട് മാസത്തിനിടെ സംഭവിച്ചു.

സർക്കാരിനെതിരെ ആരു സംസാരിച്ചാലും പ്രശ്നമാണെന്ന് ജനങ്ങൾക്ക് അറിയാം. ശബ്ദമുയർത്തുന്നവരുടെ പേരിൽ കള്ളക്കേസുകൾ ചുമത്തി. സർക്കാരിന്റെ കളിപ്പാവയാണ് പൊലീസ്. എഴുത്തുകാരും ബുദ്ധിജീവികളും സാംസ്കാരിക പ്രവർത്തകരും മൗനം പാലിക്കുകയാണ്. എനിക്കിപ്പോൾ അവരെ നന്നായി മനസ്സിലാക്കാൻ കഴിയും..’, സനൽ തന്റെ ഫേസ്‍ബുക്ക് അക്കൗണ്ടിലൂടെ പ്രതികരിച്ചു. സനലിന്റെ ആരോപണങ്ങൾ ഏത് വിധത്തിലാണ് ഇനി ഉണ്ടാവുക എന്ന് കാത്തിരിക്കുകയാണ്.