‘വീട്ടിൽ അടങ്ങി ഇരിക്കാനാണ് പലരും ആ സമയത്ത് പറഞ്ഞത്, പക്ഷേ ഞാൻ അത് ചെയ്തു..’ – സാമന്ത പറയുന്നു

മലയാളികൾക്ക് ഉൾപ്പടെ ഏറെ ഇഷ്ടമുള്ള ഒരു തെന്നിന്ത്യൻ നടിയാണ് നടി സാമന്ത. വിവാഹ മോചിതയായ ശേഷം താൻ അനുഭവിച്ച കാര്യങ്ങളെ കുറിച്ച് ഇപ്പോൾ താരം മനസ്സ് തുറന്നിരിക്കുകയാണ്. പുതിയ ചിത്രമായ ശാകുന്തളത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നൽകിയ ഒരു അഭിമുഖത്തിലാണ് സാമന്ത പറഞ്ഞത്. പുഷ്പയിലെ ഡാൻസ് നമ്പർ ചെയ്യണ്ടെന്ന് പലരും തന്നോട് പറഞ്ഞെന്ന് താരം വെളിപ്പെടുത്തി.

“വേർപിരിയലിന്റെ മധ്യത്തിലായിരുന്നു എനിക്ക് പുഷ്പയിലെ ‘ഊ ആണ്ടവ മാമ’ എന്ന പാട്ടിന്റെ ഓഫർ വന്നത്. പ്രഖ്യാപനം വന്നതിന് ശേഷം ഓരോ അഭ്യുദയകാംക്ഷികളും കുടുംബാംഗങ്ങളും എന്നോട് വീട്ടിൽ ഇരിക്കാൻ ആവശ്യപ്പെട്ടു. നീ ഇപ്പോൾ വേർപിരിയലിന്റെ കാര്യം പ്രഖ്യാപ്പിച്ചതേയുള്ളൂ വീട്ടിൽ അടങ്ങി ഇരിക്കൂ എന്നായിരുന്നു വീട്ടുകാർ ഉൾപ്പടെ പറഞ്ഞത്. എന്നെ എപ്പോഴും പ്രോത്സാഹിപ്പിച്ചിരുന്ന സുഹൃത്തുക്കൾ പോലും എന്നോട് പറഞ്ഞു.

നീ ഒരു ഐറ്റം സോങ്ങ് ഇപ്പോൾ ചെയ്യരുതെന്ന്.. പക്ഷേ ഞാൻ അത് ചെയ്യുമെന്ന് തീരുമാനം എടുത്തു. ഞാൻ ചിന്തിച്ചു. ഞാൻ എന്തിന് അത് ചെയ്യാതിരിക്കണം.. ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല. ഒരു കുറ്റം ചെയ്തായാളെ പോലെ ട്രോളുകളും അധിക്ഷേപവും വെറുപ്പും കേട്ട് പതിയെ തിരികെ വരാൻ ഇരിക്കുകയല്ല ഞാൻ. ഞാൻ എന്റെ വിവാഹത്തിന് 100 ശതമാനവും നൽകി, അത് വിജയിച്ചില്ല. ഞാൻ ചെയ്യാത്ത ഒരു കാര്യത്തിന് കുറ്റബോധം തോന്നാനും അടിഏറ്റുവാങ്ങാനും പോകുന്നില്ല.

എനിക്ക് പാട്ടിന്റെ വരികൾ ഇഷ്ടപ്പെട്ടു, എനിക്ക് അത് ഇട്ട സ്ഥലവും ഇഷ്ടപ്പെട്ടു. ഞാൻ ഒരു ഐറ്റം സോംഗ് ചെയ്തിട്ടില്ല, വ്യത്യസ്ത കഥാപാത്രങ്ങളെ അടുത്തറിയാൻ ഞാൻ ഇഷ്ടപ്പെടുന്നു. ഒരു ഐറ്റം നമ്പറായിട്ടല്ല മറ്റൊരു കഥാപാത്രമായാണ് ഞാൻ പാട്ടിനെ നോക്കിയത്. പുതിയ ഒരു കാര്യം പരീക്ഷിക്കണമെന്ന് എനിക്ക് തോന്നി. അത് ചെയ്തു.. അത്ര തന്നെ..”, സാമന്ത പ്രതികരിച്ചു. സോഷ്യൽ മീഡിയയിൽ പിന്നീട് ആ ഗാനം തരംഗമായി മാറിയതും പ്രേക്ഷകർക്ക് അറിയാവുന്ന കാര്യമാണ്.