‘ഷംസീർ മാപ്പുപറയാൻ ആഗഹിച്ചാൽ പോലും ഞങ്ങൾ സമ്മതിക്കില്ല..’ – പിന്തുണച്ച് നടി സജിത മഠത്തിൽ

ശാസ്ത്രവും വിശ്വാസവും ബന്ധപ്പെട്ട് സംസാരിച്ച് വിവാദത്തിൽപ്പെട്ട സ്പീക്കർ എഎൻ ഷംസീറിന് പിന്തുണ അറിയിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് നടി സജിത മഠത്തിൽ. ഫേസ്ബുക്കിലൂടെ പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ വാർത്ത പങ്കുവച്ചുകൊണ്ടാണ് സജിത തനിക്ക് പറയാനുള്ളത് കുറിച്ചത്. “അതെ.. അതെ! മതവിശ്വാസത്തെ ശാസ്ത്രവുമായി കൂട്ടിക്കുഴയ്ക്കരുത്.. എന്റെ അഭിപ്രായവും അത് തന്നെയാണ്. ശാസ്ത്ര ബോധത്തിൽ അധിഷ്ഠിതമായ ഒരു വിദ്യാഭ്യാസ സമ്പ്രദായമാണ് ഇവിടെയുള്ളത്.

പക്ഷേ ഈ കണക്കിന് പോയാൽ സയൻസ് പാഠങ്ങളിൽ മിത്തും പുരാണവും ശാസ്ത്രവും ആയി പഠിക്കാൻ അധിക കാലമൊന്നും വേണ്ടി വരില്ല. പണി തുടങ്ങി കഴിഞ്ഞല്ലോ! കവി ഭാവനയിലെ ‘പുഷ്പകവിമാനം’ എനിക്ക് ശാസ്ത്രീയമായി തെളിയിക്കപ്പെട്ട സത്യം അല്ല. അത് സയൻസ് കോൺഗ്രസിൽ എത്ര വലിയ പദവിയിൽ ഇരിക്കുന്ന ആളുവന്നു പറഞ്ഞാലും അത് സത്യമാവില്ല. ഇത് ഒന്നും തെളിയിക്കാൻ വിശ്വാസവുമല്ല കൂട്ട്.

അതിന് ശാസ്ത്ര ഗവേഷണത്തിന്റെ ടൂളുകൾ തന്നെ വേണം. ശാസ്ത്രസത്യം പറയുന്നത് വിശ്വാസത്തെ ഹനിക്കൽ ആണെങ്കിൽ തിരിച്ചുപറയുന്നത് ഞാൻ ഇത്രയും കാലം പഠിച്ചുവളർന്ന ശാസ്ത്രബോധത്തെ കളങ്കപ്പെടുത്തുന്നതും ആണ്. അതുകൊണ്ട് ശാസ്ത്രബോധത്തെ ഹനിച്ചവർ ആദ്യം വന്നു മാപ്പ് പറയൂ. അതുവരെ ബഹുമാനപ്പെട്ട സ്പീക്കർ മാപ്പു പറയാൻ അദ്ദേഹം ആഗ്രഹിച്ചാൽ ഞങ്ങൾ സമ്മതിക്കില്ല. അത് ശാസ്ത്രബോധത്തിൽ ലോകം നോക്കികണ്ടവരെ തള്ളി പറയലാവും.

എന്താ ശാസ്ത്രബോധത്തോടെ വളർന്നുവരുന്നവരുടെ വികാരങ്ങൾ മുറിവ് ഏൽക്കില്ലേ? ശാസ്ത്രം സത്യത്തിൽ ഊന്നി ഒരു അഭിപ്രായം പറയുന്നത് വിശ്വാസിയുടെ വ്യക്തി സ്വതന്ത്രത്തിലുള്ള ഇടപെടൽ ആകുന്നത് എങ്ങനെ? ഈ വിഷയത്തിൽ പ്രതിപക്ഷം കൂടുതൽ അവധാനതയോടെ പ്രതികരിക്കേണ്ടത് ഉണ്ട്. ഇത് അപകടകരമായ ഇടപെടലാണ്. ശാസ്ത്ര ബോധത്തിനൊപ്പം തന്നെയാണ്.. എഎൻ ഷംസീറിന് അഭിവാദ്യങ്ങൾ..’, സജിത മഠത്തിൽ കുറിച്ചു.