‘ഒരു സർക്കാർ സ്ഥാപനത്തിൽ നിന്ന് ഞാനിത് പ്രതീക്ഷിച്ചില്ല..’ – അനുഭവം പങ്കുവച്ച് നടി സജിത മഠത്തിൽ

ഈ വർഷത്തെ ഓണത്തിന് അങ്ങനെ അവസാനമായിരിക്കുകയാണ്. കോവിഡ് കാലത്തിന് ശേഷം ഏറ്റവും ആഘോഷപൂർവം കൊണ്ടാടിയ ഓണം ഈ വർഷത്തെ ആയിരുന്നുവെന്ന് പറയേണ്ടി വരും. സിനിമ രംഗത്തുള്ള പല പ്രമുഖരും ഈ തവണ ഓണാശംസകൾ നേർന്ന് പോസ്റ്റുകൾ ഇട്ടതൊക്കെ സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധനേടിയിരുന്നു. ഓണത്തിന് തനിക്കുണ്ടായ ഒരു അനുഭവം പങ്കുവച്ചിരിക്കുകയാണ് നടി സജിത മഠത്തിൽ.

“സാധാരണ ഓണത്തിന് വീട്ടിലെ സദ്യ ആണ് എനിക്കിഷ്ടം. പലതരം കറികളുണ്ടാക്കി ഒന്നിച്ചിരുന്ന് കഴിക്കുന്നതാണ് സന്തോഷം, അതാണ് എനിക്ക് ആഘോഷം. ഈ തവണ വിധു വിൻസെന്റ് നൽകിയ ഓണം ഓഫറിൽ ‘സജി വന്നാൽ മതി സദ്യ ഞാൻ ഒരുക്കും’ എന്നതായിരുന്നു തലവാചകം. അല്പം പേടിയോടെ ആണ് തലവെച്ച് കൊടുത്തത്. പക്ഷേ ഉള്ളത് പറയാമല്ലോ അവൾ സദ്യ വാങ്ങിക്കാൻ തീരുമാനിച്ചത് എന്റെ ഭാഗ്യം.

അവൾ ഏർപ്പാടാക്കിയ കെടിഡിസിയുടെ സ്പെഷ്യൽ സദ്യ പ്രതീക്ഷയെക്കാൾ വളരെ മുകളിൽ ആയിരുന്നു. ഗംഭീര സദ്യ! പാക്കിങ് എടുത്തു പറയേണ്ടതാണ്. പ്ലാസ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കാത്തതിന് പ്രതേക നന്ദി. വീട്ടിലെ സദ്യ എന്ന എന്റെ പഴഞ്ചൻ സങ്കല്പത്തെ അവർ തകർത്ത് എറിഞ്ഞു. ഒരു ബോക്സ് കൊണ്ട് രണ്ട് പേർക്ക് ഗംഭീരമായി കഴിക്കാം. ഇത് സ്ഥിരമായി ഒരുക്കുന്ന സദ്യ ആണോ എന്ന് എനിക്കറിയില്ല. എന്നാലും ഒരു സർക്കാർ സ്ഥാപനത്തിൽ നിന്ന് ഞാനിത് പ്രതീക്ഷിച്ചിരുന്നില്ല.

കൊച്ചിയിൽ ഇത് കിട്ടാൻ മാർഗ്ഗമുണ്ടോ? ഏതായാലും വലിയ സംരംഭമായി മാറട്ടെ! എന്റെ പഴയ അയൽ ഫ്ലാറ്റിയുടെ മടി കൊണ്ട് ചിലപ്പോൾ ചില ഗുണങ്ങൾ ഉണ്ടെന്ന് മനസ്സിലായില്ലേ! വില പലരും ചോദിച്ചതിനാൽ അന്വേഷിച്ചു. ഒരു ചെറിയ കുടുംബത്തിനുള്ള പാക്കറ്റിന് 1499-നും ചെറിയ പാക്കറ്റിന് 899-നും ആണെന്ന് അറിയുന്നു..”, സജിത മഠത്തിൽ കെടിഡിസിയുടെ ഓണ സദ്യ കഴിച്ചതിന് ശേഷമുള്ള പ്രതികരണം സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.