നിവിൻ പൊളിയുടെ നായികയായി ജേക്കബിന്റെ സ്വർഗ്ഗരാജ്യം എന്ന വിനീത് ശ്രീനിവാസൻ സിനിമയിൽ അഭിനയിച്ചുകൊണ്ട് മലയാള സിനിമാമേഖലയിലേക്ക് എത്തിയ താരമാണ് നടി റെബ മോണിക്ക ജോൺ. ആദ്യ സിനിമയ്ക്ക് ശേഷം നീരജിന് ഒപ്പം പൈപ്പിൻ ചുവട്ടിലെ പ്രണയം എന്ന സിനിമയിൽ നായികയായി അഭിനയിച്ചു. പിന്നീട് തമിഴിലേക്ക് അവിടെ ജയ്യുടെ നായികയായി അരങ്ങേറ്റം കുറിക്കുകയും ചെയ്തു.
തമിഴിൽ തന്നെ വിജയ് ചിത്രമായ ബിഗിലിൽ ചെയ്ത വേഷമാണ് റെബയ്ക്ക് ആരാധകരെ നേടി കൊടുത്തത്. അതിലെ അനിത എന്ന കഥാപാത്രത്തെ മികച്ച രീതിയിൽ അവതരിപ്പിച്ച് റെബ കൈയടികൾ നേടി. മലയാളത്തിൽ പിന്നീട് അഭിനയിക്കുന്നത് ടോവിനോ ചിത്രമായ ഫോറൻസികിലാണ്. വിശാൽ നായകനായ എഫ്.ഐ.ആറിൽ റെബ നായികയായി അഭിനയിച്ചുകൊണ്ട് വീണ്ടും തമിഴിൽ ശ്രദ്ധനേടി.
ആ വർഷം തന്നെയായിരുന്നു റെബയുടെ വിവാഹം. വിവാഹ ശേഷം റെബ അഭിനയ ജീവിതത്തിൽ നിന്ന് ബ്രേക്ക് എടുക്കുമെന്ന് പലരും പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. വിവാഹ ശേഷം തെലുങ്കിലും നായികയായി അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. ‘സമാജവരാഗമന’യാണ് തെലുങ്കിലെ അരങ്ങേറ്റ ചിത്രം. ഇൻസ്റ്റാഗ്രാമിൽ വളരെ സജീവമായി നിൽക്കുന്ന റെബ യാത്രകൾ ചെയ്യാൻ ഇഷ്ടപ്പെടുന്ന ഒരാളാണ്.
ഇപ്പോഴിതാ തന്റെ കൂട്ടുകാരികൾക്ക് ഒപ്പം തായ്ലൻഡിലെ ഫി ഫി ദ്വീപിൽ നിന്നുള്ള ചിത്രങ്ങൾ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. “ഈ ദ്വീപിന്റെ സൗന്ദര്യത്തോട് നീതി പുലർത്താൻ ഒരു ചിത്രത്തിനും കഴിയില്ല. ജീവിതകാലം മുഴുവനും ഓർക്കാനുള്ള നീ ഞങ്ങൾക്ക് ഓർമ്മകൾ നൽകി. എന്റെ ഏറ്റവും പ്രിയപ്പെട്ട പെൺകുട്ടികളുമായി ഈ മാന്ത്രികത അനുഭവിച്ചറിയാൻ, ഇതിലും മികച്ചതൊന്നും ചോദിക്കാൻ കഴിഞ്ഞില്ല..”, ചിത്രങ്ങൾക്ക് ഒപ്പം റെബ കുറിച്ചു.