‘നല്ല പ്രണയ ഗാനങ്ങൾ ബോളിവുഡിൽ, സൗത്ത് ഇന്ത്യയിൽ ഐറ്റം നമ്പർ മാത്രം..’ – വിവാദമായി രശ്മികയുടെ പരാമർശം

ഒന്നിന് പിറകെ ഒന്നായി വിവാദങ്ങളിൽ നിറഞ്ഞ് നിൽക്കുകയാണ് നടി രശ്മിക മന്ദാന. രശ്മിക വന്ന വഴി മറന്നെന്ന് ആരോപിച്ച് കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് കർണാടക സിനിമ പ്രേമികൾ താരത്തിന് എതിരെ രംഗത്ത് വന്നത്. രശ്മിക ആദ്യം അഭിനയിച്ചത്, കന്നഡ ചിത്രമായ കിറിക് പാർട്ടിയിലാണ്. പക്ഷേ ഒരു അഭിമുഖത്തിൽ രശ്മിക പറഞ്ഞ കാര്യങ്ങളാണ് വിവാദങ്ങൾക്ക് തിരി കൊളുത്തിയത്.

നിർമ്മതാക്കളുടെ പേര് പറയാതെ ഒരു പ്രതേക തരം ആംഗ്യം കാണിച്ചാണ് അഭിമുഖത്തിൽ രശ്മിക സംസാരിച്ചത്. കാന്താരയുടെ സംവിധായകനും നായകനായ ഋഷഭ് ഷെട്ടിയായിരുന്നു രശ്മികയെ സിനിമയിലേക്ക് കൊണ്ടുവന്നത്. രശ്മികയുടെ അഭിമുഖം വിവാദമായതോടെ ഋഷഭും താരത്തിന് എതിരെ കളിയാക്കി പ്രതികരിച്ചിരുന്നു. രശ്മിക കാണിച്ച ആംഗ്യം കാണിച്ചായിരുന്നു ഋഷഭ് മറുപടി കൊടുത്തത്.

ആ വിവാദങ്ങൾ കെട്ടടങ്ങിയതിന് പിന്നാലെ ഇപ്പോഴിതാ വീണ്ടും രശ്മിക ഒരു പരാമർശം നടത്തിയിരിക്കുകയാണ്. തന്റെ പുതിയ ബോളിവുഡ് ചിത്രത്തിന്റെ പ്രൊമോഷൻ വേദിയിലായിരുന്നു രശ്മികയുടെ പരാമർശം. ചിത്രത്തിലെ പ്രണയ ഗാനങ്ങളെ കുറിച്ച് സംസാരിക്കുമ്പോഴാണ് രശ്മികയുടെ നാവ് വീണ്ടും പണി കൊടുത്തത്. ഈ തവണ തെന്നിന്ത്യയെ ഒട്ടാകെയാണ് രശ്മിക പരിഹസിച്ചത്.

“എനിക്ക് തോന്നിയിട്ടുള്ള ബോളിവുഡ് റൊമാന്റിക് പാട്ടുകൾ ഒരു സംഭവമായിരുന്നു. ഞാൻ വളർന്ന് വന്ന പ്രായത്തിൽ, റൊമാന്റിക് പാട്ട് എന്ന് പറഞ്ഞാൽ ബോളിവുഡ് റൊമാന്റിക് പാട്ടുകളായിരുന്നു. ഞങ്ങളുടെ സൗത്ത് ഇന്ത്യയിൽ മാസ്സ് മസാല, ഐറ്റം നമ്പർ ഒക്കെയായിരുന്നു ഉണ്ടായിരുന്നത്. ഇതെന്റെ ആദ്യത്തെ റൊമാന്റിക് ഗാനമാണ്. ഞാൻ ഭയങ്കര ആവേശത്തിലാണ്..”, രശ്മിക പറഞ്ഞു. ബോളിവുഡിൽ അവസരം കിട്ടിയപ്പോൾ തെന്നിന്ത്യയെ തള്ളിപ്പറഞ്ഞത് ശരിയായില്ലെന്ന് ആളുകൾ പ്രതികരിച്ചു.