‘സഖാവ് ഭീമൻ രഘുവിന് ക്യാബിനറ്റ് റാങ്ക് നൽകി ‘നിൽക്കാൻ’ അനുവദിക്കുക..’ – രാഹുൽ മാങ്കൂട്ടത്തിൽ

സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ നിറഞ്ഞ് നിൽക്കുന്ന ഒരു പേരാണ് നടൻ ഭീമൻ രഘു. ഒന്ന്, രണ്ട് ആഴ്ചയായി ഭീമൻ രഘുവിനെ ചുറ്റിപ്പറ്റിയുള്ള വാർത്തകളും വിശേഷങ്ങളുമാണ് ട്രെൻഡിങ്ങിൽ ഇടംപിടിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിച്ചപ്പോൾ എഴുന്നേറ്റ് നിന്നത് മുതൽ തന്റെ പുതിയ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ചെങ്കൊടിയും കൊണ്ട് അഭിമുഖത്തിൽ എത്തിയത് വരെ വൈറലായി.

ഒരേ സമയത്ത് ട്രോളുകളും പ്രശംസകളും ഭീമൻ രഘുവിന് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ഭീമൻ രഘു പ്രധാന വേഷത്തിൽ അഭിനയിച്ച മാസ്റ്റർ ഹാക്കറെന്ന സിനിമ തിയേറ്ററുകളിൽ റിലീസ് ചെയ്തത്. തിയേറ്ററിലും ചുവപ്പ് ധരിച്ചാണ്‌ ഭീമൻ രഘു എത്തിയത്. അത് മാത്രം സിനിമയുടെ പ്രൊമോഷന്റെ സമയത്ത് കൈയിൽ ചെങ്കൊടി പിടിച്ച് ഇടതുപക്ഷത്തെ പ്രകീർത്തിച്ച് ഒരു കിടിലം ഗാനവും ആലപിച്ചു ഭീമൻ രഘു.

ഇപ്പോഴിതാ ഭീമൻ രഘുവിനെ സോഷ്യൽ മീഡിയയിലൂടെ ട്രോളിയിരിക്കുകയാണ് കോൺഗ്രസിന്റെ യുവനേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. “ഇയാളുടെ ചെയ്തികൾ കാണുമ്പോൾ എന്ത് അല്പത്തരവും അരോജകവും നിറഞ്ഞ സ്തുതി പാടൽ ആണെന്ന് ചിന്തിച്ചു ചിരിക്കുന്നില്ലേ? സത്യത്തിൽ ഇയാളാണ് ഭേദം, അയാൾ മുഖംമൂടി ധരിക്കാതെ സ്തുതി പാടുക തന്നെയല്ലേ? മറ്റ് പല സാംസ്‌കാരിക നായകരുടെയും പാട്ട് പുറത്ത് കേൾക്കുന്നില്ല എന്നേയുള്ളൂ.

ഉള്ളിൽ ആത്മാർത്ഥമായി സ്തുതി പാടുക തന്നെയാണ്. എന്തായാലും വർത്തമാന കാല സിപിഎമ്മിന് അനുയോജ്യനായ അതിന്റെ മുഖമായ സഖാവ് ഭീമൻ രഘുവിന് കാബിനറ്റ് റാങ്ക് നൽകി ‘നിൽക്കാൻ’ അനുവദിക്കുക..:”, രാഹുൽ മാങ്കൂട്ടത്തിൽ വീഡിയോ പങ്കുവച്ചുകൊണ്ട് കുറിച്ചു. രാഹുലിന്റെ പോസ്റ്റിന് താഴെ കൂടുതലും ഭീമൻ രഘുവിനെ പരിഹസിച്ചുള്ള കമന്റുകളാണ്. സീറ്റ് കിട്ടാൻ വേണ്ടിയാണോ എന്ന് പോലും ചിലർ ചോദിക്കുന്നുണ്ട്.