‘അടുത്ത യാത്ര എന്തുകൊണ്ട് ലക്ഷദ്വീപിലേക്ക് ആക്കിക്കൂടാ..’ – നരേന്ദ്ര മോദിയ്ക്ക് പിന്തുണയുമായി നടി രചന നാരായണൻകുട്ടി

പ്രധാനമന്ത്രി നരേന്ദ്രമോദി ലക്ഷദ്വീപിൽ പോയി അവിടെ നിന്നുള്ള ചിത്രങ്ങൾ പങ്കുവച്ചതിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളിൽ ആ സ്ഥലത്തെ പിന്തുണച്ചും അവിടുത്തെ ടൂറിസം വർദ്ധിപ്പിക്കുന്നതിനെ കുറിച്ചുമൊക്കെ നിരവധി പോസ്റ്റുകളാണ് വന്നത്. മാലിദ്വീപിലെ ചില മന്ത്രിമാർ മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിനെ എതിർത്തുകൊണ്ട് ട്വീറ്റുകൾ ഇട്ടതോടെ സംഭവം വേറെ ലെവലിലേക്ക് മാറുകയും ചെയ്തു.

ഉടനെ ലക്ഷദ്വീപിനെ പിന്തുണച്ച് ഇന്ത്യയിൽ നിന്ന് ഒരുപാട് ട്വീറ്റുകൾ വരികയും മാലിദ്വീപ് സന്ദർശനം ഒഴിവാക്കി ഇന്ത്യയിലെ വിനോദസഞ്ചാരസ്ഥലങ്ങളെ പിന്തുണച്ച് പ്രതേകിച്ച് ലക്ഷദ്വീപിനെ പിന്തുണച്ചുള്ള പോസ്റ്റുകൾ വരികയും ചെയ്തു. സിനിമ രംഗത്തും സ്പോർട്സ് രംഗത്തും പ്രവർത്തിക്കുന്നവരും ഒരുമിച്ച് ലക്ഷദ്വീപ് അനുകൂല പോസ്റ്റുകൾ ഇട്ടു. മാലിദ്വീപ് യാത്രകൾ പ്ലാൻ ചെയ്തവർ ഹോട്ടൽ, ഫ്ലൈറ്റ് ബുക്കിംഗ് ക്യാൻസൽ ചെയ്തു വാർത്തകൾ വരെ വന്നു.

സൽമാൻ ഖാൻ, അക്ഷയ് കുമാർ, ജോൺ എബ്രഹാം, ശ്രദ്ധ കപൂർ, ശില്പ ഷെട്ടി, അമിതാഭ് ബച്ചൻ, ജാൻവി കപൂർ അങ്ങനെ ബോളിവുഡ് താരങ്ങൾക്ക് പുറമേ സച്ചിനും സെവാഗും പോലെയുള്ള മുൻ ക്രിക്കറ്റ് താരങ്ങൾ വരെ ലക്ഷദ്വീപിനെ പ്രൊമോട്ട് ചെയ്തു പോസ്റ്റുകൾ ഇട്ടു. മലയാളത്തിൽ ഉണ്ണി മുകുന്ദൻ മാത്രമായിരുന്നു ലക്ഷദ്വീപിനെ പിന്തുണച്ചിട്ടുള്ള പോസ്റ്റ് ഇട്ടത് ആദ്യം. വേറെ സൂപ്പർതാരങ്ങൾ ഒന്നും പോസ്റ്റുകൾ ഇട്ടിരുന്നില്ല.

നടിയും നർത്തകിയുമായ രചന നാരായണൻകുട്ടി പക്ഷേ ഇതുമായി ബന്ധപ്പെട്ട് ഇട്ട പോസ്റ്റാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാവുന്നത്. “അടുത്ത യാത്ര എന്തുകൊണ്ട് ലക്ഷദ്വീപിലേക്ക് ആക്കിക്കൂടാ..”, എന്ന ക്യാപ്ഷനോടെ മോദി ലക്ഷദ്വീപിൽ എത്തിയപ്പോഴുള്ള ഫോട്ടോ പങ്കുവച്ചുകൊണ്ട് കുറിച്ചത്. നിമിഷനേരം കൊണ്ട് തന്നെ പോസ്റ്റ് വൈറലായി. കമന്റിൽ ചിലർ എന്തുകൊണ്ട് മണിപ്പൂർ ആയിക്കൂടാ എന്നും പ്രതികരിച്ചിട്ടുണ്ട്.