സംസ്ഥാന അവാർഡുകൾ ഉൾപ്പടെ നിരവധി പുരസ്കാരങ്ങൾ വാരിക്കൂട്ടിയ ‘ആവാസവ്യൂഹം’ എന്ന സിനിമയ്ക്ക് ശേഷം ക്രിഷാന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് പുരുഷ പ്രേതം. കോമഡി ത്രില്ലർ പശ്ചാത്തലത്തിൽ ഇറങ്ങുന്ന സിനിമ ഒടിടി റിലീസായിട്ടാണ് എത്തുന്നത്. ദർശന രാജേന്ദ്രൻ, പ്രശാന്ത് അലക്സാണ്ടർ, ജഗദീഷ് എന്നിവരാണ് സിനിമയിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്.
സംവിധായകനായ ജിയോ ബേബി അവതരിപ്പിക്കുന്ന സിനിമയുടെ ട്രെയിലർ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ്. കോമഡിക്കും ഹൊററിനും സസ്പെൻസിനും പ്രാധാന്യം നൽകുന്ന സിനിമയാണെന്ന് ട്രൈലറിൽ നിന്ന് ഏകദേശം വ്യക്തമായി കഴിഞ്ഞു. ദർശന രാജേന്ദ്രൻ എന്ന നായികയുടെ സമയമാണ് ഇനി അങ്ങോട്ട് മലയാള സിനിമയിലെന്ന് ചിത്രത്തിന്റെ ട്രെയിലർ സൂചിപ്പിക്കുന്നു.
ഹൃദയം, ജയജയ ജയജയ ഹേ എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം ദർശന പ്രധാന വേഷത്തിൽ സിനിമ കൂടിയാണ് ഇത്. പ്രശാന്ത് അലക്സാണ്ടറിന് ഇതുവരെ ലഭിച്ചതിൽ ഏറ്റവും വ്യത്യസ്തമായ ഒരു കഥാപാത്രമായിരിക്കും ഇതെന്ന് ട്രെയിലർ കണ്ടാൽ ഉറപ്പിക്കാം. അതുപോലെ ജഗദീഷിന്റേയും വ്യത്യസ്തമായ ഒരു പ്രകടനം തന്നെയാണ് ട്രെയിലറിൽ കാണാൻ സാധിക്കുന്നത്.
പോലീസ് പ്രൊസീഡുറൽ കാര്യങ്ങൾ ആക്ഷേപഹാസ്യ രൂപേണ അവതരിപ്പിച്ചിരിക്കുകയാണ് ഇതിൽ. മാൻകൈൻഡ് സിനിമാസ്, ഐൻസ്റ്റീൻ മീഡിയ, സിമെട്രി സിനിമ എന്നിവയുടെ ബാനറിൽ ജോമോൻ ജേക്കബ്, ഡിജോ അഗസ്റ്റിൻ, ഐൻസ്റ്റീൻ പോൾ, വിഷ്ണു രാജൻ, സജിൻ രാജ്, പ്രശാന്ത് അലക്സാണ്ടർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സോണി ലീവിൽ മാർച്ച് 24-നാണ് സിനിമ ഇറങ്ങുന്നത്.