‘ഫ്ലൈിങ് കിസ് മാഡം ജിയെ അസ്വസ്ഥയാക്കി, മണിപ്പൂർ സ്ത്രീകൾക്ക് സംഭവിച്ചത് പ്രശ്നമല്ല..’ – പ്രതികരിച്ച് പ്രകാശ് രാജ്

കോൺഗ്രസ് നേതാവും എം.പിയുമായ രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം ലോകസഭയിൽ മണിപ്പൂർ വിഷയത്തിൽ അടിയന്തര പ്രമേയം വേണമെന്ന് ആവശ്യപ്പെട്ട് സംസാരിച്ച ശേഷം സഭ വിട്ടുപോകുമ്പോൾ തനിക്ക് ഫ്ലൈിങ് കിസ് നൽകിയെന്ന ആരോപണം ഉന്നയിച്ച് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ സ്‌മൃതി ഇറാനി രംഗത്ത് വന്നിരുന്നു. ഇത് സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ ചർച്ചയായി കൊണ്ടിരിക്കുകയാണ്.

രാഹുലിനെ ശേഷം സ്‌മൃതി ഇറാനി സംസാരിച്ചപ്പോഴാണ് ഈ വിഷയം ഉന്നയിച്ചത്. രാഹുൽ ഗാന്ധിക്ക് എതിരെ ബിജെപിയിലെ വനിതാ എംപിമാർ സ്‌പീക്കർക്ക് പരാതി നൽകുകയും ചെയ്തിരുന്നു. സഭയുടെ അന്തസ്സിന് നിരക്കാത്ത രീതിയിലുള്ള പെരുമാറ്റമാണ് രാഹുലിൽ നിന്നുണ്ടായത് എന്ന് ഇവർ ഉന്നയിച്ചു. സ്ത്രീ വിരുദ്ധനായ ഒരാൾക്ക് മാത്രമേ ഫ്ലൈിങ് കിസ് നല്കാൻ കഴിയുകയുള്ളുവെന്ന് സ്‌മൃതി പറഞ്ഞു.

സ്‌മൃതിയുടെ ഈ വിഷയത്തെ പരിഹസിച്ചുകൊണ്ട് ഇപ്പോഴിതാ തെന്നിന്ത്യൻ നടൻ പ്രകാശ് രാജ് സ്‌മൃതിയെ വിമർശിച്ചുകൊണ്ട് രംഗത്തുവന്നിരിക്കുകയാണ്. ഇതിലും വലിയ സംഭവം മണിപ്പൂരിൽ നടന്നിട്ട് മിണ്ടാത്ത ആളാണ് സ്‌മൃതി എന്ന രീതിയിലാണ് പ്രകാശ് രാജിന്റെ പ്രതികരണം വന്നത്. ട്വിറ്ററിൽ സ്‌മൃതിയുടെ ആരോപണം ഉന്നയിക്കുന്ന വാർത്തയുടെ വീഡിയോ പങ്കുവച്ചുകൊണ്ടാണ് പ്രകാശ് പ്രതികരിച്ചത്.

“മുൻഗണനകൾ.. ഫ്ലൈിങ് കിസ് മാഡം ജിയെ അസ്വസ്ഥയാക്കി, പക്ഷേ നമ്മുടെ മണിപ്പൂരിലെ സ്ത്രീകൾക്ക് സംഭവിച്ചത് അവരെ അസ്വസ്ഥയാക്കിയില്ല..”, പ്രകാശ് രാജ് ട്വീറ്റ് ചെയ്തു. പ്രകാശ് രാജിന്റെ ട്വീറ്റ് കോൺഗ്രസ് പ്രവർത്തകർ ഏറ്റെടുത്തിരിക്കുകയാണ്. അവിശ്വാസ പ്രമേയത്തിന്റെ ചർച്ച നടത്താതിരിക്കാൻ വേണ്ടി ബിജെപി അനാവശ്യമായ വിവാദങ്ങൾ ഉണ്ടാക്കുകയാണെന്നാണ് കോൺഗ്രസിന്റെ മറുപടി.